- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂവലറിയിൽ നിന്നും ഏഴര കോടി തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാരിയെ ചോദ്യം ചെയ്തു; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപിക്കുമെന്ന് പൊലീസ്; തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയോയെന്ന കാര്യത്തിലും അന്വേഷണം; ചിറക്കൽ സ്വദേശിനി കെ.സിന്ധു ചെറിയ മീനല്ല
കണ്ണൂർ: കണ്ണൂരിലെ കൃഷ്ണാ ജൂവലറിയിൽ നിന്നും ഏഴര കോടി തട്ടിയെടുത്ത കേസിലെ പ്രതി ചിറക്കലിലെ കെ.സിന്ധുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടർച്ചയായി മൂന്ന് ദിവസമാണ് സ്ഥാപനത്തിലെ മുൻ ചീഫ് അക്കൗണ്ടന്റായ സിന്ധുവിനെ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ പി എബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. കേസിലെ വിശദമായ അന്വേഷണ റിപ്പോർട്ട് ഡിസംബർ 19 ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് പൊലിസ് അറിയിച്ചു. ഇതിന് ശേഷമാണ് അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർ നടപടിയുണ്ടാവുകയെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതൽ ബുധനാഴ്‌ച്ചവരായാണ് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ഇവരെ ചോദ്യം ചെയ്തത്. ഹൈക്കോടതിയിൽ സിന്ധു നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കവെയാണ് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ ഇവരെ അറസ്റ്റു ചെയ്യരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സിന്ധുവിന് വിദേശ രാജ്യങ്ങളിലെ ചിലരുമായി സാമ്പത്തിക ബന്ധമുണ്ടോയെന്ന കാര്യത്തിൽ പൊലിസിന് സംശയമുണ്ട്.
കേസിലെ പ്രതിയായതിനെ തുടർന്ന് അബുദാബിയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. നേപ്പാൾവഴിയാണ് പൊലിസിന്റെ കണ്ണുവെട്ടിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഏകദേശം 24 കോടിയുടെ വെട്ടിപ്പാണ് ഇവർ നടത്തിയതെന്നു ആരോപണമുയർന്നിരുന്നുവെങ്കിലും ഏഴര കോടിയുടത് മാത്രമാണ് ഇതു വരെ പൊലിസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് 2014 മുതൽ കഴിഞ്ഞ മെയ് മാസം വരെ ഇവർ ജൂവലറിയിൽ നടത്തിയ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ താൻ കൃഷ്ണാ ജൂവലറിയിലെ പണം തട്ടിയെടുത്തിട്ടില്ലെന്നു സിന്ധു ചോദ്യം ചെയ്യലിൽ ആവർത്തിച്ചതായാണ് വിവരം.
കൃഷ്ണാ ജൂവലറിയിൽ ചീഫ് അക്കൗണ്ടന്റായ കെ.സിന്ധു വിവിധഘട്ടങ്ങളിലായി ഏഴര കോടി രൂപ തട്ടിയെടുത്തുവെന്നാണ് മാനേജിങ് ഡയറക്ടർ സി.വി രവീന്ദ്രനാഥ് കണ്ണൂർ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിൽ ഇവർ കണ്ണൂരിൽ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഇവർ അബുദാബിയിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നാണ് ആദ്യം തലശേരി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ജാമ്യ ഹരജി അവിടെ നിന്നും തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ താൻ വിദേശത്തു പോയിട്ടില്ലെന്നും പൊലീസ് അറസ്റ്റിനെ ഭയന്ന് നാട്ടിൽ നിന്നും മാറി നിന്നതാണെന്നുമാണ് സിന്ധു പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇവർ അബുദാബിയില ബന്ധുവിനോടൊപ്പമായിരുന്നുവെന്നും നേപ്പാൾ വഴിയാണ് തിരിച്ചു വന്നതെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. പിടിക്കപ്പെടാതിരിക്കാനാണ് നേപ്പാൾവഴി നാട്ടിലേക്ക് മടങ്ങിയതെന്നാണ് പൊലിസിന്റെ നിഗമനം. കൃഷ്ണ ജൂവലറിയിൽ നിന്നും ജി.എസ്.ടി അടക്കാനുള്ള സംഖ്യയിൽ നിന്നു മാത്രം ഇവർ മൂന്നു കോടി രൂപ തട്ടിയെടുത്തതായി ഓഡിറ്റ് നടത്തിയ കണ്ണുരിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനം നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു.
ഇതിനു ശേഷം സ്വന്തം പേരിൽ മൂന്ന് കിലോ സ്വർണവും വാങ്ങി. ഇതിനുള്ള ബിൽ തുകയും അടച്ചിരുന്നില്ല. ഇവരുടെ ഭർത്താവ് ബാബു, അമ്മ എന്നിവരുട അക്കൗണ്ടിലേക്ക് ജൂവലറി അക്കൗണ്ടിൽ നിന്നും പണം അനധികൃതമായി മാറ്റിയതായും കണ്ടെത്തിയിരുന്നു ഇതിനെ തുടർന്നാണ് മാനേജിങ്ങ് ഡയറക്ടർ . സി.വി രവീന്ദ്രനാഥ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്ക് സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടോയെന്ന കാര്യം ഇതുവരെ തെളിഞ്ഞിട്ടില്ല.
കണ്ണൂരിലെ പ്രമുഖ റിയൽ എസ്‌റേറ്റ് ബിസിനസുകാരനാണ് ഇവരുടെ ഭർത്താവ്. ജൂവലറിയിൽ നിന്നും തട്ടിയെടുത്ത പണം റിയൽ എസ്‌റേറ്റ് മേഖലയിൽ ഇറക്കിയിട്ടുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്. പത്തോ പതിനഞ്ചോ വർഷം കൊണ്ടു വരവിൽ കവിഞ്ഞതിനെക്കാൾ പത്തു മടങ്ങ് സ്വത്താണ് സിന്ധു വാരി കൂട്ടിയത്. വെറുമൊരു ചീഫ് അക്കൗണ്ടന്റ് മാത്രമായി ജൂവലറിയിൽ ജോലി ചെയ്തിരുന്ന ഇവർ കോടികൾ വിലമതിക്കുന്ന വീടാണ് ചിറക്കലിൽ നിർമ്മിച്ചത്. ആഡംബര ജീവിതമാണ് സിന്ധു നയിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
നാട്ടുകാരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നില്ല. സഹപ്രവർത്തകരുടെ ചെറിയ കുറ്റങ്ങൾക്കു പോലും ഭുകമ്പമുണ്ടാക്കുന്ന ഇവർ സ്ഥാപനത്തിലെത്തുന്ന കസ്റ്റമേഴ്‌സിനു മുൻപിൽ വെച്ചു തന്നെ അവരെ പരസ്യമായി ശകാരിച്ചിരുന്നു. ഇതുകാരണം സിന്ധുവിനോട് പേടിയോടുള്ള ഭയമാണ് പലരും പുലർത്തിയിരുന്നത്. ഏറ്റവും ഒടുവിൽ സ്ഥാപനത്തിന്റെ മാനേജ്‌മെന്റിലുണ്ടായ മാറ്റമാണ് ആഭ്യന്തര ഓഡിറ്റിങിലേക്ക് എത്തിച്ചത്.
ഓഡിറ്റ് നടത്താൻ എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മേധാവിയെ തനിക്കെതിരെ റിപ്പോർട്ടു നൽകിയാൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകാരണം ഇയാൾ തനിക്കും സ്ഥാപനത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് കണ്ണൂർ ടൗൺ പൊലിസിൽ പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ