- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണത്തിൽ നിന്നും കോടികൾ എടുത്ത് 100 രൂപയ്ക്ക് 10 രൂപ കണക്കിൽ പലിശയ്ക്ക് നൽകി; മൊയ്തീന്റെ ബിനാമിയാണ് സതീഷ് എന്ന് മൊഴി; മുൻ ഡിഐജി സുരേന്ദ്രൻ വസ്തു തർക്കത്തിൽ ഇടനിലക്കാരൻ; സിപിഎം നേതാക്കളെ പൂട്ടാൻ ഇഡി; കരുവന്നൂരിൽ ജിജോറിന്റെ മൊഴി നിർണ്ണായകം
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ മുൻ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി പുറത്തു വരുമ്പോൾ അന്വേഷണം ഉന്നത സിപിഎം നേതാക്കളിലേക്ക് പോകുമെന്ന് വ്യക്തം. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാർ പ്രവർത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാർ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴിയിൽ പറയുന്നു. 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാൾ ഈടാക്കി. സിപിഎം നേതാവ് എംകെ കണ്ണനെതിരെയും മുൻ ഡിഐജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇഡി പറയുന്നു.
വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടിക്കെതിരെയും, റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും മൊഴിയുണ്ട്. മൊഴിഭാഗങ്ങൾ കോടതിയിൽ വായിച്ചു. മുൻ ഡിഐജി എസ് സുരേന്ദ്രൻ വസ്തു തർക്കത്തിൽ ഇടനിലക്കാരൻ ആയി പണം കൈപ്പറ്റിയെന്നാണ് ആരോപണം. സതീഷ് കുമാറിന് വേണ്ടിയാണ് സുരേന്ദ്രൻ മധ്യസ്ഥനായതെന്നും ഇഡി കോടതിയിൽ വാദിച്ചു. മോൻസൺ മാവുങ്കൽ കേസിലും ഡിഐജിയായിരുന്ന സുരേന്ദ്രൻ പെട്ടിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അത്തരമൊരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് കരുവന്നൂരിലെ മൊഴി. ഇതെല്ലാം ഇഡി ഗൗരവത്തോടെ എടുക്കുന്നുണ്ട്.
കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ നേതാക്കളെ പൂട്ടാനാണ് ഇഡി നീക്കം. ബാങ്കിന്റെ രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ചിരുന്നു. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതീവ രഹസ്യമായാണ് നീക്കം. കരുവന്നൂർ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബെനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് അനുവദിച്ചതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനിൽ, മുൻ മാനേജർ ബിജു കരീം എന്നിവർ ഇത് സംബന്ധിച്ച് നേരത്തെ തന്നെ മൊഴി നൽകിയിരുന്നു.
സിപിഎമ്മിന്റെ സമാന്തര കമ്മിറ്റിയാണ് ലോൺ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തിൽ ഭരണ സമിതിക്ക് മറ്റ് റോൾ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴികൾ. കള്ളപ്പണ ഇടപാട് ഘട്ടത്തിൽ 13 അംഗ ഭരണ സമിതിയാണ് ഉണ്ടായിരുന്നത്. മുൻ മാനേജർ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോൺ രേഖകളിൽ ഒപ്പിട്ട് നൽകിയിരുന്നതായും അപേക്ഷയിൽ പലതിലും വിവരങ്ങളൊന്ന ഉണ്ടായിരുന്നില്ലെന്നുമാണ് ഭരണ സമിതി അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇവരിൽരണ്ട് പേരെയാണ് മാപ്പുസാക്ഷിയാക്കാൻ ഇഡികോടതിയെ സമീപിച്ചിട്ടുള്ളത്.
ആദ്യ കുറ്റപത്രം സ്വീകരിക്കൽ നടപടി പൂർത്തിയായാൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. കേസിൽ അന്വേഷണം നേരിടുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസി മൊയ്തീൻ, കണ്ണൻഎന്നിവർക്ക് ഈ മൊഴികൾ നിർണ്ണായകമാണ്. ഇവരെ വീണ്ടും ചോദ്യം ചെയ്തു. ഈ കേസിൽ ആയിരക്കണക്കിനു പേജ് വരുന്ന ആദ്യ ഘട്ടം കുറ്റപത്രം ഇഡി സമർപ്പിച്ചുകഴിഞ്ഞു. വ്യക്തികളും കമ്പനികളുമായി 55 പ്രതികളെയും ചേർത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതി അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തുകഴിഞ്ഞു.
നൂറു കോടി രൂപ മൂല്യം കണക്കാക്കുന്ന 120 ആസ്തികൾ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ഇഡി കുറ്റപത്രത്തിൽ തന്നെ വ്യക്തമാക്കുന്നത്. തുടർ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഏജൻസിയുടെ തീരുമാനം. അടുത്ത ഘട്ടം ചോദ്യം ചെയ്യലിനു ശേഷം രണ്ടാം ഘട്ടം കുറ്റപത്രവും പ്രതീക്ഷിക്കാം. ഈ ഘട്ടത്തിലാണ് കൂടുതൽ സിപിഎം നേതാക്കൾ കുടുങ്ങാൻ സാധ്യതയുള്ളത്.




