മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോർ (ജിമ്മൻ കിച്ചു-25) പിടിയിലാകുന്നത് പൊലീസിന്റെ സാഹസിക നീക്കങ്ങളുടെ വിജയം. പരപ്പനങ്ങാടിയിൽ വെച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്. 200ഓളം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോൾ പമ്പകളിലും കവർച്ച നടത്തിവരികയായിരുന്നു ജിമ്മൻ കിച്ചു. അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോൾ പമ്പുകളും കേന്ദ്രീകരിച്ച് മോഷണങ്ങൾ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

മലപ്പുറത്തെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെൺസുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം ചെലവാക്കുന്നതാണ് രീതി. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടിൽ ഹരിദാസിന്റെ മകൻ കിഷോറിനെയാണ് ജിമ്മൻ കിച്ചു എന്ന് അറിയപ്പെടുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ മലപ്പുറം ഡിവൈ എസ് പി ടി മനോജ്, മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസ്, സബ് ഇൻസ്‌പെക്ടർമാരായ പി ആർ ദിനേശ്കുമാർ, അജയൻ, എഎസ്‌ഐമാരായ വിവേക്, തുളസി, സോണിയ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐകെ ദിനേശ്, പി സലീം, ആർ ഷഹേഷ്, കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ചോളം കേസുകൾക്കും തുമ്പായി.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂർ എന്നീ സ്റ്റേഷനുകളിലായി മുപ്പതോളം കേസിലെ പ്രതിയാണ് കിഷോറെന്നു പൊലീസ് പറഞ്ഞു. രാസ ലഹരിക്കും അടിമയാണ് ജിമ്മൻ കിച്ചു.