കോതമംഗലം; വീട്ടിൽ നിന്നും കാണാതായ 37 കാരിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതം. ഈ മാസം 17-നാണ് കോട്ടപ്പടി പ്ലാമുടി എലവുങ്കൽ അഗസ്റ്റിന്റെ മകൾ ജിനോളിയെ കാണാതാവുന്നത്. ജെസ്‌നാ തിരോധാന കേസിന് സമാനമായ നിരവധി സാഹചര്യങ്ങൾ ഈ കേസിലും ഉണ്ട്.

അന്നേദിവസം രാവിലെ 11 മണിയോടെ പെരുമ്പാവൂരിൽ യുവതിയെ നാട്ടുകാരിൽ ചിലർ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉപയോഗിച്ചിരുന്ന സിം വീട്ടിൽ ഊരിവച്ചിട്ടാണ് മൊബൈൽ കൊണ്ടുപോയിട്ടുള്ളത്. വേറെ സിം ഇട്ട് മൊബൈൽ ഉപോയോഗിച്ചാൽ മാത്രമെ ലൊക്കേഷൻ കണ്ടെത്താൻ കഴിയു എന്നതാണ് നിലവിലെ സ്ഥിതിയെന്നാണ് പൊലീസ് നൽകുന്ന വിവരം.

ബന്ധുവീടുകളിലും പരിചയക്കാരുടെ വീടുകളിലും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലന്നാണ് അറിയുന്നത്. താമസിയാതെ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നതിനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.5 വർഷം മുമ്പ് ജിനോളി ഡൽഹിയിൽ നേഴ്്സായി ജോലി നോക്കിയിരുന്നു. ഈ പരിചയം കൊണ്ട് ഡൽഹിയിൽ ആരുടെയെങ്കിലും സഹായത്താൽ ഒളിവിൽ കഴിയുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നരബലി സംഭവം പുറത്തുവന്നതിനെത്തുടർന്ന് പൊലീസ് സ്ത്രീകളെ കാതായിട്ടുള്ള സംഭവങ്ങൾ ഏറെ പ്രാധാന്യത്തോടെ അന്വേഷിച്ചുവരുന്നതിനിടെയാണ് കോട്ടപ്പടിയിൽ നിന്നും യുവതിയെ കാതായിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ആ ഗൗരവത്തിൽ അന്വേഷണം നടത്തും. ഏതാനും ദിവസം മുമ്പ് ഇതെ സ്റ്റേഷൻ പരിധിയിൽ നിന്നും 17 കാരിയെ കാണാതായിരുന്നു.

പരാതി ലഭിച്ച് മണിക്കൂറുകൾക്കകം കൊച്ചിയിൽ നിന്നും കോട്ടപ്പടി പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജിനോളി തിരോധാനവും എത്തുന്നത്.