ഇടുക്കി: റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ വിജിലൻസ് പിടിയിലായതോടെ വാഗമൺ കേന്ദ്രീകരിച്ച് നടന്ന സർക്കാർ ഭൂമി കയ്യേറ്റം സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ പുറത്തുവരാൻ സാധ്യത. വാഗമൺ റാണിമുടി കൊയ്ക്കാരംപറമ്പിൽ ജോളി സ്റ്റീഫനെ (61) ഇന്നലെയാണ് ഇടുക്കി വിജിലൻസ് സംഘം ബംഗ്ലൂരുവിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.തൊടുപുഴ മുട്ടത്തെ വിജിലൻസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

3.30 ഏക്കർ സ്ഥലം തെറ്റായ വിവരങ്ങൾ നൽകിയും ആൾമാറാട്ടം നടത്തിയും ഇയാൾ സ്വന്തമാക്കുകയും മുറിച്ചുവിറ്റ് പണം വാങ്ങിയതായിട്ടുമാണ് വിജിലൻസ് കണ്ടെത്തൽ.1992-ൽ സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ നൽകിയപ്പോഴും 2012-ൽ വിൽപ്പന നടത്തിയപ്പോഴും ജോളി നൽകിയ വിവരങ്ങൾ വ്യാജമായിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്ഥലം 30-ളം പേർക്കായി മുറിച്ച് വിൽപ്പന നടത്തിയതായിട്ടാണ് വിജലൻസിന് ലഭിച്ചിട്ടുള്ള വിവരം.ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി.

17 വർഷമായി ബംഗ്ലൂരുവിൽ ബലന്തൂരിലെ വീട്ടിലാണ് കുടുംബസഹിതം താമസിച്ചുവരുന്നതെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിച്ചുവരുന്നതെന്നുമാണ് ജോളി സ്റ്റീഫൻ വിജിലൻസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഇയാളിൽ നിന്നും വാഗമണ്ണിലെ വസ്തു ഇടപാടുകൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുൾപ്പെട്ട ലോബിയാണ് സ്ഥലം കയ്യേറ്റത്തിനും രേഖകൾ സൃഷ്ടിക്കുന്നതിനും കൂട്ടുനിന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.ഇക്കാര്യം ശരിവയ്ക്കുന്ന വിവരങ്ങൾ ഇയാൾ വിജിലൻസ് സംഘത്തോട് വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്.

വിജിലൻസ് കോട്ടയം റെയിഞ്ച് എസ്‌പി വി ജി വിനോദ്കുമാർ,ഇടുക്കി ഡിവൈഎസ്‌പി ഷാജു തോമസ്, സിഐ അരുൺ റ്റി ആർ,എസ് ഐ ഡാനിയേൽ എ എസ്‌ഐ ബേസിൽ,എസ്സിപിഒ മാരായ റഷീദ് ,അഭിലാഷ്,സിപിഒ മാരായ അരുൺ രാമകൃഷ്ണൻ,സന്ദീപ് ദത്തൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഉൾപ്പെട്ടിരുന്നു. 1989-ൽ ജോളി സ്റ്റീഫനും ബന്ധുക്കളും വാഗമണ്ണിൽ 54.7 ഏക്കർ പട്ടയഭൂമി വാങ്ങിയിരുന്നു.ഇതിന് സമീപത്തെ 55.3 ഏക്കർ സർക്കാർ ഭൂമി ജോളി സ്റ്റീഫനും പിതാവ് കെ.ജെ.സ്റ്റീഫനും ചേർന്ന് വ്യജരേഖകൾ ചമച്ച് തട്ടിയെടുക്കുകയും മുറിച്ച് വിൽപ്പന നടത്തുകയും ചെയ്തതായിട്ടാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്.

ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇതുസംബന്ധിച്ച 2019 ജൂൺ 20 -ന് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജോളി സ്റ്റീഫന്റെ മുൻ ഭാര്യ ഷേർളി സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കയ്യേറ്റ വിവരം പുറത്തുവരുന്നത്.ഇത് സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയിൽ തുടരുകയാണ്. വാഗമൺ വില്ലേജിലെ കണ്ണംകുളം പുതുവൽ ഭാഗത്ത് സർവേ നമ്പർ 724ൽ ഉൾപ്പെട്ട സർക്കാർ ഭൂമിയാണ് വൻതോതിൽ കയ്യേറിയത്.സാങ്കൽപ്പിക പേരുകളിലുള്ള 12 പട്ടയങ്ങൾ സൃഷ്ടിക്കപ്പെട്ടതായിട്ടാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.1994 കാലഘട്ടത്തിലാണ് പീരുമേട്ടിലും വാഗമണ്ണിലും ജോലി ചെയ്തിരുന്ന റവന്യൂ ഉദ്യോഗസ്ഥരിൽ പ്രമുഖർ ഭൂമിക്ക് വ്യാജ രേഖകൾ സംഘടിപ്പിച്ചുനൽകാൻ അണിയറയിലും നേരിട്ടും ചരടുവലികൾ നടത്തിയതായിട്ടാണ് സൂചന.

വ്യാജ പട്ടയങ്ങൾ സംഘടിപ്പിച്ച ശേഷം സർവ മുക്ത്യാർ സൃഷ്ടിച്ച് ഇയാളുടെ ബന്ധു ബിജു ജോർജ്ജിന്റെ കൈവശത്തിലേയ്ക്ക് നൽകുകയായിരുന്നു.പിന്നീട് സ്ഥലം പ്ലോട്ടുകളായി മുറിച്ചു വിറ്റു. സർക്കാർ കണക്ക് പ്രകാരം 80 കോടി വില വരുന്ന സ്ഥലമാണ് കൈയേറിയത്. രേഖകൾ വിശ്വസിച്ച് സ്ഥലം വാങ്ങി, കോടികൾ മുടക്കി റിസോർട്ടുകളും മറ്റും നിർമ്മിച്ചവർ ഇപ്പോൾ കുരുക്കിലായിരിക്കുകയാണ്. മുറിച്ച് വിറ്റ സ്ഥലത്ത് ഇതികം 200 -ൽ അധികം റിസോർട്ടുകൾ പ്രവർത്തിച്ചുവരുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.ഒരു വർഷം മുമ്പ് ഭൂമിയുടെ വ്യാജ പട്ടയങ്ങൾ റദ്ദാക്കി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു.

ഭൂമിയുടെ സ്‌കെച്ചിലടക്കം തിരിമറി നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് അതിർത്തി കണ്ടെത്തുന്നതിന് തടസമായിട്ടുണ്ട്. കയ്യേറ്റ ഭൂമിയിലെ റിസോർട്ടുകൾ സർക്കാർ ഏറ്റെടുക്കുന്നതിനായി നീക്കം ആരംഭിച്ചെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.എന്നാൽ ഇക്കാര്യത്തിൽ നടപടികൾ കാര്യമായി മുന്നോട്ടുപോയിട്ടില്ലന്നാണ് സൂചന.ിന്റെ കണ്ടെത്തൽ. കയ്യേറ്റ ഭൂമിക്ക് രേഖകൾ തയ്യാറാക്കുന്നതിനായി റവന്യു, രജിസസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.