ഇടുക്കി: വാഗമണ്ണിൽ സർക്കാർ സ്ഥലം വ്യാജ പട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ പിടിയിലായ വാഗമൺ റാണിമുടി കൊയ്ക്കാരംപറമ്പിൽ ജോളി സ്റ്റീഫനെ (61)നെ വിജിലൻസ് സംഘം വാഗമണ്ണിലെത്തിച്ച് തെളിവെടുത്തു. ഇന്ന് രാവിലെ 11 മണിയോടെ വിജിലൻസ് സംഘം ജോളി സ്റ്റീഫൻ മുമ്പ് വിൽപ്പന നടത്തിയ വാഗമൺ -ഏലപ്പാറ പാതയിലെ സ്ഥലത്തെത്തിച്ചാണ് തെളിവെടുത്തത്.

ഇവിടെ മൊത്തം 110 ഏക്കറിന് ജോളി സ്റ്റീഫൻ വ്യാജ പട്ടയം നേടിയെടുത്തിരുന്നെന്നും ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും കാണിച്ചുതരികയും ചെയ്തിട്ടുണ്ടെന്നും തെളിവെടുപ്പിന് നേതൃത്വം നൽകിയ ഇടുക്കി ഡിവൈഎസ്‌പി ഷാജു തോമസ് അറിയിച്ചു. 110 ഏക്കറിൽ 40 ഏക്കർ സ്ഥലം ഇപ്പോഴും ജോളിയുടെ കൈവശമുണ്ട്. ബാക്കി സ്ഥലം സെന്റിന് ഒന്നര ലക്ഷവും ഇതിന് മുകളിലുമായി പലർക്കും വിൽപ്പന നടത്തുകയായിരുന്നു.

ഇതിൽ വിജിലൻസ് കേസിൽ ഉൾപ്പെട്ടിട്ടുള്ള 3.30 ഏക്കർ സ്ഥലം കണ്ടെത്തുക എന്നുള്ളത് ശ്രമകരമായ ദൗത്യമാണ്. 30-ൽപ്പരം ആളുകൾക്കായിട്ടാണ് ഇയാൾ സ്ഥലം വിറ്റിട്ടുള്ളത്. സ്ഥലം കണ്ടെത്താൻ റവന്യൂവകുപ്പ് അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. ആവശ്യമെങ്കിൽ സ്ഥലം അധാരം ചെയ്ത് വാങ്ങിയ പരമാവധി ആളുകളെ വിളിച്ചുവരുത്തി തെളിവെടുക്കും, അദ്ദേഹം വിശദമാക്കി. തെളിവെടുപ്പിന് നേതൃത്വം നൽകിയ ഇടുക്കി ഡിവൈഎസ്‌പി ഷാജു തോമസ് അറിയിച്ചു.

3.30 ഏക്കർ ഭൂമി വ്യജപട്ടയം നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിലാണ് ഇടുക്കി വിജിലൻസ് സംഘം കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരക്കി.തെളിവെടുപ്പിനായി ജോളി സ്റ്റീഫനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ രണ്ട് ദിവസത്തേയ്ക്കാണ് കോടതി ഇയാളെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുള്ളത്.

സ്ഥലം അളന്നുതിട്ടപ്പെടുത്തി ,സ്‌കെച്ച് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനാണ് വിജിലൻസ് ലക്ഷ്യമിട്ടിട്ടുള്ളത്.നിലവിലെ അവസ്ഥയിൽ ഭൂമിയുടെ അതിർത്തികൾ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് വിജിലൻസിന്റെ പ്രാഥമീക വിലയിരുത്തൽ. നേരത്തെ ഇന്റിലിജൻസ് വിഭാഗം സ്ഥലം വിൽപ്പന സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.ഈ റിപ്പോർട്ടിനെത്തുടർന്നാണ് സംഭവത്തെക്കുറിച്ച് ആന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തുന്നത്.

വാഗമണ്ണിൽ 55 ഏക്കർ സ്ഥലം കയ്യേറി മുറിച്ചുവിറ്റ സംഭവത്തിൽ ക്രൈംബ്രാഞ്ച് ജോളി സ്റ്റീഫനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് ഹാജരാക്കിയിരുന്നു.3.30 ഏക്കർ സ്ഥലം തെറ്റായ വിവരങ്ങൾ നൽകിയും ആൾമാറാട്ടം നടത്തിയും ഇയാൾ സ്വന്തമാക്കുകയും മുറിച്ചുവിറ്റ് പണം വാങ്ങിയതായിട്ടുമാണ് വിജിലൻസ് കണ്ടെത്തൽ.

1992-ൽ സ്ഥലത്തിന് പട്ടയത്തിനായി അപേക്ഷ നൽകിയപ്പോഴും 2012-ൽ വിൽപ്പന നടത്തിയപ്പോഴും ജോളി നൽകിയ വിവരങ്ങൾ വ്യാജമായിരുന്നെന്നാണ് വിജിലൻസ് കണ്ടെത്തൽ.സ്ഥലം 30-ലേറെ പേർക്കായി മുറിച്ച് വിൽപ്പന നടത്തിയതായിട്ടാണ് വിജലൻസിന് ലഭിച്ചിട്ടുള്ള പ്രാഥമീക വിവരം. 17 വർഷമായി ബംഗളുരുവിൽ ബലന്തൂരിലെ വീട്ടിലാണ് കുടുംബസഹിതം താമസിച്ചുവരുന്നതെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിച്ചുവരുന്നതെന്നുമാണ് ജോളി സ്റ്റീഫൻ വിജിലൻസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ഇയാളിൽ നിന്നും വാഗമണ്ണിലെ വസ്തു ഇടപാടുകൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുൾപ്പെട്ട ലോബിയാണ് സ്ഥലം കയ്യേറ്റത്തിനും രേഖകൾ സൃഷ്ടിക്കുന്നതിനും കൂട്ടുനിന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്ന വിവരങ്ങൾ ഇയാൾ വിജിലൻസ് സംഘത്തോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.