- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പിൾ സ്വാപ്പിങ് കേസിൽ അകത്തായ പ്രതി ജാമ്യം കിട്ടിയ ശേഷം ഭാര്യയുമായി രമ്യതയിലെത്തി; വാടക വീട്ടിലെ താമസത്തിനിടെ വീണ്ടും അന്യ ഭർത്തക്കാന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിച്ചു; കുടുംബ കലഹത്തിൽ സ്വന്തം വീട്ടിൽ മടങ്ങിയതിന്റെ പ്രതികാരമായി കൊല; കേരളത്തിൽ പങ്കാളിയെ കൈമാറും റാക്കറ്റ് ഇപ്പോഴും സജീവം; ജൂബിയെ ഷിനോ വകവരുത്തിയതിന് പിന്നിൽ വൻ ഗൂഢാലോചന
കോട്ടയം: കേരളത്തെയാകെ ഞെട്ടിച്ചതാണു കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത പങ്കാളികളെ കൈമാറ്റം ചെയ്യൽ കേസ്. അന്നു പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകം ഇന്നലെ മറ്റൊരു ഞെട്ടലായി. സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു വലിയസംഘം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നെന്ന് അന്നു പൊലീസ് കണ്ടെത്തിയെങ്കിലും പരാതികൾ ഇല്ലാതെ വന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി. ഇതോടെ വെറുമൊരു പീഡന കേസായി പങ്കാളി കൈമാറ്റം മാറി.
മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി ജേക്കബ് (28) ആണ് കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടത്. പ്രതിയെന്നു പൊലീസ് സംശയിക്കുന്ന ഭർത്താവ് ഷിനോ മാത്യുവിനെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം നടത്തിയെന്ന കേസിൽ പ്രധാന പ്രതിയാണ് ഷിനോ മാത്യു. പരാതിക്കാരിയായ ജൂബി ഒരു വർഷമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കുട്ടികൾക്കൊപ്പം കഴിയുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ശുചിമുറിയിൽ വച്ചു കൊല നടത്തിയെന്നാണു സൂചന. വീടിന്റെ സിറ്റൗട്ടിലാണു മൃതദേഹം കിടന്നിരുന്നത്. പ്രാണരക്ഷാർഥം ജൂബി ഓടി ഇവിടേക്കു വന്നതാണെന്നാണ് വിലയിരുത്തൽ.
മാസങ്ങളോളം ഭർത്താവുമായി പിരിഞ്ഞ് മക്കളോടൊപ്പം മാലത്തുള്ള സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. പിണക്കം മാറി ഇവർ അടുത്തിടെ വീണ്ടും അടുത്തു. തുടർന്ന് ഇവർ പതിനാലാം മൈലിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ വീണ്ടും പങ്കാളി കൈമാറ്റത്തിന് ജൂബിയെ നിർബന്ധിക്കുകയായിരുന്നു. ഇത് എതിർത്തതോടെ പകയായി. വീണ്ടും യുവതി മക്കളേയും കൂട്ടി സ്വന്തം വീട്ടിലെത്തി. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ആയുധവുമായി എത്തിയ പ്രതി ജൂബിയെ ആക്രമിച്ചു. പ്രതി വീടിന് പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടു. പിന്നീട് പിടിയിലാകുകയും ചെയ്തു. വീണ്ടും സത്യങ്ങൾ ജൂബി വിളിച്ചു പറയുമോ എന്ന ഭയം ഷിനോയ്ക്കുണ്ടായിരുന്നു. ഇതാണ് കൊലയായതെന്നാണ് വിലയിരുത്തൽ.
വീടിനു പിന്നിൽ കളിച്ചിരുന്ന ഏഴും നാലും വയസ്സുള്ള കുട്ടികൾ കളി കഴിഞ്ഞ് എത്തുമ്പോഴാണ് അമ്മ രക്തംവാർന്നു കിടക്കുന്നതു കണ്ടത്. ഇവർ കരഞ്ഞപ്പോൾ നാട്ടുകാരെത്തിയാണു മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഷിനോ മാത്യു കഴിഞ്ഞ ദിവസങ്ങളിൽ വീടിനു സമീപത്ത് എത്തിയിരുന്നതായി ജൂബിയുടെ സഹോദരൻ മൊഴി നൽകി. പിതാവ് ജേക്കബ്, മാതാവ് മോളി, സഹോദരങ്ങളായ റോബിൻ, ജോബിൻ എന്നിവർക്കൊപ്പമാണ് ജൂബി താമസിച്ചിരുന്നത്. പിന്നീട് ഷിനോ മാത്യുവിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണു പൊലീസ് പിടികൂടിയത്.
ജൂസ് കുടിച്ചതിനെത്തുടർന്ന് വയറുവേദനയും ഛർദിയും ഉണ്ടായി എന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. പെരുമ്പനച്ചിക്കു സമീപത്തെ വാടകവീട്ടിലാണ് ഇയാൾ കഴിഞ്ഞിരുന്നത് എന്ന സൂചനയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഭാഗത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ആശുപത്രിയിൽ സംശയകരമായ രീതിയിൽ ഒരാൾ എത്തിയതായി സൂചന ലഭിച്ചതോടെ പൊലീസ് ഇവിടേക്ക് എത്തി ഷിനോയെ കസ്റ്റഡിയിലെടുത്തു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കൊല്ലപ്പെട്ട യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണു പങ്കാളി കൈമാറ്റങ്ങളാണു നടന്നതെന്ന വിവരത്തിലേക്കെത്തിയത്. കപ്പിൾ മീറ്റ് കേരള എന്ന സമൂഹമാധ്യമ ഗ്രൂപ്പ് വഴിയാണു പ്രവർത്തനമെന്നും കണ്ടെത്തിയിരുന്നു. 14 ഗ്രൂപ്പുകൾ ഇങ്ങനെ പ്രവർത്തിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ഭർത്താവിൽ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്‌ലോഗിൽ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കൾക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങൾ തുറന്നു പറഞ്ഞത്. തുടർന്നു കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രണയിച്ചു വിവാഹം കഴിച്ചതാണു യുവതിയും ഭർത്താവും. വിദേശത്തു ജോലി ചെയ്തിരുന്ന ഭർത്താവു തിരിച്ചെത്തിയ ശേഷമാണ് ഉപദ്രവങ്ങൾ ആരംഭിച്ചതെന്ന് അന്നു പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കറുകച്ചാൽ: പങ്കാളികളെ പരസ്പരം ലൈംഗികബന്ധത്തിനായി കൈമാറ്റം ചെയ്യുന്നെന്ന വാർത്ത ഒന്നരവർഷം മുൻപ് സമൂഹം ഞെട്ടലോടെയാണ് കേട്ടത്. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്ന് അന്ന് പരാതിപ്പെട്ട സ്ത്രീ ഇന്ന് കൊലചെയ്യപ്പെട്ടത് മറ്റൊരു ആഘാതമായി. ഭർത്താവാണ് കൊല നടത്തിയത്.
യുവതി ഭർത്താവുമായി ഒത്തുതീർപ്പുണ്ടാക്കി മുന്നോട്ടുപോകുമ്പോഴാണ് വീണ്ടും പ്രശ്നങ്ങളുണ്ടായതും കൊലപാതകത്തിലേക്ക് എത്തിയതും. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിരന്തരം നിർബന്ധിച്ചതിനെത്തുടർന്ന് സഹികെട്ട യുവതി, ഒരു ബ്ലോഗറോടാണ് വിവരം ആദ്യം പറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ഈ സംഭാഷണം വന്നതോടെ യുവതിയുടെ ശബ്ദം സഹോദരൻ തിരിച്ചറിഞ്ഞു. സംശയംതോന്നിയ സഹോദരൻ യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തുടർന്ന് കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെത്തി ഇവർ പരാതി നൽകുകയായിരുന്നു. ഭർത്താവടക്കം നാലുപേരെയാണ് ആദ്യം അറസ്റ്റുചെയ്തത്. ഒരാഴ്ചയ്ക്കകം നാലുപേർകൂടി പിടിയിലായി. ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് അന്ന് കേസെടുത്തത്. രണ്ടുവർഷം മുൻപാണ് ഇവർ കങ്ങഴയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്. അയൽക്കാരുമായി ബന്ധം ഇല്ലായിരുന്നു. ഇവരുടെ വീട്ടിൽനിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പ്രതികളുടെ മൊബൈൽഫോൺ എന്നിവയിൽനിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്ന് ലഭിച്ചത്.
കപ്പിൾമീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളിലുള്ള വാട്സാപ്പ്, മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകളും കണ്ടെത്തി. സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയസംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ സംസ്ഥാനതല അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.