- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ ജീൻസിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ശരീരത്തിൽ സ്വർണം ഒളിപ്പു കടത്താൻ അഫ്സലിന് വാഗ്ദാനം ചെയ്തത് അര ലക്ഷം; ജീൻസിൽ കടത്താൻ ജുനൈദിന് 20000 രൂപയും
മലപ്പുറം: കരിപ്പൂരിൽ ജീൻസിനുള്ളിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ച ഒരു കിലോഗ്രാമോളം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ജീൻസിനുള്ളിലും ആയി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 54 ലക്ഷം രൂപ വില മതിക്കുന്ന ഒരു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.
ഷാർജയിൽനിന്നും എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ മലപ്പുറം വളവന്നൂർ സ്വദേശിയായ അരയാലൻ മുഹമ്മദ് അഫ്സലിൽ (23) നിന്നും ആണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 43 ലക്ഷം രൂപ വില മതിക്കുന്ന 849 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. അഫ്സൽ തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച മൂന്നു ക്യാപ്സുലുകളിൽനിന്നും ആണ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 50000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് അഫ്സൽ കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. മറ്റൊരു കേസിൽ ദുബായിൽ നിന്നും ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിൽ എത്തിയ കോഴിക്കോട് പുത്തൂർ സ്വദേശിയായ വെണ്ണക്കോട്ടുകുഴിയിൽ മുഹമ്മദ് ജുനൈദിൽ(25)നിന്നുമാണ് ജീൻസിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 228 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു പാക്കറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ജുനൈദ് ധരിച്ചിരുന്ന ജീൻസിനുള്ളിൽ മാസ്‌കിങ് ടേപ്പുകൊണ്ടു പൊതിഞ്ഞാണ് ഈ പാക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന 196 ഗ്രാം തങ്കം ലഭിക്കുകയുണ്ടായി. കള്ളക്കടത്തുസംഘം ജുനൈദിന് 20000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്