- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു; ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചത് വേദനയായി; കടമക്കുടിയിലേത് ഓൺലൈൻ ചതി
കൊച്ചി: കടമക്കുടിയിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിന് കാരണം ഓൺലൈൻ ലോൺ ചതിയെന്ന് സംശയം. വലിയ കടമക്കുടി മാടശേരി വീട്ടിൽ നിജോ (39) ഭാര്യ ശില്പ (29) മക്കളായ എയ്ബൽ (ഏഴ്) ആരോൺ (നാല്) എന്നിവരാണ് മരിച്ചത്. മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു.
മരിച്ച ശില്പ ഓൺലൈൻ വഴി ലോൺ എടുക്കുകയും പിന്നീട് ഇതിന്റെ തിരിച്ചടവ് മുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ ലോൺ മാഫിയ ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ് ആപ്പ് വഴി അയച്ചുവെന്നാണ് സൂചന. ഇതോടെ ലോൺ എടുത്ത കാര്യം എല്ലാവരും അറിഞ്ഞു. കുടുംബം അറിഞ്ഞതിനാലുള്ള മാനഹാനി നിമിത്തമാണ് ജീവനൊടുക്കിയതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ഫോൺ വിശദമായി പരിശോധിക്കും. ആത്മഹത്യാക്കുറിപ്പ് പൊലീസ് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
സഹോദരനും കുടുംബവും താമസിക്കുന്ന വീടിന്റെ മുകൾ നിലയിലാണ് നിജോയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. രാവിലെ കുട്ടികളെ കാണാത്തതിനെ തുടർന്ന് നിജോയുടെ മാതാവ് വീടിന്റെ മുകൾ നിലയിൽ എത്തി അന്വേഷിക്കുകയും തുടർന്നു ജനലിലൂടെ നോക്കിയപ്പോഴാണ് നിജോയും ശില്പയും തൂങ്ങി നിൽക്കുന്നതായി കണ്ടത്. തുടർന്ന് സഹോദരനും കുടുംബവും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറന്നതാണ് അകത്ത് പ്രവേശിച്ചത്. നിർമ്മാണ തൊഴിലാളിയും ആർട്ടിസ്റ്റുമാണ് നിജോ.
ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഓൺലൈൻ ലോൺ തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
ഡിസൈൻ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയൽവാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി താഴത്തെ നിലയിൽ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചിട്ടും നിജോ വിളി കേട്ടില്ല, ഒടുവിൽ മുകളിലെത്തി മുറിയുടെ വാതിൽ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പോയിരുന്ന ശിൽപ ഒരുമാസം മുൻപാണ് തിരികെയെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നിജോ എന്നാണ് നാട്ടുകാർ പറയുന്നത്. ഏയ്ബലും ആരോണും വരാപ്പുഴ ഇസബെല്ല സ്കൂളിലെ വിദ്യാർത്ഥികളാണ്.
മറുനാടന് മലയാളി ബ്യൂറോ