കൊച്ചി: കളമശേരി സ്‌ഫോടനക്കേസിൽ പൊലീസ് നിർണായക തെളിവുകൾ കണ്ടെത്തി. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകൾ. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്.

സ്‌ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിലാണ് മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഈ വാഹനം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോൾ സ്‌കൂട്ടറിൽ നിന്ന് നാലു റിമോട്ടുകൾ മാർട്ടിൻ എടുത്തു നൽകുകയായിരുന്നു. നാലു റിമോട്ടുകളിൽ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിനുശേഷം കീഴടങ്ങാൻ മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയത് ഈ സ്‌കൂട്ടറിലാണ്.

സ്‌ഫോടനത്തിനു ശേഷം മാർട്ടിൻ റിമോട്ടുകൾ കവറിൽ പൊതിഞ്ഞ് ബൈക്കിൽ സൂക്ഷിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തിയതിന് പിന്നാലെ കീഴടങ്ങിയ സാഹചര്യവും അന്വേഷണ സംഘത്തോട് പ്രതി വിശദീകരിച്ചു. സ്‌ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിർണായക തെളിവുകൾ അന്വേഷണ സംഘം തെളിവെടുപ്പിൽ കണ്ടെത്തുന്നത്.

ഐ.ഇ.ഡി നിർമ്മിക്കാനുള്ള സാമഗ്രികളും ഇവ സൂക്ഷിക്കാൻ പ്ലാസ്റ്റിക് കവറും വാങ്ങിയ പാലാരിവട്ടത്തെ ഇലക്ട്രിക്കൽ സ്ഥാപനങ്ങളിലായിരുന്നു ഇന്നലെ തെളിവെടുപ്പ്. കുട്ടികളുടെ പഠനാവശ്യത്തിനുള്ള പരീക്ഷണത്തിനെന്ന് പറഞ്ഞാണ് ഉപകരണങ്ങൾ വാങ്ങിയതെന്ന് ഡൊമിനിക് അന്വേഷണ സംഘത്തോട് ആവർത്തിച്ചു. റസിസ്റ്റൻസ്, എൽ.ഇ.ഡി, ബാറ്ററി, റിമോർട്ട് കൺട്രോളർ എന്നിവ മൂന്ന് ഇലക്ട്രിക്കൽ സ്ഥാപനങ്ങളിൽ നിന്നാണ് വാങ്ങിയത്. ഒരു കെട്ട് പ്ലാസ്റ്റിക് കവറുകളാണ് സമീപത്തെ കടയിൽനിന്ന് വാങ്ങിയത്.

സ്ഥാപന ഉടമകൾ പ്രതിയെ തിരിച്ചറിഞ്ഞു. കുറ്റകൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താൻ ഒറ്റയ്ക്കാണെന്ന മൊഴിയിൽ ഇയാൾ ഉറച്ചുനിൽക്കുകയാണ്. ബോംബ് ഉണ്ടാക്കിയതിലടക്കം ചില സംശയങ്ങൾ നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥർ മൊഴി മുഖവിലയ്ക്ക് എടുത്തിട്ടില്ല. 15 വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അന്വേഷണ സംഘത്തലവൻ കൊച്ചി ഡി.സി.പി എസ്. ശശിധരൻ, എ.സി.പിമാരായ പി. രാജ്കുമാർ, പി.വി. ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഒക്ടോബർ 29നു രാവിലെ ഒൻപതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്‌ഫോടനം നടന്നത്. പ്രാർത്ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്‌ഫോടനം നടക്കുകയായിരുന്നു. നാലു പേരാണു സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്