കൊച്ചി; കലൂരിലെ ഹോട്ടൽ മുറിയിൽ, യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾക്ക് ശേഷം. ചങ്ങനാശേരി സ്വദേശിയായ രേഷ്മ (27) എന്ന യുവതിയെയാണ് സുഹൃത്തായ യുവാവ് കൊലപ്പെടുത്തിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതിയായ നൗഷിദ് (31) മൊബൈൽ ഫോണിൽ പകർത്തി. ദൃശ്യങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

യുവതി ദുർമന്ത്രവാദം നടത്തിയെന്നും നൗഷീദ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടൽ മുറിയിൽ രേഷ്മ സുഹൃത്ത് നൗഷീദിന്റെ കുത്തേറ്റ് മരിച്ചത്. രേഷ്മയെ വകവരുത്തും മുമ്പ് നൗഷിദ് ഇവരെ വിചാരണ ചെയ്തിരുന്നതായാണ് അന്വേഷണസംഘം പറയുന്നത്.

ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് എളമക്കരയിലെ ഓയോ അപ്പാർട്ട്മെന്റിൽ കൊലപാതകം നടന്നത്. അപ്പാർട്ട്മെന്റിൽ നിന്നും യുവതിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഹോട്ടൽമുറിയിൽ കുത്തേറ്റ നിലയിൽ യുവതിയെ കണ്ടെത്തി. സംശയത്തെ തുടർന്ന് അപ്പാർട്ട്മെന്റിന്റെ കെയർടെയ്ക്കറായ നൗഷിദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

രേഷ്മയും നൗഷിദും നേരത്തേ പരിചയക്കാരായിരുന്നു. ഈ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലയിലേക്ക് നയിച്ചത്. സുഹൃത്തുക്കളോട് രേഷ്മ തന്നെ കുറിച്ച് അപകീർത്തികരമായി സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് നൗഷിദ് മൊഴി നൽകി. ഇതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ഹോട്ടൽ മുറിയിൽവെച്ച് നൗഷിദ് രേഷ്മയെ ചോദ്യം ചെയ്ത് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഇതിനുശേഷമായിരുന്നു കൊലപാതകമെന്നാണ് വിവരം.

പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാൻ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ, നൗഷീദ് കൈയിൽ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നിൽ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു. പകമൂലമാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു നൗഷീദ് ആദ്യം പൊലീസിൽ മൊഴി നൽകിയത്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീർത്തികരമായി പറഞ്ഞതാണ് നൗഷീദിനെ പ്രകോപിപ്പിച്ചത്. കോഴിക്കോട് ബാലുശേരി സ്വദേശിയാണ് നൗഷീദ്.