- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പൊലീസ് നായയെ വിഷം കൊടുത്തുകൊന്നത് ആര്? ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണിയുടെ മരണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും; ഡോഗ് സ്‌ക്വാഡിലെ എസ്ഐയേും 2 പൊലീസുകാരെ മാറ്റി നിർത്തി; പോസ്റ്റ്മോർട്ടം നിർണ്ണായകം; കല്യാണിയെ കൊന്നത് സേനാ ചതിയോ?
തിരുവനന്തപുരം: നിരവധി കേസുകളിൽ നിർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത. വിഷം ഉള്ളിൽ ചെന്നാണ് നായ ചത്തത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പൂന്തുറ പൊലീസ് കേസെടുത്തു.
ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണിയുടെ മരണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാകും അന്വേഷിക്കുക. സംഭവത്തിൽ ഡോഗ് സ്‌ക്വാഡിലെ എസ്ഐ, 2 പൊലീസുകാർ എന്നിവരെ മാറ്റി നിർത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്നു കല്യാണി.
കഴിഞ്ഞ മാസം 20ന് ആണ് കല്യാണി മരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കല്യാണിയുടെ ആന്തരിക അവയവങ്ങളിൽ വിഷാംശം കണ്ടെത്തിയതോടെ ഇവ രാസപരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിൽ വിഷാംശം കണ്ടെത്തിയതോടെ സ്‌ക്വാഡിലെ മറ്റ് നായ്ക്കളെയും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. കല്യാണിയുടെ ഉള്ളിൽ മാത്രം വിഷമെത്തിയതിലാണ് ദുരൂഹത. മസ്തിഷ്‌കാർബുദം ബാധിച്ച കല്യാണി, അതിനുള്ള മരുന്നു കഴിച്ചിരുന്നു. അതാണോ മരണകാരണമെന്നും അന്വേഷിക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോഗ് സ്‌ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രഞ്ജിത്, ശ്യാം എന്നിവരെ മാറ്റിനിർത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ എക്സലൻസ് പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ കല്യാണിക്ക് ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു.
10 ഓളം ഗുഡ് സർവ്വീസ് എൻട്രി എന്ന അപൂർവ്വ നേട്ടവും കല്യാണി സ്വന്തമാക്കിയിരുന്നു. ഡി ജി പിയുടെ കയ്യിൽ നിന്ന് എക്‌സലൻസ് അവാർഡും നേടി. കേരള പൊലീസിന്റെ ഏറ്റവും മികച്ച സ്‌നിഫർ നായയായിരുന്നു കല്യാണി. വയറിലുണ്ടായിരുന്ന ട്യൂമറിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലിരിക്കേയാണ് കല്യാണി വിട പറഞ്ഞതെന്ന റിപ്പോർട്ടാണ് ആദ്യം പുറത്തു വന്നത്.
സേനയിൽ എത്തിയ ആദ്യ വർഷമായ 2015 ൽ തന്നെ ബെസ്റ്റ് പെർഫാമർ അവാർഡ് നേടാൻ കല്യാണിക്ക് സാധിച്ചു. പ്രവർത്തന മികവിന്റെ ഭാഗമായി നാല് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തു. എക്സ്പ്ലോസീവ് വിഭാഗത്തിൽ പെട്ട കല്യാണി. 2015 ൽ പരിശീലനം ആ വർഷം പരിശീലനം പൂർത്തിയാക്കിയ 19 നായകളിൽ ഒന്നാമതായിരുന്നു, ഐ എസ് ആർ ഒ, വി എസ് എസ് സി തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളിൽ പങ്കെടുത്ത് ബഹുമതികൾ നേടി.
സർവീസിൽ നിന്ന് വിരമിക്കാൻ നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് കല്യാണി വിടപറഞ്ഞത്. തിരുവനന്തപുരം പൂന്തുറയിലെ ഡോഗ്‌സ്വാഡ് ആസ്ഥാത്ത് സഹപ്രവർത്തകരുടെ അവസാന സല്യൂട്ട് വാങ്ങി കല്യാണി വിടപറഞ്ഞു. എട്ടര വർഷത്തെ കല്യാണിയുടെ സേവനം എന്നും ഓർമിക്കപ്പെടും.
മറുനാടന് മലയാളി ബ്യൂറോ