- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുന്നത് ഹോബി; അഞ്ഞൂറോളം കേസുകളിലെ പ്രതി; ഇതിനോടകം ജയിൽശിക്ഷ അനുഭവിച്ചത് 15 വർഷം; പിടികിട്ടാപ്പുള്ളി കാമാക്ഷി എസ്ഐയെന്ന് ബിജു പിടിയിൽ
ഇടുക്കി: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മോഷ്ടിച്ച തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങിക്കൂട്ടുന്നത് പതിവാക്കിയ കുറ്റവാളി കാമാക്ഷി എസ്ഐ എന്നറിയപ്പെടുന്ന കാമാക്ഷി ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി 500ഓളം മോഷണകേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇത്രയും കുപ്രസിദ്ധനായിട്ടും ഇയാൾ ജയിലിൽ കഴിഞ്ഞത് വെറു 15 വർഷമാണ് താനും. കട്ടപ്പന പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഭവനഭേദന കേസുകളും വാഹന മോഷണ കേസുകളും കൂടാതെ പൊലീസിനെ ആക്രമിച്ചതിന് മൂന്ന് കേസുകളും ഇയാൾക്കെതിരെയുള്ളത്. ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിലെ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പല കേസുകളിലായി 15 വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലാണ് ഇയാൾ വിൽപ്പന നടത്തുന്നത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പൊലീസുമായി സഹകരിക്കാതിരിക്കുകയുമാണ് കാമാക്ഷി ബിജുവിന്റെ പതിവ്. ഇയാൾക്കെതിരെ ആരെങ്കിലും സാക്ഷി പറഞ്ഞാൽ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇയാളെ പിടികൂടുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാമാക്ഷി ബിജുവിനെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ