- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈതകൾ നിറഞ്ഞു നിൽക്കുന്ന കമ്മട്ടിപാടം റെയിൽവേ പാളത്തിന് അരികെ വയോധികയെ അസം സ്വദേശി ക്രൂരമായി പീഡിപ്പിച്ചത് ബുധനാഴ്ച; മൊബൈൽ ഓണായപ്പോൾ പിടി വീണു; പീഡകൻ ലഹരിക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ക്രിമിനൽ; 'പൊന്നുരുന്നി'യും നവ കേരളത്തിന് അപമാനം
കൊച്ചി: വയോധികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിലായത് പൊലീസ് കരുതലിൽ. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അതിക്രൂരമായ പീഡനമാണ് നടന്നത്. സാംസ്കാരിക കേരളത്തിന് അപമാനമാണ് ഈ സംഭവവും. ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാൻ മതിയായ സംവിധാനമില്ലെന്നതിന് തെളിവ് കൂടിയാണ് ഇതും. ആസാം സ്വദേശി ഫിർദൗസ് അലിയെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്.
അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. ഗുരുതരമായി പരുക്കേറ്റ വയോധിക കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയോധികയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം. അവർ അപകട നില തരണം ചെയ്തു. ആലപ്പുഴ സ്വദേശിനിയാണ് പീഡനത്തിനിരയായതെന്നാണ് സൂചന. ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞെത്തിയ പ്രതി, ഇവരെ പ്രലോഭിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വയോധികയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചിരുന്നു.
കൈതകൾ നിറഞ്ഞ് നിൽക്കുന്ന റെയിൽ ട്രാക്കിന് സമീപത്ത് നിന്നും കരച്ചിൽ ശബ്ദം കേട്ടാണ് നാട്ടുകാർ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്. പരിശോധനയിൽ സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ ഒരു സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തി. ഉടനെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ബലാത്സംഗത്തിന് ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു. നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്ന പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു.
വണ്ടിയിൽ നിന്നും ഇറക്കാതെ പ്രതി സ്ത്രീയെ റെയിൽവേ സ്റ്റേഷന് സമീപത്തെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ച് മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചു. ശബ്ദം വച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഉപേക്ഷിച്ച് പോകുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.30ഓടെ പൊന്നുരുന്നി റെയിൽവേ ട്രാക്കിനരികിൽ വച്ചാണ് സംഭവം ഉണ്ടായത്. പ്രതി പിടിയിലായ ശേഷമാണ് സംഭവം പുറം ലോകം അറിഞ്ഞത്.
നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് പരിചയപ്പെട്ട ഫിർദൗസ് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ആദ്യം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. സൗത്തിൽ കമ്മട്ടിപ്പാടം ഭാഗത്ത് ഇറങ്ങി റെയിൽവേ ട്രാക്കിനടുത്തേക്ക് നടന്നു. പൊന്നുരുന്നി റെയിൽവേ ട്രാക്കിനടുത്ത് ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് ഇവിടെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഇവർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
രണ്ടുദിവസമായി സ്വിച്ച്ഓഫ് ആയിരുന്ന ഇയാളുടെ നമ്പർ ശനിയാഴ്ച വീണ്ടും ആക്ടിവായതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. തുടർന്ന് കലൂർ ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ ഇയാൾ ഏതാനും മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. റെയിൽവേ സ്റ്റേഷനടുത്ത് ജോലി ചെയ്തിരുന്ന സ്ത്രീ മറ്റെന്തെങ്കിലും ജോലി ലഭിക്കുമോയെന്ന അന്വേഷണത്തിലാണ് ഇവിടെയെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ