- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്യിലെ പണമെല്ലാം തീർന്നപ്പോൾ ആധിയായി; ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ തീർത്തും അവശൻ; പിടിയിലായപ്പോൾ ആദ്യം ആവശ്യപ്പെട്ടത് വല്ലതും കഴിക്കാൻ മേടിച്ച് തരണേ എന്ന്; മൊബൈൽ കാട്ടിൽ ഉപേക്ഷിച്ച് മിടുക്കൻ ആകാൻ നോക്കിയെങ്കിലും വിജേഷിന്റെ പ്ലാനെല്ലാം പാളി; കാഞ്ചിയാറിൽ അനുമോളെ കൊന്നത് ഷാൾ മുറുക്കി
കട്ടപ്പന : കാഞ്ചിയാറിൽ നഴ്‌സറി സ്‌കൂൾ അദ്ധ്യാപിക അനുമോളെ കൊലപ്പെടുത്തി ഭർത്താവ് വിജേഷിനെ പിടികൂടിയത് കുമളി റോസാപ്പൂകണ്ടത്തു നിന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30 തോടെയാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിജേഷ് അനുമോളെ വകവരുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയാണെന്ന് വ്യക്തമായി. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് വിജേഷ് കടുംകൈക്ക് മുതിർന്നത്.
കയ്യിലുണ്ടായിരുന്ന പണം തീർന്നതിനെത്തുടർന്ന് നാട്ടിൽ എത്തി സുഹൃത്തുക്കളിൽ നിന്നും സഹായം തേടുന്നതിനായി ശ്രമിക്കുമ്പോൾ ആണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ വിജേഷ് അവശ നിലയിലായിരുന്നു. പിടിയിലായപ്പോൾ ഭക്ഷണം വേണമെന്ന് വിജേഷ് പൊലീസിനോട് ആവശ്യപ്പെട്ടതായും അറിയുന്നു.
വിജേഷിന്റെ മൊബൈൽ ഫോൺ ഏതാനും ദിവസങ്ങൾക്കു മുൻപ് വനമേഖലയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ടവർ ലൊക്കേഷൻ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കുന്നതിനാണ് വിജേഷ് മൊബൈൽ വനത്തിൽ ഉപേക്ഷിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ അദ്ധ്യാപകയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. അതിന് അഞ്ച് ദിവസം മുമ്പ് യുവതി കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണു മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതൽ കാണാനില്ലായിരുന്നു.
മൃതദേഹം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിജേഷിന്റെ കൈയിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച്ച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്‌കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാൽ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്‌കൂളിലെത്തിയില്ല. മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്നു പരാതി നൽകി.
പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.
മറുനാടന് മലയാളി ലേഖകന്.