- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 ലക്ഷം മുതൽ മൂന്ന് കോടി വരെ നിക്ഷേപമുള്ള മലയിൻകീഴ് സ്വദേശികളായ മൂന്നുപേർക്ക് പണത്തിന്റെ സ്രോതസ്സ് കാണിക്കാൻ നോട്ടീസ്; രേഖാ പരിശോധനയ്ക്ക് ശേഷം ഭാസുരാംഗനെ ചോദ്യം ചെയ്യും; ഇഡി എത്തിയിട്ടും നിക്ഷേപകർ ആശങ്കയിൽ; കണ്ടലയിലെ പണം പാവങ്ങൾക്ക് എന്ന് കിട്ടും?
തിരുവനന്തപുരം: കണ്ടലയിൽ എൻ ഭാസുരാംഗനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന പ്രാഥമിക നിമഗനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത രേഖകളും ഇടപാടുകൾ അടങ്ങിയ കംപ്യൂട്ടർ ഹാർഡ് ഡിസ്‌കും വിശദമായി പരിശോധിക്കും. അതിന് ശേഷം ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടാകും.
മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ ബന്ധുക്കളുടെ പേരിൽ വായ്പയ്ക്കായി ഈട് നൽകിയിരുന്ന 3 പ്രമാണങ്ങളും ബാങ്കിലെ അപ്രൈസർ കെ.അനിൽകുമാറിന്റെ പ്രമാണവും ഇഡി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. മുൻ സെക്രട്ടറിമാരുടെയും ഇന്റേണൽ ഓഡിറ്റർ എസ്.ശ്രീഗാറിന്റെയും വീട്ടിൽ പരിശോധന നടത്തിയ സംഘം ഭൂമിയുടെ രേഖകൾ പരിശോധിച്ചെങ്കിലും ഇവ കസ്റ്റഡിയിലെടുത്തില്ല. ഭാസുരാംഗനെതിരെ മാത്രമാണ് തെളിവ് കിട്ടിയതെന്നാണ് സൂചന.
35 മണിക്കൂർ നീണ്ട ഇഡി പരിശോധന വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അവസാനിച്ചത്. ഇഡി ഉദ്യോഗസ്ഥർക്ക് ഒപ്പമുണ്ടായിരുന്ന കംപ്യൂട്ടർ വിദഗ്ധൻ ബാങ്കിന്റെ ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും 2 ലാപ്‌ടോപ്പുകളിലായി പകർത്തി. ദിവസവും നടക്കുന്ന ഇടപാടുകൾ വായ്പ വിതരണം, നിക്ഷേപം, കറന്റ് അക്കൗണ്ട്, എസ്ബി അക്കൗണ്ട്, വിവിധ പേരുകളിൽ നടപ്പാക്കിയ നിക്ഷേപ പദ്ധതികൾ ഇവയൊക്കെ ഓരോ ദിവസവും ബാക്ക് അപ് ചെയ്ത് സൂക്ഷിച്ചിരുന്ന പ്രധാന ഹാർഡ് ഡിസ്‌കും ഇഡി പരിശോധിക്കും.
രേഖകളുടെ പരിശോധന പൂർത്തിയാവുമ്പോൾ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന് കൊച്ചിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സമൻസ് നൽകും. ബാങ്കിലെ നിക്ഷേപകരുടെയും വായ്പക്കാരുടെയും വിവരങ്ങൾ അടങ്ങിയ രജിസ്റ്ററുകൾ ശേഖരിച്ചു. എല്ലാ വിവരങ്ങളും 2 ലാപ് ടോപ്പിൽ പകർത്തി. ഭാസുരാംഗന്റെ കുടുംബാംഗങ്ങൾ വായ്പയ്ക്ക് ഈടായി നൽകിയിരുന്ന 3 പ്രമാണങ്ങളും അപ്രൈസർ കെ.അനിൽകുമാറിന്റെ വായ്പയ്ക്ക് ഈട് വച്ച പ്രമാണവും ഇ.ഡി കൊണ്ടുപോയി. ഭാസുരാംഗന്റെ കുടുംബാംഗങ്ങളുടെ പേരിൽ 2 ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം പിടിച്ചെടുത്തു.
താക്കോൽ ലഭിക്കാത്തതിനാൽ ഒരു ലോക്കർ പൊളിക്കുകയായിരുന്നു. ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകൾ ഹാജരാക്കാൻ സെക്രട്ടറി ബൈജു രാജനോടും അസി.രജിസ്ട്രാർ എൽ.ബിനിൽ കുമാറിനോടും നിർദ്ദേശിച്ചിട്ടുണ്ട്.ബാങ്കിൽ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വൻ നിക്ഷേപങ്ങളുള്ളവർക്ക് ഇ.ഡി നോട്ടീസ് നൽകിയതായാണ് സൂചന. 50 ലക്ഷം മുതൽ മൂന്ന് കോടി വരെ നിക്ഷേപമുള്ള മലയിൻകീഴ് സ്വദേശികളായ മൂന്നുപേർക്ക് പണത്തിന്റെ സ്രോതസ്സ് കാണിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
അതിനിടെ നിക്ഷേപകരുടെ ആശങ്കയ്ക്ക് വിരാമമില്ല. .ഭാസുരാംഗനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. തിരിമറിയിൽ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇഡി ചോദ്യം ചെയ്തു. നിക്ഷേപകർ നൽകിയ 72 പരാതികളിൽ 68ലും ഭാസുരാംഗനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പക്ഷേ, വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപിച്ച പണം എന്നു നൽകാനാകുമെന്ന കാര്യത്തിൽ നിക്ഷേപകർക്ക് ആരിൽ നിന്നും ഉറപ്പു ലഭിച്ചിട്ടില്ല.
വായ്പ കുടിശിക തിരിച്ചുപിടിക്കാനും ക്രമക്കേടിലൂടെ നഷ്ടമായ തുക അതിന് ഉത്തരവാദികളായവരിൽ നിന്ന് ഈടാക്കാനും നിക്ഷേപകർക്കു പണം മടക്കി നൽകാനും പ്രത്യേക പാക്കേജ് തയാറാക്കണമെന്നാണ് ആവശ്യം.




