- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടലയിൽ ഭാസുരാംഗന്റെ മൊഴികളിൽ അവ്യക്തത ഏറെ; മകനേയും ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത ഏറെ; വൻനിക്ഷേപം നടത്തിയവർ നിരീക്ഷണത്തിൽ; ഒരു പഞ്ചായത്ത് പ്രസിഡന്റും നിരീക്ഷണത്തിൽ; നിക്ഷേപകർക്ക് പാക്കേജിന് വേണ്ടി കത്തെഴുതി സിപിഎം എംഎൽഎ ഐബി സതീഷും
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ കൂടുതൽ ചോദ്യംചെയ്യലിനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന സിപിഐ. മുൻനേതാവ് എൻ. ഭാസുരാംഗനെ ചോദ്യംചെയ്ത ഇ.ഡി, അദ്ദേഹത്തിന്റെ മകൻ അഖിൽജിത്തിനെയും വിളിപ്പിക്കും. ഭാസുരാംഗന്റെ മൊഴിയിൽ അസ്വാഭാവികത ഏറെയാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും വൻനിക്ഷേപങ്ങൾ നടത്തിയവരെയും ചോദ്യംചെയ്യും.
കരുവന്നൂർ, കണ്ടല കേസുകൾ ഇ.ഡിയുടെ രണ്ട് യൂണിറ്റുകളാണു പ്രത്യേകം അന്വേഷിക്കുന്നത്. വസതിയിലടക്കം 44 മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ കസ്റ്റഡിയിൽ വിവരങ്ങൾ തിരക്കിയതിനു പിന്നാലെയാണു ഭാസുരാംഗനെ ഇ.ഡി. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഇന്നലെ രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വൈകിയാണ് അവസാനിച്ചത്. ഇനിയും ചോദ്യം ചെയ്യും. അതിന് ശേഷം ഭാസുരാംഗനെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന. ഒരു പഞ്ചായത്ത് പ്രസിഡന്റിനേയും ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.
കണ്ടലയിൽ ഭാസുരാംഗൻ പ്രസിഡന്റായിരുന്ന രണ്ടുപതിറ്റാണ്ട് കാലത്തെ ഇടപാടുകളാണ് ഇ.ഡി. പരിശോധിക്കുന്നത്. റെയ്ഡിനിടെ ഭാസുരംഗനെ ചോദ്യംചെയ്തെങ്കിലും ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ഇന്നലെ ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയത്. മകൻ അഖിൽജിത്തിനെ കസ്റ്റഡിയിലെടുത്ത ഇ.ഡി. അദ്ദേഹത്തിന്റെ ആഡംബരവാഹനവും പിടിച്ചെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. ബാങ്കിൽ ദുരൂഹനിക്ഷേപങ്ങൾ നടത്തിയവരെ ചോദ്യംചെയ്ത് സാമ്പത്തിക ഉറവിടം, ഇടപാടുകൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കും.
ഭാസുരംഗൻ പ്രസിഡന്റായിരുന്ന ഭരണസമിതിക്കെതിരേ 101 കോടി രൂപയുടെ ക്രമക്കേട് ആരോപണമാണുയർന്നത്. ഭാസുരാംഗന്റെ ബാങ്ക് ലോക്കറുൾപ്പടെ തുറന്ന് നിർണായകരേഖകൾ ശേഖരിച്ചിട്ടുണ്ടെന്നും അതിന്റെകൂടി പശ്ചാത്തലത്തിലാണ് ചോദ്യംചെയ്യലെന്നും ഇ.ഡി. വ്യക്തമാക്കി. അതിനിടെ ഇ.ഡി. ചോദ്യംചെയ്യാനല്ല, മൊഴിയെടുക്കാനാണു വിളിപ്പിച്ചതെന്നു ഭാസുരാംഗൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
ബാങ്കിൽ നടന്നതു തട്ടിപ്പല്ല ക്രമക്കേടാണ്. ഇടതുമുന്നണിയിലെ ഒരാളാണ് ആരോപണത്തിനു പിന്നിൽ. പേര് ഇപ്പോൾ പറയുന്നില്ല. തനിക്കെതിരായ ഗൂഢാലോചനയിൽ സിപിഎം, സിപിഐ. നേതാക്കൾ പങ്കാളികളാണെന്നും ഭാസുരാംഗൻ ആരോപിച്ചു. ഇതോടെ രാഷ്ട്രീയ മാനവും കണ്ടലക്കേസിന് കൈവരികയാണ്. അതിനിടെ കണ്ടല ബാങ്കിൽ നിക്ഷേപകരെ സഹായിക്കാൻ സർക്കാർ ഇടപെട്ട് പാക്കേജ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷ് സഹകരണവകുപ്പിനു കത്തു നൽകി. മന്ത്രിതലത്തിൽ യോഗം ചേർന്ന് തുടർനടപടികൾ ആലോചിക്കും.
കണ്ടല ബാങ്കിൽ നടന്ന സഹകരണ വകുപ്പിന്റെ 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ കുറ്റവാളികളായി പറഞ്ഞിട്ടുള്ള എല്ലാവരുടെയും സ്വത്തുക്കൾ ജപ്തി ചെയ്യുന്നതുൾപ്പെടെ നടപടികൾക്ക് സഹകരണ നിയമം 68(2) പ്രകാരം വകുപ്പ് തല നടപടിക്ക് സഹകരണ വകുപ്പ് തുടക്കമിട്ടു. വായ്പയെടുത്ത് കുടിശികയാക്കി അടയ്ക്കാതിരിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികൾക്കും വകുപ്പ് തുടക്കമിട്ടു.
മുൻ പ്രസിഡന്റ് ഭാസുരാംഗൻ നിക്ഷേപകരോട് സർക്കാർ തരാനുണ്ടെന്നു പറഞ്ഞിരുന്ന കാർഷിക കടാശ്വാസ തുക 8.15 കോടിയിൽ, അനുവദിച്ച 2.15 കോടിയും കേരള ബാങ്ക് വിട്ടുനൽകില്ലെന്നറിയിച്ചിട്ടുണ്ട്. കാർഷിക കടാശ്വാസ തുക കേരള ബാങ്ക് വഴിയാണ് ബാങ്കുകൾക്കു കൈമാറുന്നത്. 30 കോടി രൂപ കണ്ടല ബാങ്ക് കേരള ബാങ്കിന് നൽകാനുണ്ട്. കിട്ടാനുള്ള പണം തിരികെ കിട്ടാതെ ഈ തുക വിട്ടുകൊടുക്കുകയില്ല.




