- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയ്ഡിനിടെ തളർന്നു വീണു; കൊച്ചിയിലേക്ക് ചോദ്യം ചെയ്യാൻ ആദ്യം വിളിച്ചപ്പോൾ മകനും മരുമകൾക്കുമൊപ്പം കൈക്കുഞ്ഞിനേയും കൊണ്ടു വന്ന അതിബുദ്ധി; ഭാസുരാംഗനും മകനും ഇനി കുറച്ചുകാലം ജയിൽവാസ സാധ്യത; ഇഡിയിൽ കുടുങ്ങി കണ്ടലയിൽ ഭാസുരാംഗ ചരിതം ആന്റി ക്ലൈമാക്സിൽ
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തികപ്രതിസന്ധിക്കു മുഖ്യ കാരണക്കാരനെന്നു കണ്ടെത്തിയതോടെ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗൻ ഇ.ഡി. പിടിയിലായതോടെ അന്വേഷണം പുതിയ തലത്തിൽ. തട്ടിപ്പിലൂടെ നേടി പണം രാഷ്ട്രീയ നേതൃത്വങ്ങൾക്ക് പോയിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഭാസുരാംഗനേയും മകനേയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഭാസുരാംഗന്റെയും മകന്റെയും സാമ്പത്തികസ്രോതസ്സ്, ബിസിനസ് രംഗത്തെ വളർച്ച തുടങ്ങിയവ നിരീക്ഷിച്ചാണ് ഇ.ഡി.യുടെ നടപടി. മൂന്നുപതിറ്റാണ്ടിലധികം മാറനല്ലൂരിലെ പ്രധാനിയായിരുന്നു ഭാസുരാംഗൻ.
2005 മുതൽ 2021 ഡിസംബർവരെ നിക്ഷേപത്തിൽനിന്നു വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമവസ്തുക്കളിൽ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്. നിക്ഷേപത്തിൽനിന്നു ചിട്ടികളിലേക്കു വകമാറ്റിയത് 10 കോടിയും. 2005-06 വർഷത്തിൽ മാത്രം അധിക പലിശനിരക്കിലും സഹകരണ ആശുപത്രിയിലേക്കു ചെലവുകളിലുമായി 3.9 കോടി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഭരണ സമിതി ആരോപണത്തെ തുടർന്ന് രാജിവച്ചെങ്കിലും ഭാസുരാംഗൻ ആത്മവിശ്വാസത്തിലായിരുന്നു. പൊലീസ് കേസിൽ എല്ലാം ജാമ്യം എടുത്തു. ഇതിനിടെയാണ് ഇടിത്തീ പോലെ ഇഡി എത്തിയത്.
വലിയ റെയ്ഡ് മാറനെല്ലൂരിൽ ഇഡി നടത്തി. അതിബുദ്ധിമാനായ ഭാസുരാംഗൻ റെയ്ഡിനിടെ തളർന്നു വീണു. ആശുപത്രിയിലുമായി. അതിന് ശേഷം ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് ഇഡി വിളിപ്പിച്ചു. മകനേയും മകന്റെ ഭാര്യയേയും മൊഴി എടുക്കാൻ എത്താൻ ആവശ്യപ്പെട്ടു. അന്ന് മാസങ്ങൾ പ്രായമുള്ള മകന്റെ കുട്ടിയുമായാണ് ഭാസുരാംഗൻ എത്തിയത്. മകനും മരുമകൾക്കുമൊപ്പം കുട്ടിയേയും കൊണ്ടു വന്നത് ഇഡിയെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു. അത് അറസ്റ്റാവുകയും ചെയ്തു.
പ്രമുഖ സഹകരണസ്ഥാപനമായിരുന്ന മാറനല്ലൂരിലെ കണ്ടല സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ കുറച്ചുകാലമായി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വർഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായെന്നാണ് സഹകരണ വകുപ്പ് 2021-ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ ഉത്തരവാദിത്വം ഭാസുരാംഗനും മറ്റു ഭരണസമിതി അംഗങ്ങൾക്കുമാണെന്നും വകുപ്പ് കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് ബാങ്കിനു നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണമെന്നും സഹകരണ വകുപ്പ് റിപ്പോർട്ടുണ്ട്. മറുനാടനാണ് ഇതെല്ലാം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് എല്ലാ മാധ്യങ്ങളും ഏറ്റെടുത്തു.
കണ്ടല സഹകരണ ബാങ്കിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നിയമന തട്ടിപ്പിലൂടെ ഭാസുരാംഗൻ നേടിയെടുത്തത് കോടികളാണ്. പ്യൂൺ, അറ്റൻഡർ, സെയിൽസ്മാൻ തസ്തികയിൽ കളക്ഷൻ ഏജന്റുമാരെ നിയമിച്ചതിന് പുറമെ വകുപ്പിന്റെ അനുമതിയില്ലാതെ ഗ്രേഡും ശമ്പള പരിഷ്‌കരണവും നടപ്പാക്കി. ഇവർക്ക് നിയമനം നല്കുമ്പോൾ പത്ത് ലക്ഷം രൂപയും സ്ഥാനക്കയറ്റം നല്കുമ്പോൾ ഗ്രേഡ് അനുസരിച്ച് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയും ഭാസുരാംഗന് നല്കണം. ബാങ്കിന്റെ സഹകരണ ആശുപത്രിയിൽ വിവിധ തസ്തികകളിലായി 77 നിയമനങ്ങൾ നടത്തി. ഇതിൽ ഭരണസമിതി അംഗങ്ങളുടെ ബന്ധുക്കൾ, സിപിഎം, സിപിഐ നേതാക്കളുടെ ബന്ധുക്കൾ ഇവരെ ഒഴിവാക്കിയാൽ അമ്പതോളം പേരെ ഭാസുരാംഗൻ നേരിട്ട് നിയമിച്ചു. ഇതെല്ലാം കോഴയിലൂടെയായിരുന്നു.
അഞ്ചു മുതൽ പത്ത് ലക്ഷം രൂപ വരെ കോഴപ്പണം വാങ്ങിയാണ് നിയമനം. നിയമനങ്ങൾ എല്ലാം സഹകരണ നിയമവും ചട്ടവും രജിസ്ട്രാറുടെ സർക്കുലറിലെ വ്യവസ്ഥയും ലംഘിച്ചായിരുന്നു. അനുമതി ഇല്ലാതെ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ 6 പേരെ നിയമിച്ചു. ഇവരെ ഫുൾടൈം സ്വീപ്പറാക്കി സ്ഥിരനിയമനം നല്കാമെന്ന വ്യവസ്ഥയിൽ പത്ത് ലക്ഷം രൂപ വരെ ഓരോരുത്തരിൽ നിന്നും ഈടാക്കി. പ്രധാന ഓഫീസ് ഉൾപ്പെടെ വെറും നാലു ശാഖകൾ മാത്രം ഉള്ളപ്പോഴാണ് ആറ് പേരെ പാർട്ട് ടൈം സ്വീപ്പർമാരായി നിയമിച്ചത്. ഇതിനൊപ്പമാണ് നിക്ഷേപ തട്ടിപ്പ്.
എന്നാൽ ഭരണസമിതിക്കെതിരെ നടപടിയെടുത്തത് ആറ് മാസം പിന്നിട്ട ശേഷം. അതും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാതായതോടെ പൊലീസിനെ സമീപിച്ചപ്പോൾ. ഈ ആറു മാസത്തിനിടയിൽ പല തരത്തിലുള്ള കൂടുതൽ തട്ടിപ്പ് നടത്തി ഭാസുരാംഗനും ബിനാമികളും ലക്ഷങ്ങളുടെ വായ്പകൾ തരപ്പെടുത്തി. ധൂർത്തടിയിലൂടെ മാത്രം 22.22 കോടി രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയതായും സഹകരണ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെയാണ് വായ്പാ തട്ടിപ്പ്. ഈ തട്ടിപ്പിന്റെയെല്ലാം റിപ്പോർട്ടുകൾ നിലനിൽക്കെയാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് സിപിഐയിലെ ഭാസുരാംഗനെ മിൽമയിൽ അഡ്‌മിനിസ്ട്രേറ്റർ ആക്കിയത്.
കോൺഗ്രസ് പ്രവർത്തകനായാണ് ഭാസുരാംഗൻ രാഷ്ട്രീയ രംഗത്തെത്തുന്നത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, മാറനല്ലൂർ പഞ്ചായത്തംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. കോൺഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളെത്തുടർന്ന്, പാർട്ടി വിട്ടശേഷമാണ് സിപിഐ.യിലെത്തുന്നത്. തുടർന്നാണ് മാറനല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ സിപിഐ. പ്രമുഖ കക്ഷിയായി മാറുന്നത്. ഇടതുപക്ഷത്ത് എത്തിയ ഭാസുരാംഗന് സിപിഎമ്മിൽ എന്നും ശസ്ത്രുക്കളുണ്ടായിരുന്നു. ഈ പ്രശ്‌നവും കണ്ടല ബാങ്കിൽ നിർണ്ണായകമായി.
ക്ഷീരകർഷകരുടെ സഹകരണ സംഘമുണ്ടാക്കി ഭാസുരാംഗൻ മാറനല്ലൂരിൽ ക്ഷീര എന്ന പാലും പാലുത്പന്ന നിർമ്മാണ യൂണിറ്റും തുടങ്ങി. ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭങ്ങളിലൊന്നായിരുന്നു ക്ഷീര. ഇന്ന് ക്ഷീരയുടെ പ്രവർത്തനം പൂർണമായും നിലച്ചു. അപ്പോഴും കണ്ടല ബാങ്ക് വളർന്ന് പടർന്നു. ഇതിനിടെ പലവിധ ആരോപണങ്ങൾ നേരിട്ടു. പക്ഷേ ആരും ചെറുവിരൽ അനക്കിയില്ല. ഇതിനിടെ ഇഡി എത്തി. ഇതോടെ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായിരുന്ന ഭാസുരാംഗനെതിരേ നടപടിയെടുക്കാൻ സിപിഐ. നേതൃത്വം നിർബന്ധിതമായത്. പിന്നെ അറസ്റ്റും. കണ്ടലയിലെ ഭാസുരാംഗ ചരിതം അവസാനിക്കുകയാണ്.




