തൊടുപുഴ; പൊലീസിനെ വട്ടം കറക്കി 14 കാരി. റെസ്‌ക്യൂഹോമിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. നടപടികൾ പൂർത്തിയാക്കാൻ പൊലീസ് അനുഭവിക്കുന്നത് സമാനതകൾ ഇല്ലാത്ത ബുദ്ധിമുട്ടുകളെന്നും സൂചന. 15 കാരനായ കാമുകനൊപ്പം ഒളിച്ചോടുകയും 5 ദിവസത്തിന് ശേഷം പോണ്ടിച്ചേരിയിൽ നിന്നും കണ്ടെത്തുകയുമായിരുന്നു 14കാരിയെ. ഈ കുട്ടിയെ കാഞ്ഞാറിൽ എത്തിക്കുകയും ചെയ്തു. എന്നാൽ 14 കാരിയുടെ പ്രവർത്തികൾ മൂലം കാഞ്ഞാർ സ്റ്റേഷനിലെ പൊലീസുകാരണ് കഷ്ടത്തിലായിരിക്കുന്നത്.

ഇതുവരെ ഇത്തരത്തിൽ ഒരനുഭവം നേരിടേണ്ടിവന്നിട്ടില്ലന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ കേസിന്റെ ചുമതലയിൽ നിന്ന് എങ്ങിനെയെങ്കിലും തലയൂരികിട്ടിയാൽ മതിയെന്നാണ് ഇപ്പോൾ ഇവരിൽ പലരുടെയും നിലപാട്. 15 കാരനായ കാമുകനൊപ്പം ചുറ്റിക്കറങ്ങിയിരുന്ന പെൺകുട്ടിയെ ഉച്ചയോടെയാണ് പൊലീസ് സംഘം കാഞ്ഞാറിൽ എത്തിച്ചത്. ഇന്നലെ രാത്രി കണ്ടെത്തിയത് മുതൽ പൊലീസുമായി പെൺകുട്ടി കലഹിച്ചിരുന്നു. നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനെ പെൺകുട്ടി ശക്തമായി എതിർത്തിരുന്നു. കാമുകനൊപ്പം ജീവിക്കാൻ വിടണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം.

കോടതി പറയും പോലെ ആയിക്കോളു എന്ന നിലപാടിലായിരുന്നു പൊലീസ് . ഒരു വിധത്തിലാണ് പെൺകുട്ടിയെ പൊലീസ് സംഘം കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതും. ഇവരെ കണ്ടെത്താൻ ദിവസങ്ങളായി പൊലീസ് സംഘം ഓട്ടപ്പാച്ചിലിൽ ആയിരുന്നു. ഇന്നലെ ഇവരെ തമിഴ്‌നാട്ടിൽ നിന്നും കണ്ടുകിട്ടിയതോടെയാണ് ഇതിന് അറുതിയായത്. കാഞ്ഞാർ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 15 കാരനായ കാമുകനെയും 14 കാരിയായ കാമുകിയെയും പോണ്ടിച്ചേരിയിൽ നിന്നും കണ്ടെത്തിയത്.

മകളെ കാണാനില്ലന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കാഞ്ഞാർ പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകനായ 15 കാരനൊപ്പമാണ് പെൺകുട്ടി പോയിട്ടുള്ളതെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇത് മൂന്നാം തവണയാണ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുന്നത്. മൂവാറ്റുപുഴയിൽ വർക്ക് ഷോപ്പിൽ സഹായിയാണ് 15 കാരൻ. മൂന്നുമാസം മുമ്പ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായിരുന്നു. അന്ന് അടിമാലിക്കടുത്ത് ആനച്ചാലിൽ നിന്നും പൊലീസ് സംഘം ഇവരെ കണ്ടെത്തുകയായിരുന്നു.

മുമ്പും പെൺകുട്ടി കാമുകനൊപ്പം നാടുവിട്ടിരുന്നു.താമസിയാതെ പൊലീസ് ഇരുവരെയും കണ്ടെത്തി വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടിരുന്നു. ഒളിച്ചോട്ടം പതിവായതോടെ ഇരുവരുടെയും വീട്ടുകാർ തമ്മിൽ ആലോചിച്ച് പ്രായപൂർത്തിയാവുമ്പോൾ വിവാഹം നടത്താം എന്ന് ധാരണയായിരുന്നു.ഇത് കമിതാക്കൾക്ക് സ്വകാര്യമായിരുന്നില്ല.തങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം എന്ന നിലപാടിൽ ഇവർ ഉറച്ചുനിൽക്കുന്നതായിട്ടാണ് സൂചന. കുട്ടിയെ നോക്കാനുള്ള രക്ഷകർത്താക്കളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കി പെൺകുട്ടിയെ ഏതെങ്കിലും സുരക്ഷിത കേന്ദ്രത്തിലാക്കി കൗൺസിലിങ് നൽകണമെന്ന് കാണിച്ച് കാഞ്ഞാർ പൊലീസ് അപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു.

പൊലീസിന്റെ ആവശ്യപ്രകാരം വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിച്ച പെൺകുട്ടിയെ അതിന് നിർബന്ധിക്കാൻ തനിക്ക് കഴിയില്ലെന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ ഓഫീസറുടെ നിലപാട് കോടതിയും ശരിവയ്ക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹജരാക്കാൻ ഒപ്പം പുറപ്പെട്ട വനിത പൊലീസുകാർ അടക്കമുള്ളവരെ പെൺകുട്ടി ശരിക്കും വട്ടം ചുറ്റിച്ചതായിട്ടാണ് സൂചന. നാളെ രാവിലെയാാണ് പെൺകുട്ടിയെ കമ്മറ്റി മുമ്പാകെ ഹാജരാക്കേണ്ടത്.

ഒരു രാത്രി പെൺകുട്ടിയെ മൈലകൊമ്പിലെ റെസ്‌ക്യൂ ഹോമിൽ പെൺകുട്ടിയെ പാർപ്പിക്കുന്നതിനായിരുന്നു പൊലീസ് ലക്ഷ്യമിട്ടിരുന്നത്. ഇവിടേയ്ക്ക് കയറാൻ പോലൂം പെൺകുട്ടി തയ്യാറായില്ല.പൊലീസ് ഇടപെട്ടപ്പോൾ പെൺകുട്ടി ഇവരോട് തട്ടിക്കയറി. പറയാനുള്ളതെല്ലാം നാളെ ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാനോട് പറയാമെന്നും അദ്ദേഹം പറയും പോലെ ചെയ്യാമെന്നും ഇതല്ലാതെ ഇപ്പോൾ ഒരിടത്തേയ്ക്കും വിടില്ലന്നും പൊലീസ് നിലപാട് സ്വീകരിച്ചതോടെ രാത്രി റെസ്‌ക്യൂഹോമിൽ കഴിയാൻ പെൺകുട്ടി മനസില്ലാമനസോടെ സമ്മതിക്കുകയായിരുന്നു.

രാത്രിയിൽ പെൺകുട്ടിക്ക് കൂട്ടായി മാതാവിനെയും ഒപ്പം പാർപ്പിച്ചിട്ടുണ്ട്. ഉറ്റവരുടെ വാക്കുകൾ പെൺകുട്ടിയെ അവഗണിക്കുകയാണ്. പൊലീസിനെ തെല്ലും ഭയമില്ലാത്ത രീതിയിലാണ് പെൺകുട്ടിയുടെ പെരുമാറ്റം.ഈ സ്ഥിതിയിൽ എങ്ങിനെ നാളത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കും എന്ന വേവലാതിയാലാണ് പൊലീസ് സംഘം.