- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും
കോഴിക്കോട്: കാരശ്ശേരിയിൽ റോഡിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിൽ വിശദ അന്വേഷണത്തിന് പൊലീസ്. കാരശ്ശേരി പഞ്ചായത്തിലെ വാർഡ് 12 ൽ വലിയപറമ്പ്- തോണ്ടയിൽ റോഡിനു സമീപം ആണ് സ്ഫോടക വസ്തുക്കൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കേന്ദ്ര ഏജൻസികളും സംഭവത്തിൽ വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.
എട്ടു പെട്ടികളിലായി 800 ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. എങ്ങനെ ജലാറ്റിൻ സ്റ്റിക്കുകൾ എത്തിയെന്നതും പരിശോധിക്കും. തീവ്രവാദ സംഘങ്ങളുടെ അടക്കം പങ്കു പരിശോധിക്കും. പാറമടക്കാർ കൊണ്ടിട്ടതാകാനും സാധ്യതയുണ്ട്. ഏതായാലും ഏറെ ദുരൂഹതകൾ ഇതിന് പിന്നിലുണ്ട്.
കാരശേരി - വലിയപറമ്പ് - തൊണ്ടയിൽ റോഡിനു സമീപത്തെ പറമ്പിലാണ് എട്ട് പെട്ടികളിലായി ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. ഇതിൽ രണ്ട് പെട്ടികൾ പൊട്ടിച്ചനിലയിലും മറ്റു പെട്ടികൾ പൊട്ടിക്കാത്ത നിലയിലുമായിരുന്നു. 800ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും മുക്കം പൊലീസ് പറഞ്ഞു. ഉഗ്രസ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.
പെട്ടികളിൽ അശ്രദ്ധമായി കൂട്ടിയിട്ട നിലയിലായിരുന്നു ഇവ. ഇവ പാറമടയിലേക്ക് എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. പാറമടകളിൽ പരിശോധന നടക്കുമ്പോൾ അളവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ ഉണ്ടെങ്കിൽ പിടിച്ചെടുക്കാറുണ്ട്. ഇത്തരം പരിശോധന ഭയന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. നടപ്പുവഴിക്ക് സമീപം സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
വയനാട്ടിലും കണ്ണൂരുമെല്ലാം സ്ഫോടക വസ്തു നിർമ്മാണ കേന്ദ്രങ്ങളുണ്ടെന്നും നിഗമനമുണ്ട്. ഇവിടേക്ക് വല്ലതും കൊണ്ടു പോയ സ്റ്റിക്കുകൾ പൊലീസ് പരിശോധനയെ തുടർന്ന് ഉപേക്ഷിക്കാനും സാധ്യത ഏറെയാണ്. സ്ഥലത്തെ സിസിടിവി പരിശോധനയിലൂടെ വസ്തുത കണ്ടെത്താമെന്നാണ് പൊലീസ് പ്രതീക്ഷ. കേന്ദ്ര ഏജൻസികളും അന്വേഷണം സമാന്തരമായി നടത്തും. ജലാറ്റിൻ സ്റ്റിക്കിന്റെ ഉറവിടം കണ്ടെത്തുകയാകും അവർ ചെയ്യുക.
മലബാർ കേന്ദ്രീകരിച്ച് ചില സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള സൂചനകൾ കേന്ദ്ര ഏജൻസികൾക്കുണ്ട്. ഐസിസ് മൊഡ്യൂളുകളും സജീവമാണ് ഇവിടെ. ഈ സാഹചര്യത്തിലെ സ്ഫോടക വസ്തു കണ്ടെത്തലിനെ ഗൗരവത്തോടെ എടുക്കാനാണ് ഐബിയുടെ തീരുമാനം.