മലപ്പുറം :ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിനുള്ളിലും ന്യൂട്ടല്ല സ്‌പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം അഞ്ചു വിത്യുസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.

എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നും ഷാർജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങൽ ഹംസ മകൻ അബ്ദുൽ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിന്റർ സംശയത്തേതുടർന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവെക്കുകയുണ്ടായി .ആശിഖ് കൊണ്ടുവന്ന ബാഗ്ഗെജിന്റെ എക്‌സറേ പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്‌റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ സഹോദരൻ തന്നയച്ചതാണെന്നും അതിൽ സ്വർണ്ണമില്ലെന്നു തനിക്ക് ഉറപ്പാണെന്നും അതിനാൽ പ്രിന്റർ തുറന്നു പരിശോധിച്ച് കേടുവന്നാൽ പുതിയ പ്രിന്റർ നൽകേണ്ടിവരുമെന്ന് ഉദ്യോഗസ്ഥരോട് ആശിഖ് വ്യക്തമാ ക്കുകയുണ്ടയി.

ഏകദേശം പതിനായിരം രൂപയോളം വിലവരുന്ന പ്രിന്റർ അതിനാൽ പൊട്ടിച്ചു നോക്കാതെ ഉദ്യോഗസ്ഥർ വിശദ പരിശോധക്കായി പിടിച്ചുവെക്കുകയുണ്ടായി. അത് ഇന്നലെ തുറന്നു നടത്തിയ വിശദമായ പരിശോധനയിൽ ആണ് പ്രിന്റ്‌റിന്റെ പാർട്‌സായി വച്ചിരുന്ന 2 റോഡുകളിൽ ഉണ്ടായിരുന്ന സ്വർണം വിദഗ്ദരുടെ സഹായ ത്തോടെ കസ്റ്റീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടികൂടിയ 995 ഗ്രാം തങ്കത്തിനു വിപണിയിൽ 55 ലക്ഷം രൂപ വിലവരും.കള്ളക്കടത്തു സംഘം ആശിഖിനു 90000/ രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. സ്വർണക്കടത്തു സംഘത്തിന്റെ ഉപദേശപ്രകാരമാണ് നേരത്തെ ആശിഖ് ഇതുമായി ബന്ധപ്പെട്ട് തന്റെ സഹോദരൻ തന്നയച്ച കഥയെല്ലാം പറഞ്ഞു ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചത്.

മറ്റൊരു കേസിൽ ഇന്നലെ വൈകുന്നേരം ദുബായിൽനിന്നും വന്ന എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിൽനിന്നുമാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നീല കളറിലുള്ള ക്ലോത്‌ബെൽറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ എയർ ഇന്ത്യ ക്യാബിൻ ക്രൂവിന്റെ സഹായത്തോടെ പിടികൂടിയത്. വിമാനം കരിപ്പൂരിലെത്തിയ ശേഷം ഈ പാക്കറ്റ് മറ്റാരുടെയോ സഹായത്തോടെ പുറത്തു കടത്തുവാനിരുന്നതാണെന്നു സംശയിക്കുന്നു.

ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം തവനൂർ സ്വദേശിയായ ചെറുകാട്ടുവളപ്പിൽ സൈദാലി മകൻ അബ്ദുൽ നിഷാറിൽ (33) നിന്നും 1158 ഗ്രാം സ്വർണ്ണമിശ്രിതവും കൊടുവള്ളി അവിലോറ സ്വദേശിയായ പാറക്കൽ കാദർ മകൻ സുബൈറിൽ (35) നിന്നും 1283 ഗ്രാം സ്വർണ്ണമിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്‌സുലുകൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയുണ്ടായി. കള്ളക്കടത്തുസംഘം നിഷാറിന് 50000 രൂപയും സുബൈറിനു 70000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

മറ്റൊരു കേസിൽ ഇന്നലെ വൈകുന്നേരം ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ വന്ന വടകര വില്ലിയാപ്പള്ളി സ്വദേശിയായ താച്ചാർ കണ്ടിയിൽ അഷ്‌റഫ് മകൻ അഫ്‌നാസിൽ (29) നിന്നും ന്യൂട്ടല്ല സ്‌പ്രെഡ് ജാറിനുള്ളിൽ കലർത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വർണം ഡി ആർ ഐ ഉദ്യോഗസ്ഥരും കസ്റ്റീസ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടക്കുകയുണ്ടായി. കള്ളക്കടത്തുസംഘം അഫ്‌നസിന് 50000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഈ അഞ്ചു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റീസ് സമഗ്ര അന്വേഷണം നടത്തി വരികയാണ് .