മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി സ്വർണം കടത്താൻ മാഫിയാ സംഘം സ്ത്രീകൾക്ക് പിന്നാലെ. സ്ഥിരം സ്വർണക്കടത്തു സംഘങ്ങൾ പിടിയിലാകുന്നതിനാൽ തന്നെ കരിപ്പൂർ വിമാനത്തവളം വഴിയുള്ള സ്വർണക്കടത്തിപ്പോൾ വാർത്തയല്ലാതെ മാറിയിട്ടുണ്ട്. കസ്റ്റിംസിനെ കബളിപ്പിച്ചു സ്വർണവുമായി പുറത്തുകടക്കുന്നവരെ പിടികൂടാൻ കരിപ്പൂരിൽ പൊലീസുമുണ്ട്. കേരളത്തിലെ വിമാനത്തവളങ്ങളിൽനിന്നും വിഭിന്നമായാണു കരിപ്പൂരിൽ പൊലീസിന്റെ നേതൃത്വത്തിൽ സ്വർണം പിടികൂടുന്നത്.

എന്നാൽ അടുത്തിടെ വ്യാപകമായി സ്ത്രീകളെ സ്വർണക്കടത്ത് കാരിയർമാരാക്കി മാറ്റിയിരിക്കുകയാണിപ്പോൾ സ്വർണക്കടത്ത് സംഘങ്ങൾ. ഇത്തരത്തിൽ സ്ത്രീകളെ കാരിയർമാരാക്കി മാറ്റാൻ പ്രത്യേകം ഏജന്റുമാർ ദുബായിൽ സജീവമായുണ്ട്. നാട്ടിലേക്കു പുറപ്പെടാനിരിക്കുന്ന സ്ത്രീകളെ യു.എ.ഇ.യിലെ വിവിധ വിമാനത്തവളത്തിനുപുറത്തുവെച്ചു പരസ്യമായി കാരിയർമാരാക്കാൻ ചോദിക്കുന്ന ഏജന്റുമാരുണ്ടെന്നു സ്വർണവുമായി പിടിയിലായവർ പൊലീസിനും, കസ്റ്റംസിനും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ബന്ധപ്പെടുന്ന സ്ത്രീകളിൽ ഭൂരിഭാഗവും ഭയന്ന് പന്മാറുന്നവരാണ്.

എന്നാൽ റിസ്‌കെടുത്ത് കാരിയർമാരാവാൻ രംഗത്തുവരുന്നത് വേഗത്തിൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളാണ്. അതുപോലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുമാണ് ഇതിന് തെയ്യാറാകുന്നത്. കഴിഞ്ഞ ദിവസം കരിപ്പൂരിൽ സ്വർണവുമായി പിടിയിലായ ഷബ്‌നമോളും ഷമീനയും സ്വർണം കടത്തിയത് വേഗത്തിൽ പണമുണ്ടാക്കാനാണ്. കുടുംബമായി യാത്രചെയ്യുന്നവർക്കും വലിയ ഡിമാന്റുണ്ട്. സാധാരണ കാരിയർമാർക്കു നൽകുന്നതിനേക്കാൾ ഇരട്ടിയോളം തുകയും ഇവർക്കു പ്രതിഫലമായി നൽകും. ഒരിക്കലും പിടികൂടാൻ സാധ്യതയില്ലെന്ന മൂൻധാരണയിലാണ് ഇത്തരത്തിൽ യുവതികളെ തേടി ഏജന്റുമാർ ഗൾഫിൽ സജീവമായി വലവിരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പിടിയിലായ 37കാരിയായ ഷമീന ഭർത്താവിനൊപ്പമാണ് സ്വർണം കടത്തിയത്. എന്നാൽ അന്നേ ദിവസം തന്നെ സ്വർണം കടത്തിയ ഷബ്‌ന തനിച്ചാണ് കൊണ്ടുവന്നത്. കൊഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശികളായപുളിക്കിപൊയിൽ ഷറഫുദ്ധീനും(44) ഭാര്യ നടുവീട്ടിൽ ഷമീന (37)യുമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിയലായത്. രണ്ടുപേരിൽനിന്നായി 1.15കോടി രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്. 16നു രാത്രി ദുബായിൽനിന്നും സ്‌പൈസ്‌ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഷേറഫുദ്ധീൻ തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളിൽനിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് പിടിച്ചെടുത്തത്.

കള്ളക്കടത്തുസംഘം രണ്ടുപേർക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നു ഇരുവരും മൊഴി നൽകി. ഇരുവരും തങ്ങളുടെ കുട്ടികളോടോത്ത് ദുബായിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്തുവാനാണ് ഈ ദമ്പതികൾ ശ്രമിച്ചതെന്നു കസ്റ്റംസ് അധികൃതർ പറഞ്ഞു. ഷമീനയെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ സ്വർണ്ണമിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചതിനാൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഷറഫുദ്ധീൻ താനും സ്വർണം ഒളിപ്പിച്ചു വച്ചു കൊണ്ടുവന്നിട്ടുണ്ടെന്നു ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.

അതേ സമയം കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി കുന്നമംഗലം സ്വദേശി ഷബ്‌ന പിടികൂടിയത് പൊലീസാണ്. ജിദ്ദയിൽ നിന്നും സ്‌പൈസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഷബ്‌നയിൽ നിന്നും 1884 ഗ്രാം 24 ക്യാരറ്റ് സ്വർണ മിശ്രിതമാണ് എയർപോർട്ടിന് പുറത്തുവച്ച് പൊലീസ് പിടികൂടിയത്. വസ്ത്രത്തിനുള്ളിൽ സ്വർണ മിശ്രിതം പായ്ക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണ മിശ്രിതത്തിന് 1.17 കോടി രൂപ വില വരും. ജിദ്ദയിൽ നിന്നും സ്‌പൈസ് വിമാനത്തിലാണ് യുവതി കരിപ്പൂരിൽ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.15 മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും യുവതി എല്ലാം നിഷേധിച്ചു.

താൻ ഗോൾഡ് ക്യാരിയറാണെന്നോ തന്റെ പക്കൽ സ്വർണമുണ്ടെന്നോ സമ്മതിക്കാൻ യുവതി തയ്യാറായില്ല. തുടർന്ന് ലഗേജ് ബോക്‌സുകൾ തുറന്ന് വിശദമായി പരിശോധിച്ചു. യുവതിയുടെ ദേഹം പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. യുവതി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡോർ പോക്കറ്റിൽ നിന്നും സ്വർണ മിശ്രിതമടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്. പാക്കറ്റിന് 1884 ഗ്രാം ഭാരമുണ്ടായിരുന്നു. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം എയർപോർട്ടിനകത്ത് വെച്ച് തന്റെ ഹാൻഡ് ബാഗിനകത്തേക്ക് യുവതി മാറ്റിയിരുന്നു. പൊലീസ് സമീപിച്ചപ്പോഴാണ് ബാഗിൽ നിന്നും കാറിലെ ഡോർ പോക്കറ്റിലേക്ക് മാറ്റിയത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ ഒരു കോടിയോളംവരുന്ന സ്വർണം കടത്താൻ ശ്രമിച്ച കാസർകോട്ടെ 19കാരി ഷഹല പിടിയിലായതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഷഹ്ലക്കു പിന്നലെ പിറ്റേദിവസം തന്നെ 30കാരിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഡീനയും പിടിയിലായി. വിദേശത്തുനിന്നും സ്വർണ്ണവുമായി കരിപ്പൂർ വിമാനതാവളത്തിലെത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ ഡീനയേയും,ഇവരുടെ ഒത്താശയോടെ സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘത്തെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

മുമ്പും സ്വർണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വർണം തട്ടുന്ന സംഘവുമായി ഒത്ത് ചേർന്ന് കടത്ത് സ്വർണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേ സമയം കസ്റ്റംസിനെ വെട്ടിച്ചും സ്വർണം സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവർച്ചാ സംഘത്തോടൊപ്പം കാറിൽ കയറി അതിവേഗം എയർപോർട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.