മലപ്പുറം: കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് കാരിയർമാരാകാൻ സുന്ദരികളായ യുവതികൾക്ക് വൻ ഡിമാന്റ്. ഇവർക്കു സാധാരണ കാരിയർമാർക്കു നൽകുന്നതിനേക്കാൾ ഇരട്ടി തുകയും പ്രതിഫലമായി നൽകും. ഒരിക്കലും പിടികൂടാൻ സാധ്യതയില്ലെന്ന മൂൻധാരണയിലാണ് ഇത്തരത്തിൽ യുവതികളെ തേടി ഏജന്റുമാർ ഗൾഫിൽ സജീവമായി വല വിരിച്ചിരിക്കുന്നത്. ഗർഫിൽ നിന്നും നാട്ടിലേക്കുപോരുന്ന യുവതികളെ ബന്ധപ്പെടാൻ പ്രത്യേക ഏജന്റുമാർ തന്നെ ഗൾഫ് രാജ്യങ്ങളിലുണ്ടെന്നു പിടിയിലായ ചിലർ മൊഴി നൽകിയതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു കോടിയോളം വരുന്ന സ്വർണം കടത്താൻ ശ്രമിച്ച കാസർകോട്ടെ 19കാരി ഷഹല പിടിയിലായതിന് പിന്നാലെ സ്വർണം കടത്താൻ ശ്രമിച്ച 30കാരിയും വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഡീനയും പിടിയിലായി. വിദേശത്തുനിന്നും സ്വർണ്ണവുമായി കരിപ്പൂർ വിമാന താവളത്തിലെത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയെയും, യുവതിയുടെ ഒത്താശയോടെ സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘത്തെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 22നു രാവിലെ ,8.30നു ദുബായിൽ നിന്നും നിയമവിരുദ്ധമായി എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം സ്വർണ്ണവുമായാണ് ഡീന പിടിയിലായത്. സ്വർണം തട്ടിയെടുക്കാൻ എയർപോർട്ടിലെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അതേ സമയം 94ലക്ഷത്തോളം രൂപയുടെ സ്വർണവുമായി അറസ്റ്റിലായ കാസർകോട് സ്വദേശി ഷഹലക്കു ഒരുലക്ഷത്തോളം രൂപയും വിമാന ടിക്കറ്റുമാണ് മാഫിയാ സംഘം ഓഫർ ചെയ്തിരുന്നത്. ഇത്തരത്തിൽ വലിയ തുകകളാണ് ഇവർക്കു നൽകുന്നത്. പരിശോധനയിൽ സ്ത്രീകൾക്കു ലഭിക്കുന്ന പരിഗണന മുതലെടുത്ത് സ്വർണം കടത്തുന്നതാണ് സ്വർണക്കടത്ത് മാഫിയകളുടെ പുതുരീതി. ഇത്തരത്തിൽ അടുത്തിടെ നിരവധി സ്ത്രീകൾ സ്വർണം കടത്തിയതായും പൊലീസിനും കസ്റ്റംസിനും വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ പിടിക്കപ്പെടാൻ സാധിക്കാത്ത നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണു പുതിയ സ്ത്രീകാരിയർമാരെ സ്വർണക്കടത്ത് മാഫിയ സംഘങ്ങൾ വലവീശിപ്പിടിക്കുന്നത്. ഇവരുടെ ഭയം ഇല്ലാതാക്കാൻ നേരത്തെ സ്വർണം കടത്തിയ മറ്റു സ്ത്രീകളുമായി ഫോണിൽ സംസാരിപ്പിക്കുകയും യാത്രയിൽ ശ്രദ്ധിക്കേണ്ട വിവരങ്ങൾ അവരിൽനിന്നു തന്നെ മനസ്സിലാക്കി നൽകുകയും ചെയ്യും. ഇതോടെ ലഭിക്കുന്ന വൻ തുകയും സ്വപ്നം കണ്ടാണു സ്ത്രീകൾ കാരിയർമാരാകാൻ തെയ്യാറാകുന്നതെന്നാണ് വിവരം.

വയനാട് സ്വദേശി സുബൈർ എന്നയാൾക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേർ ഇന്നു ഡീനയുടെ അറിവോടെ കരിപ്പൂർ വിമാനതാവളത്തിലെത്തിയത്. കൊടുത്തുവിട്ട കക്ഷിയുടെ ആളുകൾക്ക് സ്വർണം കൈമാറുന്നതിന് മുന്നേ, സ്വർണം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കരിപൂർ പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് മൂന്നു പ്രതികളെ വാഹന സഹിതം വിമാനതാവളത്തിന്റെ കവാടത്തിന് സമീപം വെച്ച് പിടികൂടിയത്.

മുമ്പും സ്വർണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വർണം തട്ടുന്ന സംഘവുമായി ഒത്ത് ചേർന്ന് കടത്ത് സ്വർണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേ സമയം കസ്റ്റംസിനെ വെട്ടിച്ചും സ്വർണം സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവർച്ചാ സംഘത്തോടൊപ്പം കാറിൽ കയറി അതിവേഗം എയർപോർട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജിൽ ഒളിപ്പിച്ച സ്വർണം കണ്ടെടുക്കാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൊണ്ടി മുതൽ സഹിതം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡിലാക്കി.