മലപ്പുറം: 67 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനും, കടത്ത് സ്വർണം കവർച്ച ചെയ്യാൻ കരിപ്പൂർ വിമാനത്തവളത്തിലെത്തിയ ഏഴുപേരടങ്ങിയ കുപ്രസിദ്ധ ക്രിമിനൽ സംഘവും അറസ്റ്റിൽ. യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് 1.157 കിലോ സ്വർണം കടത്തിയ യാത്രക്കാരനും, ഇയാളെ തട്ടിക്കൊണ്ടുപോയി 67 ലക്ഷം രൂപ വില വരുന്ന 1.157 കിലോ സ്വർണം കവർച്ച ചെയ്യാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഏഴു പേരടങ്ങുന്ന ക്രിമിനൽ സംഘത്തെയുമാണ് വിമാനത്താവള പരിസരത്ത് വെച്ച് ഇന്ന് പൊലീസ് പിടികൂടിയത്.

യു.എ.ഇയിലെ അൽഐയിനിൽ നിന്നും ഇന്നലെ കരിപൂർ എയർപോർട്ടിലെത്തുന്ന മുസ്തഫ എന്ന യാത്രക്കാരൻ അനധികൃതമായി സ്വർണം കടത്തികൊണ്ടു വരുന്നുണ്ടെന്നും ഇത് കവർച്ച ചെയ്യാൻ ഒരു ക്രിമിനൽ സംഘം എയർപോർട്ട് പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എയർപോർട്ട് പരിസരങ്ങളിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

എയർപോർട്ട് അറൈവൽ ഗേറ്റിൽ സംശയാസ്പദമായ രീതിയിൽ നിലയുറപ്പിച്ച കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ റഷീദ് (34) എന്നയാളെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. റഷീദിനെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ സംഘത്തിന്റെ വിശദമായ പദ്ധതി അറിയാൻ സാധിച്ചത്.

നിലവിൽ ദുബായിൽ ജോലി ചെയ്തു വരുന്ന കോഴിക്കോട് സ്വദേശികളായ സമീർ, ഷാക്കിർ, കാഞ്ഞങ്ങാട് സ്വദേശിയായ സാദിഖ് എന്നിവരാണ് ഗോൾഡ് കാരിയറായ മുസ്തഫയുടെ വിവരങ്ങൾ റഷീദിന് കൈമാറിയതും, മുസ്തഫയെ കിഡ്നാപ്പ് ചെയ്ത് സ്വർണം തട്ടിയെടുക്കാൻ റഷീദിനെ നിയോഗിച്ചതും. റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള 5 അംഗ സംഘവും സമീറിന്റെ നിർദേശപ്രകാരം എയർപോർട്ടിൽ എത്തിയിട്ടുണ്ടായിരുന്നു.

അതേ സമയം കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് കടത്ത് സ്വർണ്ണവുമായി എയർപോർട്ടിന് പുറത്തെത്തിയ മുസ്തഫയും പൊലീസ് കസ്റ്റഡിയിലായി. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്തറിഞ്ഞ കവർച്ചാസംഘം പദ്ധതി ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

ഇതോടെ പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കവർച്ചാ സംഘത്തെ പിന്തുടരുകയും വയനാട്ടിലേക്ക് രക്ഷപ്പെട്ട 5 അംഗ സംഘത്തെ വയനാട് വൈത്തിരിയിൽ വെച്ചും കാസർഗോഡ് സ്വദേശിയെ കാഞ്ഞങ്ങാട് വെച്ചും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കടത്ത് സ്വർണ്ണവുമായി കുടുംബ സമേതം സ്വന്തം വീട്ടിലേക്ക് പോകുന്ന കൊടിഞ്ഞി സ്വദേശി മുസ്തഫയെ വിജനമായ സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയി കടത്ത് സ്വർണം കവർച്ച ചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. പൊലീസിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിലേക്ക് വരെ നയിക്കാമായിരുന്ന സംഭവവികാസങ്ങൾ തടയാനായതും 67 ലക്ഷം രൂപ വിലവരുന്ന കള്ളക്കടത്ത് സ്വർണം പിടിച്ചെടുക്കാനുമായത്.

കവർച്ചാ സംഘത്തിലുൾപ്പെട്ട വയനാട് സ്വദേശികളായ കെ.വി മുനവിർ.(32), ടി.നിഷാം(34), ടി.കെ.സത്താർ(42),എ.കെ റാഷിദ(44), കെ.പി.ഇബ്രാഹിം.(44), കാസർഗോഡ് സ്വദേശികളായ എം. റീദ്(34), സി.എച്ച്. സാജിദ് (36) എന്നിവരെയും പിടിച്ചെടുത്ത സ്വർണ്ണവും മഞ്ചേരി ജെ.എഫ്.സി.എംകോടതിയിൽ ഹാജരാക്കുന്നതൊടൊപ്പം മുസ്തഫക്കെതിരെയുള്ള തൂടർ നടപടിൾക്കായി പ്രിവന്റീവ് കസ്റ്റംസിന് വിശദമായ റിപ്പോർട്ടും സമർപ്പിക്കുന്നതാണ്.