ബെംഗളൂരു: ബിജെപിയിൽ ചേരാനിരിക്കെ മുൻ ജനതാദൾ എസ് (ജെഡിഎസ്) നേതാവിനെ വ്യാപാര സ്ഥാപനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടകയിലെ കൽബുർഗി ജില്ലയിൽ നിന്നുള്ള ജനതാദൾ എസ് നേതാവായിരുന്ന മല്ലികാർജുൻ മുത്യാലിനെ (64) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മുത്യാലിന്റെ ജനനേന്ദ്രിയത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാർട്ടി വിട്ട മുത്യാൽ ബിജെപിയിൽ ചേരാനായുള്ള തയ്യാറെടുപ്പിലായിരുന്നു. സ്വന്തം കടയിൽ നിന്നുമാണ് മുത്യാലിന്റെ മൃതദേഹം കണ്ടെത്തിയത്. കടയിൽനിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു

കൊല്ലപ്പെടുന്നതിന് തലേ ദിവസം കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ മല്ലികാർജുൻ മുത്യാൽ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസമാണ് മുത്യാലിന്റെ മൃതദേഹം ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക് കടയിൽ നിന്നും കണ്ടെത്തിയത്.

'കടയിൽ നേരത്തെ മോഷണം നടന്നിരുന്നു, അതുകൊണ്ട് ചില ദിവസങ്ങളിൽ പിതാവ് കടയ്ക്കുള്ളിൽ ഉറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം കടയിൽ കിടന്നാണ് ഉറങ്ങിയത്. രാവിലെ കാണാതായതോടെ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലഇൽ കണ്ടെത്തിയതെന്ന്' മുത്യാലിന്റെ മകൻ വെങ്കടേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മോഷണ ശ്രമത്തിനിടെ അക്രമികൾ അച്ഛനെ കൊലപ്പെടുത്തിയതാകും. കടയിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചില രേഖകൾ നശിപ്പിക്കപ്പെട്ടുവെന്നും മകൻ പറഞ്ഞു.

കർണ്ണാടകയിലെ പ്രബല സമുദായങ്ങളിലൊന്നായ കബ്ബലിഗയുടെ നേതാവാണ് മല്ലികാർജുൻ മുത്യാൽ. കബാലിഗ സമുദായത്തിന്റെ കൽബുർഗി താലൂക്കിന്റെ ഓണററി പ്രസിഡന്റ് കൂടിയായിരുന്നു മുത്യാൽ. അതേസമയം മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. മുത്യാലിന്റെ ജനനേന്ദ്രിയത്തിലും ശരീരത്തിലും പരിക്കുകളുണ്ട്. കല്ലുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.