- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 മിനിറ്റോളം നേതാവിനൊപ്പം ചായ കുടിച്ചിരുന്നു; പെട്ടെന്ന് ചാടിയെണീറ്റ് തുരുതുരാ വെടിവച്ചു; അഞ്ചാമത്തെ വെടിയുണ്ട തുളച്ചുകയറിയത് തലയിൽ; കർണി സേന അദ്ധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗ മേദിയെ വെടിവച്ചു കൊന്നു; പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സൂചന
ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗ മേദിയെ വെടിവച്ചു കൊന്നു. ജയ്പൂരിലാണ് സംഭവം. കർണി സേന അധ്യക്ഷനായ സുഖ്‌ദേവ് സിംഗിന് എതിരെ അക്രമികൾ രണ്ട് റൗണ്ട് വെടിവച്ചു. കൊലപാതക ശേഷം അക്രമികൾ രക്ഷപ്പെട്ടു.
സുഖ്‌ദേവ് സിങ് ഗോഗ മേദിയുടെ ജയ്പൂരിലെ വസതിയിൽ, അദ്ദേഹത്തിനൊപ്പം ചായ കുടിച്ച ശേഷമാണ് അക്രമികൾ വെടിവച്ചത്. സംഘം കർണി സേന അധ്യക്ഷനൊപ്പം ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. തൊട്ടടുത്ത് നിന്ന് അഞ്ചുതവണയെങ്കിലും വെടിവച്ചു. അവസാന ബുള്ളറ്റ് തലയിലാണ് തുളച്ചുകയറിയത്.
നേതാവ് ഫോണിൽ നോക്കുന്ന സമയത്താണ് ചായ കുടിച്ചുകൊണ്ടിരുന്ന അക്രമികൾ എഴുന്നേറ്റ് വെടിവയ്ക്കുന്നത്. അംഗരക്ഷകരിൽ ഒരാൾ അക്രമികളെ തടയാൻ ശ്രമിച്ചപ്പോൾ, അയാൾക്ക് നേരേയും ഏതാനും തവണ വെടിയുതിർക്കുന്നത് കാണാം.
വെടിവയ്ക്കുന്നതിന് മുമ്പ് ഏകദേശം 10 മിനിറ്റോളം അക്രമികൾ സുഖ്‌ദേവ് സിങ് ഗോഗ മേദിക്കൊപ്പമിരുന്നു. അനക്കമില്ലാതാകുന്നത് വരെ ഗോഗമേദിയെ തുടർച്ചയായി വെടിവയ്ക്കുന്നതിന്റെ 20 സെക്കന്റ് ക്ലിപ്പ് പുറത്തുവന്നു.
ഇന്നുച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഗോഗമേദിയെയും രണ്ട് അനുയായികളെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വച്ചാണ് രജപുത്ര നേതാവ് മരിച്ചതായി പ്രഖ്യാപിച്ചത്.
അക്രമികളിൽ ഒരാൾ തിരിച്ചുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേർ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത ബൈക്കിൽ രക്ഷപ്പെട്ടു. ലോറൻസ് ബിഷ്‌ണോയി, ഗോൾഡ് ബ്രാർ സംഘങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രോഹിത് ഗോദാര കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഗോഗ മേദി തങ്ങളുടെ ശത്രുക്കളെ പിന്തുണച്ചുവെന്നും അതാണ് കൊലയ്ക്ക് കാരണമെന്നും രോഹിത് ഗോദാര കപുരിസർ ഫേസ്‌ബുക്കിൽ കുറിച്ചു. രോഹിത് ഗോദാര ഡൽഹിയിൽ നിന്ന് വ്യാജ പാസ്‌പോർട്ടിൽ ദുബായിക്ക് കടന്നത് 2022 ജൂണിലാണ്. ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ കാനഡയിലാണെന്നാണ് കരുതപ്പെടുന്നത്.
സംഭവം നടക്കുന്നത് ശ്യാം നഗർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. വെടിവയ്‌പ്പിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചെന്നാണ് വിവരം.
നേരത്തെ ലോറൻസ് ബിഷ്ണോയി സംഘത്തിലെ സമ്പത്ത് നെഹ്‌റയിൽ നിന്ന് സുഖ്ദേവ് സിങ് ഗോഗമേദിക്ക് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു.ഈ വർഷം ജൂണിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കർണി സേനയുടെ പ്രാദേശിക പ്രവർത്തകനെ കാറിൽ വെടിയേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കർണി സേനയുടെ ജില്ലാ വർക്കിങ് പ്രസിഡന്റായ 27 കാരനായ മോഹിത് പട്ടേലിന്റെ മൃദേഹമാണ് കനാഡിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് കാറിൽ കണ്ടെത്തിയത്.
.ബോളിവുഡ് ചിത്രം പത്മാവതിനെതിരെ വ്യാപക പ്രതിഷേധം നടത്തിയ രജപുത്ര കർണി സേനയിൽ നിന്ന് വ്യത്യസ്തമാണ് ഗോഗമേദി നയിക്കുന്ന കർണി സേന. 2015 ൽ ലോകേന്ദ്ര സിങ് കാൽവി നയിച്ച കർണി സേനയിൽ നിന്ന് പിരിഞ്ഞാണ് സ്വന്തം സംഘടന രൂപീകരിച്ചത്.
ഞെട്ടിക്കുന്ന സംഭവമെന്നാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ശെഖാവത്ത് പ്രതികരിച്ചത്. അക്രമികളെ എത്രയും വേഗം പിടികൂടുമെന്നും, സംസ്ഥാനത്തെ കുറ്റ വിമുക്തമാക്കുകയാണ് പുതുതായി ചുമതലയേൽക്കുന്ന ബിജെപി സർക്കാരിന്റെ മുഖ്യപരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ