- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ലോക്കൽ സെക്രട്ടറി എ.ആർ. പീതാംബരനും ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവും പാർട്ടിക്ക് കൊടുത്തത് എട്ടിന്റെ പണി! പാർട്ടിയുടെ കണക്കിൽപെടാത്ത അക്കൗണ്ടുകളുടെ വിവരം വെളിപ്പെടുത്തിയത് ഇരുവരും; കരുവന്നൂരിൽ ആകെപെട്ട് സിപിഎം; ഇ ഡി കയറി നിരങ്ങുമെന്ന് പേടിച്ച് നേതാക്കൾ
തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ ആകെ പെട്ടിരിക്കയാണ് സിപിഎം. മുൻ ലോക്കൽ സെക്രട്ടറി എ ആർ പീതാംബരനും ഏരിയാ കമ്മിറ്റിയംഗം എം ബി രാജുവും നൽകിയ മൊഴികൾ സിപിഎമ്മിനെ അടപടലും കുടുക്കുന്നതാണ്. പാർട്ടിയുടെ പ്രതിരോധം തകർത്ത് മന്ത്രിമാരിലേക്ക് വിഷയം എത്തുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൽ പോകുന്നത്. ഇഡി തുനിഞ്ഞിറങ്ങിയാൽ പല വൻ തലകളും ഉരുളുമെന്നതാണ് സ്ഥിതി.
സിപിഎമ്മിന്റെ പ്രതിരോധ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്ന മുഖ്യതെളിവുകളുടെ കൂട്ടത്തിൽ പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും മൊഴികളായിരിക്കയാണ്. കരുവന്നൂർ ബാങ്കിൽ പാർട്ടിക്കു രഹസ്യ അക്കൗണ്ടുകളില്ലെന്നു വാദിച്ചുകൊണ്ടിരുന്ന ജില്ലാ കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവിന്റെയും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ. പീതാംബരന്റെയും മൊഴികൾ.
പാർട്ടിക്കു കരുവന്നൂർ ബാങ്കിൽ ഒന്നിലേറെ അക്കൗണ്ടുകളുണ്ടായിരുന്നതായി പീതാംബരൻ മൊഴി നൽകിയതായി ഹൈക്കോടതിയിൽ ഇ.ഡി സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബാങ്കിൽ അംഗത്വമില്ലാതെയാണു പാർട്ടി അക്കൗണ്ട് തുറന്നതെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. ഇതോടെ പാർട്ടി അക്കൗണ്ടികളിലേക്ക് അന്വേഷണം നീളുമെന്ന കാര്യം ഉറപ്പാണ്.
സെക്രട്ടറിയായിരിക്കെ തന്റെ പേരിൽ ബാങ്കിൽ പാർട്ടി അക്കൗണ്ട് തുറന്നിരുന്നു എന്നാണു പീതാംബരന്റെ മൊഴി. 2011ൽ പാർട്ടി ഓഫിസ് നിർമ്മാണത്തിനു ഭൂമി വാങ്ങാനും കെട്ടിടം പണിയാനും മറ്റൊരു അക്കൗണ്ട് തുറന്നു. അനർഹർക്കു ബാങ്കിൽ നിന്നനുവദിച്ച വായ്പകളുടെ കമ്മിഷൻ പാർട്ടി ഈ അക്കൗണ്ട് വഴിയാണു വാങ്ങിയിരുന്നത്.
അംഗത്വം ഇല്ലാത്ത പൊറത്തിശേരി ലോക്കൽ കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. പാർട്ടി അംഗത്വ ഫീസ്, ജനപ്രതിനിധികളിൽ നിന്നു പിരിക്കുന്ന ലെവി എന്നിവ ഈ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. രമേഷ് പുഴക്കൽ, ജേക്കബ് ചാക്കേരി എന്നിവർക്കു വേണ്ടി ക്രമവിരുദ്ധമായി ഒന്നരക്കോടി രൂപ വായ്പ അനുവദിക്കാൻ ബാങ്ക് വിസമ്മതിച്ചെങ്കിലും സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ആർ.എൽ. ശ്രീലാൽ ഇടപെട്ടു പാസാക്കിച്ചെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.
സിപിഎം ജില്ലാ സെക്രട്ടറി സമർപ്പിച്ച ഓഡിറ്റ് കണക്കുകൾ പ്രകാരം പാർട്ടിക്കു ജില്ലയിൽ 4 അക്കൗണ്ടുകളും 4 സ്ഥിരനിക്ഷേപങ്ങളും മാത്രമേയുള്ളൂ. എന്നാൽ, ഇ.ഡിയുടെ കണ്ടെത്തലനുസരിച്ച് 17 ഏരിയ കമ്മിറ്റികൾക്കു കീഴിലെ 25 ബാങ്ക് അക്കൗണ്ടുകളിലായി കണക്കില്ലാത്ത 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഈ അക്കൗണ്ടുകളിൽ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ട്. ഈ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നെന്നാണു കണ്ടെത്തൽ.
അതേസമയം കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. കേസിൽ മുഖ്യപ്രതി തൃശൂർ കോലഴി സ്വദേശി പി. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 25ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് സി.എസ്.ഡയസാണു ഹർജി പരിഗണിക്കുന്നത്. 2023 സെപ്റ്റംബർ 4നാണ് ഇ.ഡി. അന്വേഷണ സംഘം സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി നവംബർ 29ന് സതീഷിന്റെ ജാമ്യ ഹർജി തള്ളിയിരുന്നു.
അതേസമയം മന്ത്രി പി രാജീവ് തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സാധാരണ നമ്മളൊന്നും ഒരു ജില്ല വിട്ട് മറ്റൊരു ജില്ലയിലെ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ലെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഇടപെട്ടാൽതന്നെ ഇന്ന രീതിയിൽ ലോൺ കൊടുക്കണം എന്ന് പറയാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും വരും. നിയമവിരുദ്ധമായ ഒന്നിലും ഒരു ഘട്ടത്തിലും ഇടപെടാറില്ലെന്നും മന്ത്രി വ്യക്തമാക്കി
എംപി, പാർട്ടി ജില്ല സെക്രട്ടറി, ഇപ്പോൾ മന്ത്രിയായപ്പോഴും നിയമവിരുദ്ധമായ കാര്യങ്ങൾക്ക് സമ്മർദം ചെലുത്തുന്ന പതിവില്ല. ഇത്, പുതിയ അറിവാണ്. കുറെ കാലമായിട്ട് പലതും ഇറങ്ങുകയാണല്ലോ. എന്താണെന്ന് നോക്കാമെന്നും മന്ത്രി പറഞ്ഞുഇതിനിടെ, എം ടിയുടെയും എം. മുകുന്ദ?െന്റയും വിമർശനം പൊതുവായി ഉള്ളതാണ്. എന്നാൽ, തങ്ങളെ ബാധിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ അത്, ഉൾക്കൊള്ളുന്നതിന് പ്രയാസമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ പി. രാജീവ് സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ സമ്മർദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ മൊഴി നൽകിയതായി ഇ.ഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യാവാങ്മൂലത്തിൽ അറിയിച്ചിരുന്നു. എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കളും ജില്ലാ, ഏരിയ, ലോക്കൽ കമ്മിറ്റി നേതാക്കളും സമ്മർദം ചെലുത്തിയെന്നും സുനിൽകുമാർ മൊഴിനൽകി.
കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ നൽകിയതിൽ സിപിഎമ്മിന് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇ.ഡി പറയുന്നു. അംഗത്വമില്ലാതെ പാർട്ടി അക്കൗണ്ടുകൾ ബാങ്കിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇ.ഡി സത്യാവാങ്മൂലത്തിൽ പറയുന്നു. പാർട്ടി ഓഫീസുകളുടെ നിർമ്മാണം, തെരഞ്ഞെടുപ്പ്, സുവനീർ തുടങ്ങിയവക്ക് പണം കണ്ടെത്താൻ ഈ അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയെന്നുമെന്നാണ് വെളിപ്പെടുത്തൽ. സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്‌സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നതായി ഇ.ഡി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ