- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ, അയ്യന്തോൾ ബാങ്കുകളിലെ തട്ടിപ്പുകൾ വാർത്തയാകുമ്പോൾ ദുരൂഹതകൾ പൊങ്ങി വരുന്നു; കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ചു പാർട്ടിയിൽ പരാതിപ്പെട്ടയാൾ കത്തിക്കരിഞ്ഞു; അയ്യന്തോൾ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ദുരൂഹം
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ പകൽകൊള്ളയായ മാറിക്കാഴിഞ്ഞു. സാധാരണക്കാരുടെ പണം സഖാക്കൾ പുട്ടടിച്ചു തീർത്ത ക്രൂരതയാണ് അവിടെ നടന്നത്. ജീവിതസമ്പാദ്യം മുഴുവൻ നിക്ഷേപിച്ചവർ വെട്ടിലായി കഴിയുന്ന അവസ്ഥയാണ് അവിടെ ഉള്ളത്. അതേ സമയം ഈ തട്ടിപ്പുകൾ പൊതുസമൂഹത്തിൽ ചർച്ചയാകുമ്പോൾ ദുരൂഹതകൾ പലവിധത്തിലാണ് പൊങ്ങി വരുന്നത്. കരുവന്നൂർ തട്ടിപ്പുകൾ പാർട്ടിയിൽ ഉന്നയിച്ചവർ പോലും ദുരൂഹമായി കൊല്ലപ്പെട്ടു എന്നതാണ് നടുക്കുന്ന കാര്യം. ഇത് കൂടാതെ അയ്യന്തോൾ സഹകരണ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ഇപ്പോഴും ദുരൂഹതകളിൽ തുടരുകയാണ്.
ഇഡി റെയ്ഡും മറ്റുമായി കരുവന്നൂർ, അയ്യന്തോൾ സഹകരണ ബാങ്കുകൾ വാർത്തയിലിടം നേടിയതോടെ ഈ ബാങ്കുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുടെയും ദുരൂഹസാഹചര്യത്തിൽ കാണാതായവരുടെയും കഥകൾ പുറത്തെത്തിത്തുടങ്ങി. പൊലീസ് അന്വേഷണം അവസാനിപ്പിച്ച് ഫയൽ അടച്ച കേസുകൾ വരെയാണ് പൊങ്ങിവരുന്നത്.
കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഏറെക്കാലം മുന്നേ പാർട്ടിയിൽ പരാതിപ്പെട്ട മാടായിക്കോണം കാക്കനാടൻ വീട്ടിൽ രാജീവിന്റെ മരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 24 വയസ്സുണ്ടായിരുന്ന രാജീവിനെ 1998 ഡിസംബർ ആറിന് മാടായിക്കോണത്തെ ട്രാൻസ്ഫോർമറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതുകൊലപാതകമാണെന്ന ആരോപണം അടക്കം കുറേക്കാലമായി നാട്ടുകാർക്കിടയിലുണ്ട്.
രാത്രി സിനിമ കഴിഞ്ഞ് സുഹൃത്തിനെ ബൈക്കിൽ വീട്ടിലാക്കിയശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങവേയാണ് മരണം. 611/98 എന്ന ഫയൽ നമ്പറിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ബൈക്ക് സ്റ്റാൻഡിൽ നിർത്തിയിട്ട നിലയിലും താക്കോൽ ഓഫ് ചെയ്തുവെച്ച നിലയിലുമായിരുന്നു. അകലെനിന്നാണ് ചെരിപ്പുകൾ കണ്ടെത്തിയത്. അവിടെ ഒരു ഒഴിഞ്ഞ കന്നാസുമുണ്ടായിരുന്നു. കേസ് തെളിയിക്കാനാകാതെ എഴുതിത്ത്തള്ളി.
അയ്യന്തോൾ ബാങ്കിൽ ജീവനക്കാരനായിരുന്ന ശിവലാലിന്റെ ദുരൂഹ തിരോധാനമാണ് മറ്റൊന്ന്. വാടാനപ്പള്ളി മേഖലയിൽ പാർട്ടിയുടെ അംഗമായിരുന്നു ശിവലാൽ. ഈ കാര്യത്തിൽ പാർട്ടി വേണ്ടത്ര അന്വേഷണം നടത്തിയില്ല എന്ന ആരോപണമുണ്ട്. ശിവലാലിന്റെ തിരോധാനത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന നോട്ടീസ് ഇപ്പോൾ വ്യാപകമാകുന്നുണ്ട്. ഇഡി അന്വേഷണത്തിന് പിന്നാലെ ഇത്തരം ദൂരഹ സംഭവങ്ങളിലേക്കും അന്വേഷണം നീണ്ടാൽ അത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ