കൊച്ചി: ലൈഫ് മിഷൻ കേസിനു പിന്നാലെ കരുവന്നൂർ കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ക്രൈംബ്രാഞ്ചും ഏറ്റുമുട്ടൽ വഴയിിലാണ്. സിപിഎമ്മിന് മുഖം പോയ സംഭവത്തിൽ കേസന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ബാങ്കിൽ നിന്നടക്കം പിടിച്ചെടുത്ത രേഖകളുടെ പകർപ്പു തേടി ക്രൈംബ്രാഞ്ച് പ്രത്യേക സാമ്പത്തിക കോടതിയെ (പി.എംഎ‍ൽഎ) സമീപിച്ചതോടെയാണിത്. ക്രൈംബ്രാഞ്ച ഉദ്ദേശം തന്നെ ഇഡി അന്വേഷണത്തിന് തടയിടുക എന്നതാണ്.

പ്രതികളിൽനിന്നും സാക്ഷികളിൽനിന്നും പിടിച്ചെടുത്ത രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുമ്പോൾ ക്രൈംബ്രാഞ്ച് കേസന്വേഷണത്തിൽ ഇടപെടുന്നതു പ്രതികളുടെ കള്ളപ്പണം കണ്ടുകെട്ടാനുള്ള നടപടിയെ മന്ദീഭവിപ്പിക്കുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്.

കരുവന്നൂർ കേസിൽ നിക്ഷേപകർക്കും ബാങ്കിനും നഷ്ടപ്പെട്ട 350 കോടി രൂപ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എംഎ‍ൽഎ) കണ്ടുകെട്ടി പ്രതികളിൽനിന്നു തിരിച്ചുപിടിക്കാനുള്ള ഇ.ഡിയുടെ നീക്കത്തിനു തടസ്സമുണ്ടാക്കുന്നതാണ് ക്രൈംബ്രാഞ്ച് നീക്കമെന്നാണ് വിലയിരുത്തൽ. ബിനാമി വായ്പ തട്ടിപ്പിലൂടെ മുതൽ ഇനത്തിൽ 180 കോടി രൂപയോളം നിക്ഷേപകർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

ഇതിൽ പ്രതികളുടെ 87 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. ശേഷിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി ബാങ്കിൽ സമർപ്പിക്കുന്നതോടെ പണം നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകർക്കും ബാങ്കിനും കോടതിയെ സമീപിച്ച് അവരുടെ പണം തിരികെ വാങ്ങാൻ കഴിയും. ഈ നടപടി തടസ്സപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും നിക്ഷേപകർക്കെതിരായ നീക്കമാണിതെന്നുമാണ് ഇ.ഡി വിശദീകരണം.

അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ വെറുതെ ഇടപെട്ട് കുഴപ്പമുണ്ടാക്കാതെ സഹകരിച്ചു മുന്നോട്ടുപോകണമെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ ഹരജി തള്ളണമെന്നും പി.എംഎ‍ൽഎ കോടതിയിൽ ഇ.ഡി ബോധിപ്പിച്ചു.

അതേസമയം പിടിച്ചെടുത്ത രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ക്രൈംബ്രാഞ്ചിനു നൽകേണ്ടതില്ലെന്നാണ് ഇഡിക്ക് ലഭിച്ച നിയമോപദേശം. കാര്യകാരണ സഹിതം ഇതു വ്യക്തമാക്കി പ്രത്യേക കോടതി മുൻപാകെ ഇ.ഡി. എതിർസത്യവാങ്മൂലം സമർപ്പിച്ചിച്ചുണ്ട്.

ഇ.ഡി. കേസന്വേഷിക്കാൻ തുടങ്ങിയതിനു ഒരുവർഷം മുൻപു തന്നെ ബാങ്കിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത 92 നിർണായക രേഖകൾ ഇ.ഡി.ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് നൽകിയിട്ടില്ല. ഇക്കാര്യവും എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 350 കോടിയിലധികം രൂപ ബാങ്കിനു നഷ്ടപ്പെട്ട സംഭവത്തിൽ ഇ.ഡി. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ രാഷ്ട്രീയ നേതാക്കൾക്കെതിരായ തെളിവുകൾ ഉൾപ്പെടുന്നതാണു ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള രേഖകൾ.

ക്രൈംബ്രാഞ്ച് അന്വേഷണം നിർജീവമായ ഘട്ടത്തിലാണു കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം ഇ.ഡി.അന്വേഷണം തുടങ്ങിയതു തന്നെ. ബാങ്കിലെ സാധാരണക്കാരായ നിക്ഷേപകർക്കു നഷ്ടപ്പെട്ട പണം കുറച്ചെങ്കിലും തിരിച്ചുകിട്ടാൻ സാധ്യതയുള്ളതു പിഎംഎൽഎ കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെയാണ്. 54 പ്രതികളുടെ 87 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി.ഇതിനകം കണ്ടുകെട്ടി. 200 കോടി രൂപയുടെ സ്വത്തുവകകൾ പ്രതികൾക്കുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇതു കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനിടയിലാണു ഇ.ഡിയുടെ പക്കലുള്ള രേഖകൾ ചോദിച്ച് ക്രൈംബ്രാഞ്ചിന്റെ ഹർജി കോടതിയിലെത്തിയത്. ഇത് പ്രതികൾക്കു വേണ്ടിയുള്ള നീക്കമായാണ് ഇ.ഡി.വിലയിരുത്തുന്നത്.