- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂരിൽ മുതലും പലിശയുമായി നടന്നത് 350 കോടിയുടെ വായ്പ്പാ തട്ടിപ്പ്; മുതലിനത്തിൽ നഷ്ടം 184 കോടി; 39 പ്രതികളുടെ 88.45 കോടിയുടെ വസ്തുവഹകൾ കണ്ടുകെട്ടി; പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി
കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ കൂടുതൽ നടപടികളിലേക്ക് കടക്കാൻ ഇഡി നീക്കം. കരുവന്നൂർ ബാങ്കിനു നഷ്ടപ്പെട്ടതായി കണ്ടെത്തിയ തുക തിരിച്ചുപിടിക്കാൻ പ്രതികളുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണക്കെടുപ്പു തുടങ്ങി. പ്രതികളുടെ സ്വത്തുക്കൾ ഇനിയും കുടതൽ കണ്ടുകെട്ടാനുണ്ടെന്ന നിഗമനത്തിലാണ് ഇത്തരമൊരു നീക്കം ഇഡി തുടങ്ങിയത്.
മുതലും പലിശയുമായി 350 കോടി രൂപയുടെ നഷ്ടം ബെനാമി വായ്പ തട്ടിപ്പിലൂടെ കരുവന്നൂർ ബാങ്കിൽ സംഭവിച്ചതായാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. ഇതിൽ 184 കോടി രൂപയോളം മുതലിനത്തിൽ നഷ്ടപ്പെട്ടതാണ്. അതിൽതന്നെ 39 പ്രതികളുടെ 88.45 കോടി രൂപയുടെ സ്വത്തുവകകൾ മാത്രമാണ് ഇ.ഡിക്കു കണ്ടുകെട്ടാൻ കഴിഞ്ഞത്.
പ്രാഥമിക കുറ്റപത്രം സമർപ്പിച്ച 54 പ്രതികളിൽ 10 ബെനാമി സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. കമ്പനികളുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കാൻ പ്രതികൾ നിക്ഷേപിച്ച സ്വത്തുവകകൾ കണ്ടെത്താനും ശേഷിക്കുന്ന പ്രതികളുടെ പേരിലുള്ള വസ്തുവകകൾ കണ്ടെത്താനുമാണ് ഇ.ഡി. ഇപ്പോൾ ശ്രമിക്കുന്നത്. പ്രതികളുമായി അടുപ്പം പുലർത്തുന്ന പലരുടെയും സ്വത്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഇ.ഡി. മരവിപ്പിച്ചിട്ടുണ്ടെങ്കിലും ഇവരാരും കേസിൽ പ്രതികളല്ലാത്തതിനാൽ കണ്ടുകെട്ടിയിട്ടില്ല.
പതിമൂവായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ 55 പ്രതികളാണുള്ളത്. ഏജന്റായിരുന്ന ബിജോയിയെയാണ് ഒന്നാംപ്രതിയായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജോയിയുടെ സ്ഥാപനങ്ങളേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹമാണ് കൂടുതൽ പണം തട്ടിയതായി കണ്ടെത്തിയിരിക്കുന്നത്. ഇ.ഡി. അറസ്റ്റ് ചെയ്ത സതീഷ്, ജിൽസ്, കിരൺ, നഗരസഭ കൗൺസിലറായ അരവിന്ദാക്ഷൻ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഒന്നാം പ്രതി ബിജോയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റാെരു പ്രതിയായ പി പി കിരണിന്റെ ഉടമസ്ഥതയിൽ 2 കമ്പനികളുമാണ് കുറ്റപത്രത്തിൽ ഇ ഡി വ്യക്തമാക്കിയിട്ടുള്ള 5 കമ്പനികൾ. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേരള പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം നടന്നത്.
ഇതോടൊപ്പം തന്നെ ബാങ്കിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നവർ, കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവർ എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. പ്രതിപ്പട്ടികയിലുള്ള നാല് പേരെ മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. അറസ്റ്റ് ചെയ്തതിട്ടുള്ളത്. അതിനുശേഷം നിശ്ചിതസമയത്തിനുള്ളിൽ തന്നെ ഇ.ഡി. കുറ്റപത്രം സമർപിക്കുകയായിരുന്നു. ഇനി തുടർനടപടികളിലേക്ക് ഇ.ഡി. കടക്കും. എ.സി. മൊയ്തീൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള അന്വേഷണം ഇ.ഡി. അടുത്ത ഘട്ടത്തിൽ നടത്തും. എം.കെ. കണ്ണൻ ഉൾപ്പെടെയുള്ളവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിച്ചുവരുത്തുമെന്നും സൂചനയുണ്ട്.