- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയും കണ്ണനും നടത്തിയ കൂടിക്കാഴ്ച വലയ്ക്കുന്നത് കേന്ദ്ര ഏജൻസിയെ! കുരുവന്നൂർ കേസിൽ ക്രൈംബ്രാഞ്ചിന് ഒട്ടും താൽപ്പര്യമില്ല; ബാങ്കുകളും രേഖ നൽകുന്നില്ല; അരവിന്ദാക്ഷന്റെ കസ്റ്റഡി അനുവദിച്ചത് ആശ്വാസം; സഹകരണ കൊള്ളയിൽ വമ്പൻ സ്രാവുകൾ വലപൊട്ടിച്ചേക്കും
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നേരിടുന്നത് വമ്പൻ പ്രതിസന്ധി. മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണനുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം മതിയായ സഹകരണം ഔദ്യോഗിക തലങ്ങളിൽ നിന്ന് പോലും ഉ്ണ്ടാകുന്നില്ല. സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ കസ്റ്റഡി അപേക്ഷ അംഗീകരിച്ചത് ഇഡിക്ക് ആശ്വാസമാണ്. തട്ടിപ്പുനടന്നത് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ വഴിയാണെന്നാണ് ഇ.ഡി.യുടെ നിഗമനം. നാലാം പ്രതി സി.കെ. ജിൽസ് തട്ടിയെടുത്ത അഞ്ചുകോടി രൂപയും മറ്റുപലർക്കും വേണ്ടിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
കേസിൽ ക്രൈംബ്രാഞ്ച് നിസ്സഹകരണം തുടരുന്നുവെന്ന് ഇ.ഡി കോടതിയിൽ വിശദീകരിച്ചു. കേസിലെ മൂന്നും നാലും പ്രതികളായ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയിൽനടന്ന വാദത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് വിഭാഗം പിടിച്ചെടുത്ത പല രേഖകളും പലതവണ ആവശ്യപ്പെട്ടിട്ടും കൈമാറിയിട്ടില്ല. സാധാരണ ജനങ്ങളുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അറസ്റ്റിലായ പ്രതികൾ മാത്രമല്ല, സർക്കാർ സംവിധാനങ്ങളും സഹകരിക്കുന്നില്ലെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. വളരെ ഗുരുതരമായ ആരോപണമാണ്.
അരവിന്ദാക്ഷനെതിരേയുള്ള നിർണായക ശബ്ദരേഖകൾ പ്രധാന പ്രതി പി. സതീഷ് കുമാറിന്റെ ഫോണിൽനിന്ന് ഇ.ഡി. കണ്ടെടുത്തിട്ടുണ്ട്. അഞ്ചുകോടി രൂപയുടെ ക്രമക്കേടുകൾ സംബന്ധിച്ച് ജിൽസിനെയും ചോദ്യംചെയ്യണമെന്ന് ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചു. ഒന്നാംഘട്ട ചോദ്യംചെയ്യലിൽ അരവിന്ദാക്ഷൻ അന്വേഷണസംഘത്തോടു സഹകരിച്ചിരുന്നില്ല. പി. സതീഷ്‌കുമാറിന്റെ ഫോണിൽ കണ്ടെത്തിയ ശബ്ദരേഖകളുടെ അടിസ്ഥാനത്തിൽ അരവിന്ദാക്ഷനെതിരേ കണ്ടെത്തിയ പുതിയ തെളിവുകൾ ഇനി നിർണ്ണായകമാകും.
സതീഷ് കുമാറിന്റെ ഫോണിൽ നിന്നാണു ശബ്ദരേഖ വീണ്ടെടുത്തത്. ഇത് സംബന്ധിച്ച് അരവിന്ദാക്ഷനെയും അഞ്ചുകോടി രൂപയുടെ ക്രമക്കേടുകൾ സംബന്ധിച്ച് ജിൽസിനെയും വീണ്ടും ചോദ്യംചെയ്യണമെന്നും ഇ.ഡി. കോടതിയിൽ വാദിച്ചു. അരവിന്ദാക്ഷന്റെ അമ്മയുടെ പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ചും ഇന്നലെ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ട് വഴി 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന ഇ.ഡിയുടെ ആരോപണം പ്രതിഭാഗം തള്ളി. ഇ.ഡി. ഹാജരാക്കിയ ഇടപാട് രേഖകൾ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടേതല്ലെന്നും പ്രതിഭാഗം പറഞ്ഞു. എന്നാൽ, പെരിങ്ങണ്ടൂർ ബാങ്ക് കൈമാറിയ ബാങ്ക് സ്റ്റേറ്റ്മെന്റുകളാണു കോടതിയെ അറിയിച്ചതെന്ന് ഇ.ഡി. വ്യക്തമാക്കി.
തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. എന്നാൽ, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി തിരിച്ചടിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ സമ്മതിച്ചതാണ്. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
ഒന്നാംപ്രതി സതീഷ്‌കുമാറുമായുള്ള സാമ്പത്തിക ഇടപാടുകൾക്ക് പുറമെ വിവിധ ബാക്കുകളിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ കൂടി ശേഖരിക്കുന്നതിനു കൂടിയാണ് ഇ ഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ജിൽസ് 4.5 കോടി രൂപയാണ് ബന്ധുക്കളുടെ പേരിൽ ബാങ്കിൽ നിന്ന് വായ്പയായി തരപ്പെടുത്തിയത്. ബാങ്ക് കേന്ദ്രീകരിച്ചു നടന്ന പല ഇടപാടുകളും ജിൽസ് കൂടി ഉൾപ്പെട്ടാണെന്നു ഇ ഡി പറയുന്നു. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ അമ്മയുടെ പേരിലുള്ള അക്കൗണ്ട് വിശദാംശങ്ങളാണ് അരവിന്ദാക്ഷനിൽ നിന്ന് ഇ ഡി ഇനി തേടുക.
അരവിന്ദാക്ഷന്റെ രണ്ടാംഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കിയശേഷം കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശ്ശൂർ സഹകരണബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് വിവരം. രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ നിന്ന് കൂടുതൽ പ്രതികളെക്കുറിച്ചു വിവരങ്ങൾ ലഭിക്കുമെന്നാണ് ഇ.ഡി കരുതുന്നത്. കേസിൽ കൂടുതൽപ്പേരെ ഇ.ഡി. ചോദ്യംചെയ്തു. മുൻ എസ്‌പി. കെ.എം. ആന്റണി, ഡിവൈ.എസ്‌പി. ഫെയ്മസ് വർഗീസ്, ഒന്നാം പ്രതി പി. സതീഷ്‌കുമാറിന്റെ സഹോദരൻ പി. ശ്രീജിത്ത്, ചാർട്ടേർഡ് അക്കൗണ്ടന്റ് സനൽകുമാർ എന്നിവരുടെ മൊഴികൾ ഇ.ഡി. വീണ്ടും രേഖപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ