കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണം സിപിഎമ്മിലേക്ക്. സിപിഎം. തൃശ്ശൂർ ജില്ലാ ഘടകത്തിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ഇത്തരത്തിൽ രണ്ട് അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാൽ, ഇതു സംബന്ധിച്ച് രേഖാമൂലമുള്ള സ്ഥിരീകരണമില്ല. അന്വേഷണം പാർട്ടിയിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ഇത്.

പാർട്ടി അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം നിയമപരമായി വെളിപ്പെടുത്തേണ്ടതാണ്. എന്നാൽ, ബ്രാഞ്ച്, ലോക്കൽ സെക്രട്ടിമാരുടേതടക്കം പേരുകളിലാണ് ഇവ. രണ്ടിൽ കൂടുതൽ അക്കൗണ്ടുകൾ കണ്ടേക്കാമെന്നും ഇ.ഡി. സംശയിക്കുന്നു. ഈ അക്കൗണ്ടിലൂടെ വൻതുക കൈമാറ്റം നടന്നുവെന്നാണ് ആരോപണം. ഇതിനിടെ വിവാദം ഉണ്ടാകുന്നതിന് മുമ്പ് പണമെല്ലാം പിൻവലിക്കുകയും ചെയ്തു. വായ്പ അനുവദിക്കുന്നതിന് സിപിഎം കമ്മീഷൻ വാങ്ങിയെന്ന ആരോപണം സജീവമാണ്. ഈ കമ്മീഷൻ പണം ഈ അക്കൗണ്ട് വഴിയാണോ മാറ്റിയതെന്നാണ് ഇഡിയുടെ സംശയം. ബാങ്ക് തട്ടിപ്പു പുറത്തായപ്പോൾ 90 ശതമാനം തുകയും പിൻവലിച്ചുവെന്നാണ് സൂചന.

കരുവന്നൂരിൽ ജില്ലാ നേതാവിന്റെ പേരിലും രണ്ട് അക്കൗണ്ടുകളുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് നേതാക്കളെ വീണ്ടും ചോദ്യം ചെയ്തു. കരുവന്നൂരിലെ അക്കൗണ്ടിന്റെ നിയന്ത്രണം ജില്ലാ നേതാവിനായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയോട് ഇതു സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കണമെന്നാണ് ജില്ലാ നേതാവിന്റെ മറുപടി. ബിനാമി ഇടപാടുകളിലെ കമ്മീഷൻ തുകയാണ് പാർട്ടി അക്കൗണ്ടിൽ എത്തിയതെന്നും ആരോപണമുണ്ട്.

എല്ലാം പരിശോധിക്കുകായണ് ഇഡി. നിർണ്ണായക മൊഴികൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കരുവന്നൂരിലെ സോഫ്റ്റ്‌വേറും ഡേറ്റകളുമടക്കം ക്രൈംബ്രാഞ്ചിന്റെ കൈവശമാണ്. ഇത് ഇ.ഡി.ക്ക് വിട്ടുനൽകിയിട്ടില്ല. ഇവ പരിശോധിച്ചാൽ ഇത്തരം അക്കൗണ്ടുകൾ കണ്ടുപിടിക്കാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ ആരോപണങ്ങളൊന്നും കോടതിയിൽ നൽകിയ രേഖകളിലില്ലെന്നാണ് റിപ്പോർട്ട്. എല്ലാം ഉറപ്പിച്ച ശേഷം കോടതിയെ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഇതിനുള്ള പരിശോധന തുടരുകയാണ്. ആരോപണം സിപിഎം നിഷേധിക്കുകയാണ് ഇപ്പോഴും.

കരുവന്നൂരിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിൽ സിപിഎം അക്കൗണ്ടും ഇ ഡി പരിശോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കരുവന്നൂർ ബാങ്കിൽ വെളുപ്പിച്ചെടുത്ത കള്ളപ്പണത്തിൽ വലിയൊരു പങ്ക് സിപിഎമ്മിന്റേതാണെന്ന് സംഘപരിവാർ പത്രമായ ജന്മഭൂമി ഇത് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. നോട്ടുനിരോധന കാലത്ത് ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി 500 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതിൽ വലിയൊരു തുക പാർട്ടിയുടെ ഫണ്ടാണെന്നും സംശയമുണ്ടെന്നായിരുന്നു ജന്മഭൂമി റിപ്പോർട്ട്.

അതേസമയം, സിപിഎം ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇ ഡിക്ക് ഓൺലൈനായി കൈമാറിയിട്ടുണ്ട്. പാർട്ടി സംഭാവനകൾ സ്വീകരിക്കുന്നത് നിയമാനുസൃതമായാണ്. ഇലക്ട്രൽ ബോണ്ടുകൾ വഴിയാണ് പാർട്ടി ധനസമാഹരണം. ഇങ്ങനെയുള്ളതിന്റെ കണക്ക് ഇ ഡിയെ ബോധിപ്പിക്കേണ്ടെന്നാണ് സിപിഎം നിലപാട്. സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ കരുവന്നൂർ കേസിലെ പ്രധാന പ്രതികളിൽ നിന്ന് വൻ തുകകൾ കൈപ്പറ്റിയിരുന്നുവെന്നാണ് ആരോപണം.

മുഖ്യപ്രതി സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ടിൽ നിന്ന് പാർട്ടിയുടെ പല നേതാക്കളുടെ അക്കൗണ്ടുകളിലേക്കും ദേശാഭിമാനി അക്കൗണ്ടിലേക്കും വൻ തുകകൾ കൈമാറ്റം ചെയ്തുവെന്നും ആരോപണം ഉയർന്നിരുന്നു.