തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്കെതിരായ പി.ആർ അരവിന്ദാക്ഷന്റെ മൊഴി പകർപ്പ് പുറത്തുവരുമ്പോൾ ചർച്ചയാകുന്നത് രണ്ടാം ഘട്ട അന്വേഷണത്തിൽ വമ്പൻ സ്രാവുകൾ കുടുങ്ങാനുള്ള സാധ്യത. മുന്മന്ത്രി എ.സി മൊയ്തീൻ, മുൻ എംപി പി.കെ ബിജു എന്നിവർക്ക് കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ പണം നൽകിയിരുന്നുവെന്നാണ് മൊഴി. ഇതിനൊപ്പം രണ്ട് മാപ്പുസാക്ഷികളേയും ഇഡിക്ക് കിട്ടിയിട്ടുണ്ട്. ഇതോടെ കരുവന്നൂരിൽ സിപിഎം വൻ പ്രതിസന്ധിയെ നേരിടുമെന്നാണ് റിപ്പോർട്ട്.

കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ അരവിന്ദാക്ഷൻ നേതാക്കൾക്കെതിരേ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴി പകർപ്പിലാണ് നേതാക്കൾക്കെതിരായ ആരോപണമുള്ളത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ എ.സി മൊയ്തീന് സതീഷ് കുമാർ പണം നൽകിയിരുന്നുവെന്നാണ് മൊഴിയിൽ പറയുന്നത്. 2016-ൽ മാത്രം രണ്ട് ലക്ഷം രൂപ മൊയ്തീന് സതീഷ് കുമാർ നൽകിയെന്നും പിന്നീട് തൃശ്ശൂരിൽ കർഷക സംഘടനയുമായി ബന്ധപ്പെട്ട അഖിലേന്ത്യാ സമ്മേളനം നടന്ന സമയത്തും സതീഷ് മൊയ്തീന് പണം നൽകിയെന്നും മൊഴിയിലുണ്ട്.

പി.കെ ബിജുവിന് 2020-ൽ താൻ ഇടപെട്ടാണ് അഞ്ചുലക്ഷം രൂപ വാങ്ങി നൽകിയതെന്നും ഈ പണം കൈമാറിയത് മുഖ്യപ്രതി സതീഷ്‌കുമാറിന്റെ സഹോദരന്റെ അക്കൗണ്ടിൽനിന്നാണെന്നും മൊഴിയിൽ പറയുന്നു. ഒരു മുൻ എംപിക്കെതിരെ നേരത്തെ തന്നെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇഡി നിലപാട് എടുത്തിരുന്നു. ഇത് പികെ ബിജുവാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന മൊഴി പകർപ്പ്. ഇതിനുപുറമേ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തൃശ്ശൂരിലെത്തുമ്പോൾ സതീഷ് കുമാറിനെ കാണാറുണ്ടെന്നും അരവിന്ദാക്ഷന്റെ മൊഴിയിലുണ്ട്.

ഇ.പിയെ കാണാൻ പോകുന്ന ഘട്ടങ്ങളിൽ തന്നെ മുറിക്ക് പുറത്ത് നിർത്തിയാണ് കൂടിക്കാഴ്ചകൾ നടത്തിയിട്ടുള്ളതെന്നും അതിനാൽ അവർ തമ്മിൽ സംസാരിച്ച കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും മൊഴിയിൽ വിശദീകരിക്കുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടന്ന ഘട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സതീഷ് കുമാർ ബന്ധമുണ്ടാക്കിയെന്നും അന്ന് ഡിവൈഎസ്‌പിയായിരുന്ന ആന്റണിയെ താനും സതീഷ് കുമാരും നേരിട്ടുപോയി കണ്ടിരുന്നുവെന്നും അരവിന്ദാക്ഷൻ വെളിപ്പെടുത്തി.

തൃശ്ശൂരിലെ സിപിഎമ്മിന്റെ സംസ്ഥാന സമിതി അഗം കൂടിയായ എം.കെ കണ്ണനുമായും അടുത്ത ബന്ധം സതീഷ് കുമാറിനുണ്ടെന്നും പറയുന്നു. അരവിന്ദാക്ഷൻ സിപിഎം നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയെന്ന കാര്യം ഇ.ഡി നേരത്തെ പ്രത്യേക കോടതിയിൽ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് സെപ്റ്റംബർ 14-ന് അരവിന്ദാക്ഷൻ നൽകിയ മൊഴി പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. നേതാക്കൾക്കെതിരായ ഈ മൊഴി എഴുതി നൽകിയശേഷമാണ്അരവിന്ദാക്ഷൻ ഇ.ഡിക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.

ഇ.ഡി തന്നെക്കൊണ്ട് നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നും തന്നെ ദേഹോപദ്രം ചെയ്തുവെന്നുമായിരുന്നു അരവിന്ദാക്ഷൻ നൽകിയ പരാതി. അതിന് മുമ്പ് തന്നെ എല്ലാം സ്വന്തം കൈപ്പടയിൽ തന്നെ അരവിന്ദാക്ഷൻ എഴുതി നൽകിയിരുന്നു. കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡി. അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. ഒന്നാംഘട്ടത്തിന്റെ പരിമതികളെല്ലാം തരണം ചെയ്ത് രണ്ടാംഘട്ടത്തിൽ ശക്തമായ അന്വേഷണം നടത്താനാണ് ഇഡി തീരുമാനം. സിപിഎമ്മിലേക്ക് അന്വഷണം നേരിട്ട് കടക്കും. ഏറ്റവും ശക്തമായ, രേഖാമൂലമുള്ള തെളിവുകൾ നൽകിയ രണ്ട് പ്രതികളെ മാപ്പുസാക്ഷികളാക്കുന്നതും ഇതിന്റെ ഭാഗം. ഉതും കോടതി അംഗീകരിച്ചേക്കും.

ബാങ്കിന്റെ മുൻ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാറിനേയും മുൻ മാനേജരായിരുന്ന എം.കെ. ബിജുവിനേയും (ബിജു കരീം) ആണ് മാപ്പുസാക്ഷികളാക്കിയത്. ഇ.ഡി. നൽകിയ ആദ്യ കുറ്റപത്രത്തിൽ 55 പ്രതികളാണുള്ളത്. ഇതിൽ 50 വ്യക്തികളും അഞ്ചു സ്ഥാപനങ്ങളുമാണ്. അറസ്റ്റിലായ നാല് മുഖ്യപ്രതികൾക്ക് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. ബാങ്കിൽ നേരിട്ട് തട്ടിപ്പ് നടത്തിയ ഇടനിലക്കാരൻ പി.പി. കിരൺ, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരും ഈട് തട്ടിപ്പിലൂടെ കോടികളുടെ ക്രമക്കേട് നടത്തിയ പി. സതീഷ് കുമാർ എന്ന വെളപ്പായ സതീശൻ, സിപിഎം. നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ. അരവിന്ദാക്ഷൻ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. മൂന്നുമാസമായിട്ടും ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.

പി.പി. കിരൺ ഒൻപതാം പ്രതിയും സി.കെ. ജിൽസ് 16-ാംപ്രതിയുമാണ്. 14, 15 പ്രതികളാണ് വെളപ്പായ സതീശനും പി.ആർ. അരവിന്ദാക്ഷനും. ബാങ്കിലെ മുൻ ഭരണസമിതിയംഗങ്ങളേയും ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുറമേ നിന്നുള്ള ചിലരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്ത എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യും. ഇതിനൊപ്പം പുതിയ ചിലരേയും. സിപിഎം നേതാക്കളായ എസി മൊയ്ജീൻ, കണ്ണൻ എന്നിവർ സംശയ നിഴലിലാണ്. ഇതിനൊപ്പം സിപിഎമ്മിന്റെ അക്കൗണ്ടുകളും കരുവന്നൂരിൽ കണ്ടെത്തിയിട്ടുണ്ട്.