കൊച്ചി: തൃശൂർ കരുവന്നൂർ സഹകരണബാങ്കിലെ ഇഡി അന്വേഷണം ദേശാഭിമാനിയിലേക്ക് കരുവന്നൂരിൽ നിന്നു 300 കോടി രൂപ ബെനാമി വായ്പകളായി കടത്തിക്കൊണ്ടു പോയതു സംബന്ധിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി.) അന്വേഷണം സിപിഎമ്മിന്റെ ഉന്നതനേതാക്കളിലേക്കും പാർട്ടി പത്രത്തിലേക്കും കടക്കും. രണ്ടാം ഘട്ടത്തിലാണ് വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നാണ് സൂചന. കോടതിയിൽ ഇതിന്റെ സൂചനകൾ ഇഡി നൽകിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി പി.സതീഷ്‌കുമാറിന്റെ സ്വകാര്യ പണമിടപാടു സ്ഥാപനം മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ, മന്ത്രി കെ.രാധാകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുൻ എംപി: പി.കെ.ബിജു, മുൻ മന്ത്രി എ.സി.മൊയ്തീൻ എംഎൽഎ എന്നിവർക്കും പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിക്കും കാലാകാലങ്ങളിൽ പണം കൈമാറി എന്നാണ് ആരോപണം. ഇതിന് തെളിവ് പി.സതീഷിന്റെ കൂട്ടുപ്രതിയും വടക്കാഞ്ചേരി നഗരസഭയിലെ സിപിഎമ്മിന്റെ സ്ഥിരം സമിതി അധ്യക്ഷനുമായ പി.അരവിന്ദാക്ഷന്റെ മൊഴിയാണ്.

ഇഡി കൂടുതൽ തെളിവുകൾ പുറത്തുവിട്ടതോടെ സിപിഎം. കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണ്. കേസിലെ പ്രധാന പ്രതി വെളപ്പായ സതീശൻ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിന് സതീശൻ പണം കൈമാറിയെന്നുമുള്ള പി.ആർ. അരവിന്ദാക്ഷന്റ വെളിപ്പെടുത്തൽ അതിനിർണ്ണായകമാണ്. ഇതിനെ വെറുമൊരു മൊഴിയായി മാറ്റാൻ സിപിഎം ശ്രമിക്കും. എന്നാൽ ദേശാഭിമാനിക്ക് പണം നൽകിയതിന്റെ രേഖകൾ ഇഡിക്ക് കിട്ടിയിട്ടുണ്ട്. എന്തിനാണ് പണം വാങ്ങിയതെന്ന് പാർട്ടി പത്രം വിശദീകരിക്കേണ്ടി വരും.

കരുവന്നൂർ കള്ളപ്പണക്കേസിൽ പതിനാലാം പ്രതിയാണ് സിപിഎം. തൃശ്ശൂർ അത്താണി ലോക്കൽ കമ്മിറ്റി അംഗമായ പി.ആർ. അരവിന്ദാക്ഷൻ. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരേയൊരു രാഷ്ട്രീയനേതാവുമാണ്. ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട മൊഴി ഇ.ഡി. പുറത്തുവിടുന്നത് ആദ്യമാണ്. സതീശന് ഇ.പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് സാധൂകരിക്കുന്ന മൊഴി അരവിന്ദാക്ഷൻ നൽകിയെന്നാണ് ഇ.ഡി. പറയുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവരെ ഇനി ചോദ്യം ചെയ്യും.

സതീഷ് കുമാറിന്റെ സ്വകാര്യ പണമിടപാട് സ്ഥാപനമായ 'ദേവി ഫിനാൻസിയേഴ്സ്' സിപിഎമ്മിന്റെ ഫണ്ടിങ് ഏജൻസിയെപ്പോലെ പ്രവർത്തിച്ചതായാണ് ആരോപണം. സതീഷ് കുമാറിന്റെയും സി.കെ. ജിൽസിന്റെയും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇ.ഡി. ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. ദേവി ഫിനാൻസിയേഴ്സിൽനിന്ന് സിപിഎമ്മിന്റെ നേതാക്കൾ ഉൾപ്പെടെയുള്ളവർ പലപ്പോഴും പണം കൈപ്പറ്റിയതിനുള്ള രേഖകളും സാക്ഷിമൊഴികളും ഇ.ഡി. ഹാജരാക്കിയിട്ടുണ്ട്. ദേശാഭിമാനി പത്രവും ദേവി ഫിനാൻസിയേഴ്‌സിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് അരവിന്ദാക്ഷൻ മൊഴി നൽകിയതായും വ്യക്തമാക്കിയിട്ടുണ്ട്.

ഇ.പി. ജയരാജൻ മന്ത്രിയായിരുന്ന കാലത്ത് രണ്ടുതവണ പി. സതീഷ് കുമാറിനൊപ്പം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതും മൊഴിയിലുണ്ട്. എന്നാൽ, ഇ.പി. ജയരാജന് പണം നൽകിയതുസംബന്ധിച്ച് അരവിന്ദാക്ഷന്റെ മൊഴിയിൽ നിന്ന് വ്യക്തമല്ലെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്. 2015 ഒക്ടോബറിലും 2016 ജനുവരിയിലും ദേവി ഫിനാൻസിയേഴ്സിൽനിന്ന് 18 ലക്ഷം രൂപവീതം രണ്ടുതവണ ദേശാഭിമാനി പത്രത്തിന്റെ അക്കൗണ്ടിലേക്ക് നൽകി. ഇത് സതീഷ് കുമാർ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സതീഷ് കുമാറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് ചോദ്യംചെയ്യലിൽ ഇതിന്റെ രേഖകൾ ഹാജരാക്കിയതായും ഇ.ഡി. കോടതിയിൽ പറഞ്ഞു. ഈ തെളിവുകൾ അന്വേഷണത്തിൽ നിർണ്ണായകമായി.

നേതാക്കൾക്ക് നൽകിയ തുകയുടെ വിശദവിവരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 2016-ൽ മൊയ്തീൻ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടുലക്ഷം രൂപ സതീഷ് നൽകിയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണ്. പി.കെ. ബിജു ആവശ്യപ്പെട്ടതുപ്രകാരം സതീഷിന്റെ സഹോദരന്റെ അക്കൗണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ നൽകിയതായി മൊഴിയുണ്ടെന്ന് ഇ.ഡി. പറയുന്നു. അരവിന്ദാക്ഷനും സതീഷ് കുമാറും ദുബായ് സന്ദർശിച്ച് എൻ.ആർ.ഐ. ബിസിനസുകാരനിൽനിന്ന് 77 ലക്ഷം രൂപ വാങ്ങി. അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ഈ തുക ആർക്കാണ് കൈമാറിയതെന്ന് അറിയില്ല.

എൻ.ആർ.ഐ. വ്യവസായി രണ്ടുതവണയായി സതീഷ് കുമാറിന്റെ ദേവി ഫിനാൻസിയേഴ്സിൽ നാലുകോടി നിക്ഷേപിച്ചതായും സതീഷ് കുമാർ മൊഴിനൽകിയിട്ടുണ്ട്. എന്നാൽ, പണം നിക്ഷേപിക്കുന്നതായി കത്ത് നൽകിയെങ്കിലും പണം നിക്ഷേപിച്ചില്ലെന്നാണ് വ്യവസായിയുടെ മൊഴി.