- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് അക്കൗണ്ടുകളിലൂടെ നടന്ന മുഴുവൻ ഇടപാടുകളുടെയും ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തെന്ന് ഇഡി; എല്ലാം സിപിഎമ്മിന്റേതെന്ന് കേന്ദ്ര ഏജൻസിയുടെ വിശദീകരണം; അന്വേഷണം പ്രത്യക്ഷത്തിൽ തന്നെ പാർട്ടിയിലേക്ക്; എത്തിയത് വ്യാജ വിഹിതമെന്നും വിലയിരുത്തൽ
കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്കിലെ ബെനാമി വായ്പ കള്ളപ്പണ തട്ടിപ്പു കേസിൽ 5 രഹസ്യ അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയത് നിർണ്ണായക മൊഴികളിലൂടെ. ബെനാമി വായ്പകൾ അനുവദിക്കുമ്പോൾ നൽകേണ്ട കമ്മിഷൻ നിക്ഷേപിക്കാനാണ് ഈ അക്കൗണ്ടുകൾ രഹസ്യമായി സൂക്ഷിച്ചിരുന്നത്. ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അങ്ങനെയാണ് അഞ്ച് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞത്. കേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ.അരവിന്ദാക്ഷനാണ് ഈ അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
350 കോടി രൂപയുടെ ബെനാമി വായ്പ തട്ടിപ്പു നടന്ന കരുവന്നൂർ ബാങ്കിൽ പ്രതികൾ സൂക്ഷിച്ചിരുന്ന രണ്ടു രഹസ്യ അക്കൗണ്ടുകൾ നേരത്തെ ഇ.ഡി. കണ്ടെത്തിയിരുന്നു. കണ്ടെത്തിയ എല്ലാ രഹസ്യ അക്കൗണ്ടുകൾ വഴിയും കമ്മിഷൻ ഇനത്തിൽ 50 ലക്ഷത്തിൽ അധികം തുകയുടെ വിനിമയം നടന്നിട്ടുണ്ട്. പാർട്ടിക്കു കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകളില്ലെന്ന് സിപിഎം നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ ഈ അക്കൗണ്ടുകളിലൂടെ നടന്ന മുഴുവൻ ഇടപാടുകളുടെയും ഡിജിറ്റൽ തെളിവുകൾ കണ്ടെടുക്കാൻ ഇ.ഡി.ക്കു കഴിഞ്ഞിട്ടുണ്ട്.
ഊരും പേരുമില്ലാത്ത അക്കൗണ്ടുകളിലേക്കു കോടിക്കണക്കിനു രൂപയുടെ വ്യാജ വായ്പകൾ പാസാക്കിയതിന്റെ വിഹിതം ഈ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടെന്നാണു ഇഡിയുടെ നിരീക്ഷണം. ഇത് അഴിമതി പണമാണെന്നും കേന്ദ്ര ഏജൻസി വിലയിരുത്തുന്നു. ബാങ്കിലെ ക്രമക്കേട് പുറത്തുവന്ന ഉടൻ സിപിഎമ്മിന്റേതെന്ന് സംശയിക്കുന്ന ഈ അക്കൗണ്ടുകളിലെ തുക പിൻവലിച്ചു. പാർട്ടിയുടെ രണ്ട് ലോക്കൽ കമ്മിറ്റികളാണ് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. വ്യാജവായ്പകൾ അനുവദിക്കുന്നതിന് പാർട്ടി കമ്മിഷൻ കൈപ്പറ്റിയിട്ടുണ്ട്. കമ്മിഷൻ തുക ഈ അക്കൗണ്ടുകളിലേക്കാണ് നല്കിയിരുന്നത്.
അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിമാർ വ്യാജ വായ്പകൾ അനുവദിക്കുന്നതിന് പാർട്ടി രൂപീകരിച്ച സബ് കമ്മിറ്റികളിൽ അംഗങ്ങളായിരുന്നുവെന്നും കണ്ടെത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. ചന്ദ്രനായിരുന്നു സബ്കമ്മിറ്റിയുടെ നേതൃത്വം. നോട്ടുനിരോധന കാലത്ത് ജില്ലയിലെ സഹകരണ ബാങ്കുകൾ വഴി 500 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ കരുവന്നൂർ കേസിലെ പ്രധാന പ്രതികളിൽ നിന്ന് വൻ തുകകൾ കൈപ്പറ്റിയിരുന്നുവെന്നും ആരോപണമുണ്ട്. മുഖ്യപ്രതി സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ടിൽ നിന്ന് പാർട്ടിയുടെ പല നേതാക്കളുടെ അക്കൗണ്ടുകളിലേക്കും ദേശാഭിമാനി അക്കൗണ്ടിലേക്കും വൻ തുകകൾ കൈമാറ്റം ചെയ്തു.
നോട്ടുനിരോധന കാലത്താണ് കരുവന്നൂർ ബാങ്കിൽ ഉൾപ്പെടെ വൻ തോതിൽ കള്ളപ്പണം വ്യാജ അക്കൗണ്ടുകൾ വഴി വെളുപ്പിച്ചത്. സോഫ്റ്റ്‌വെയറിൽ തിരിമറി നടത്തി രാവും പകലുമിരുന്നാണ് വ്യാജ അക്കൗണ്ടുകൾ വഴി വെളുപ്പിച്ചെടുത്തത്. പാർട്ടി അക്കൗണ്ടുകൾ വഴി നടന്നത് ബെനാമി ലോണുകളുടെ കമ്മിഷൻ തുകയുടെ കൈമാറ്റമാണ്. ബാങ്ക് ക്രമക്കേട് പുറത്തായത്തിന് പിന്നാലെ പാർട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇഡി പറയുന്നു. എന്നാൽ അക്കൗണ്ടിലെ പണമിടപാട് വിവരങ്ങൾ കൈമാറാൻ സിപിഎം തയ്യാറായില്ലെന്നതാണ് വസ്തുത.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം. തൃശ്ശൂർ ജില്ലാ ഘടകത്തിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇത്തരത്തിൽ രണ്ട് അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് രേഖാമൂലമുള്ള സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിനിടെയാണ് അഞ്ച് അക്കൗണ്ടിന്റെ വിരവം പുറത്തു വരുന്നത്.
മറ്റൊരു നിർണായക സാക്ഷി മൊഴി കൂടി ഇ.ഡിയുടെ മുമ്പിൽ എത്തിയിട്ടുണ്ട്. ബിനാമി ലോണുകളുടെ കമ്മിഷൻ തുകയാണ് ഈ അക്കൗണ്ടുകളിലേക്ക് പ്രധാനമായും എത്തിയത് എന്നാണ് മൊഴി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇ.ഡി. നടത്തുന്നുണ്ട്. കൂടുതൽ ബാങ്കുകളിലേക്ക് ഇ.ഡി. അന്വേഷണം പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ