- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രതികള്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ട ഇരുമ്പുഴി സ്വദേശി പിന്തുടര്‍ന്ന് വാഹനത്തിന്റെ ഫോട്ടോ എടുത്തത് നിര്‍ണായകമായി; കാട്ടുങ്ങലില്‍ ജ്വല്ലറി ജീവനക്കാരനും കൂട്ടാളികളും 117 പവന്‍ കവര്‍ന്ന കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്
117 പവന്‍ കവര്‍ന്ന കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്
മലപ്പുറം: മലപ്പുറം കാട്ടുങ്ങലില്‍ 117 പവന്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതികളുടെ പങ്ക് തെളിയിക്കുന്നതിനായി കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കും. മുഖ്യപ്രതിയും ജ്വല്ലറി ജീവനക്കാരനുമായ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ കടവത്ത് പറമ്പ് വീട്ടില്‍ സിവേഷ് (34) സ്വര്‍ണം എത്തിച്ച ജ്വല്ലറികളിലെ ദൃശ്യങ്ങള്‍, കേസിലെ മറ്റു പ്രതികളായ സഹോദരന്‍ ബെന്‍സു (39), ഇവരുടെ സുഹൃത്ത് പെരിന്തല്‍മണ്ണ വലമ്പൂര്‍ സ്വദേശി ഷിജു (29) എന്നിവര്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതിന് ശേഷം സഞ്ചരിച്ച വഴികളിലെ ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിക്കും.
ബാഗില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം ബെന്‍സുവിന്റെ സ്‌കൂട്ടറിന് പിന്നിലിരുന്ന ഷിജുവാണ് എടുത്തത്. ഇയാളെ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ പരേഡും നടത്തും. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ ശേഖരിച്ചതിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. കാട്ടുങ്ങലിലെ സംഭവം നടന്ന കച്ചവട സ്ഥാപനത്തിന് മുന്നിലെത്തിച്ചും തെളിവെടുക്കും. പ്രതികളുടെ സാമ്പത്തിക ബാധ്യത മറികടക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.
മലപ്പുറം കോട്ടപ്പടിയിലെ നിഖില ബാംഗിള്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ സിവേഷ് ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം സഹോദരനെയും സുഹൃത്തിനെയും ഉപയോഗിച്ച് കവരുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം സിവേഷിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി, കിഴിശ്ശേരി ഭാഗങ്ങളിലെ ജ്വല്ലറികളില്‍ സ്വര്‍ണത്തിന്റെ മോഡലുകള്‍ കാണിച്ച ശേഷം മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു ഇരുവരും. സിവേഷിന്റെ നിര്‍ദേശ പ്രകാരം ബെന്‍സുവും ഷിജുവും മറ്റൊരു സ്‌കൂട്ടറിലെത്തി സ്വര്‍ണം സൂക്ഷിച്ച ബാഗുമായി കടന്നുകളയുകയായിരുന്നു.
പ്രതികള്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ട ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുന്‍ഷിര്‍ ദുരൂഹത തോന്നി പ്രതികളെ പിന്തുടര്‍ന്ന് വാഹനത്തിന്റെ ഫോട്ടോ എടുത്തു. ഇതിലെ വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായത്.