തൊടുപുഴ: പോക്‌സോയിൽ തട്ടിപ്പുകളും സംഭവിക്കുമെന്നതിന് തെളിവായി 15 വയസ്സുകാരിയെ ഉപയോഗിച്ചു വ്യാജ ആരോപണം ഉന്നയിച്ചു പോക്‌സോ കേസെടുത്തു സർക്കാർ ഉദ്യോഗസ്ഥനെ ജയിലിലടച്ച സംഭവത്തിൽ കാഞ്ഞാർ പൊലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം. സംഭവത്തിൽ പൊലീസിനെ സ്‌പെഷൽ ജഡ്ജി ടി.ജി.വർഗീസ് നിശിതമായി വിമർശിച്ചു. പൊലീസ് ഗൂഢാലോചനയായിരുന്നു കേസിന് ആധാരം.

19 ദിവസം ജയിലിൽ കിടന്ന പ്രതിയെ കോടതി വിട്ടയച്ചു. ആർഡിഒ ഓഫിസിലെ ക്ലാർക്ക് ജോമോൻ വൈകിട്ടു പാട്ടു വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്നു പറഞ്ഞു 2020 ജനുവരി 11നാണു അയൽവാസിയായ ബാലിക കാഞ്ഞാർ പൊലീസിൽ പരാതി നൽകിയത്. ഇതാണ് ജോമോന്റെ ജീവിതം മാറ്റി മറിച്ചത്. പരാതി അന്വേഷിക്കാൻ ജോമോനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ജോമോനും പൊലീസുകാരും തമ്മിൽ സ്റ്റേഷനിൽ വാക്കേറ്റമുണ്ടായി. തുടർന്നു തന്നെയും ഭാര്യയെയും പൊലീസുകാർ മർദിച്ചു എന്നാരോപിച്ച് ജോമോൻ പൊലീസിനെതിരെ കോടതിയിൽ പരാതി നൽകി.

ഇതോടെ പൊലീസ് ശത്രുവായി. പൊലീസുകാരനെ മർദിച്ചു എന്നാരോപിച്ച് കാഞ്ഞാർ സ്റ്റേഷനിലെ സിപിഒ ബിജുമോന്റെ പരാതിയിൽ പൊലീസ് ജോമോനെതിരെയും കേസെടുത്തു. സ്റ്റേഷനിൽ വച്ചു മർദനമേറ്റ ജോമോന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയതറിഞ്ഞ പൊലീസ് ബാലികയെക്കൊണ്ട് ജോമോനെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിപ്പിച്ചു പോക്‌സോ കേസെടുത്തുവെന്നായിരുന്നു ജോമോന്റെ പരാതി.

വീട്ടിൽ അതിക്രമിച്ചു കയറി അശ്ലീലച്ചുവയിൽ സംസാരിച്ചുവെന്നും പരാതിക്കാരിയോടും 60 വയസ്സായ അമ്മൂമ്മയോടും പൊലീസ് സ്റ്റേഷനിൽ വച്ചും അശ്ലീലം പറഞ്ഞുവെന്നും മറ്റും മൊഴി രേഖപ്പെടുത്തി ജോമോനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു കേസെടുത്തു. കേസ് വിചാരണ ചെയ്ത ഇടുക്കി പോക്‌സോ കോടതി പെൺകുട്ടിയുടെയും അമ്മൂമ്മയുടെയും ആരോപണം കളവാണെന്നു കണ്ടെത്തുകയായിരുന്നു.

പൊലീസിനെതിരേ ഇദ്ദേഹം നൽകിയ കേസിനെ പ്രതിരോധിക്കാൻ കാഞ്ഞാർ പൊലീസ് പെൺകുട്ടിയെ പ്രേരിപ്പിച്ച് ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്. പൊലീസിനെ കോടതി നിശിതമായി വിമർശിച്ചു. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയോടും 64 വയസ്സുള്ള മുത്തശ്ശിയോടും ലൈംഗികാഭ്യർഥന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. തുടർന്നാണ് ഇയാൾക്കെതിരേ പോക്‌സോ കേസെടുത്തതും അറസ്റ്റുചെയ്തതും.

വിചാരണസമയത്തെ പെൺകുട്ടിയുടെയും മുത്തശ്ശിയുടെയും മൊഴികളിലെ വൈരുധ്യവും മറ്റുതെളിവുകളും കണക്കിലെടുത്ത്, കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്തിനുവേണ്ടിയാണോ പൊലീസിനെ സമൂഹം നിയോഗിച്ചിരിക്കുന്നത് അതിന് കടകവിരുദ്ധമായ പെരുമാറ്റമാണ് പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സ്‌പെഷ്യൽ ജഡ്ജി ടി.ജി. വർഗീസ് വിധിന്യായത്തിൽ നിരീക്ഷിച്ചു.