- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യമിട്ടത് ട്രെയിനിലെ ഒരു ബോഗി പൂർണമായി കത്തിക്കാൻ; കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിന് പിന്നിൽ ആസൂത്രണം; ഷാരൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിക്കാനും രക്ഷപ്പെടാനും സഹായം ലഭിച്ചു; എലത്തൂർ ട്രെയിൻ തീവെപ്പിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എൻ.ഐ.എ.യും ഐ.ബി.യും; പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന്; തെളിവായി സിസിടിവി
തിരുവനന്തപുരം: കോഴിക്കോട് എലത്തൂരിലുണ്ടായ ട്രെയിൻ തീവെപ്പിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂർ തീവെപ്പിന് പിന്നിൽ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചത്.
ട്രെയിനിലെ ഒരു ബോഗി പൂർണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും ഷാരൂഖ് സെയ്ഫിയിലൂടെ വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ട്രെയിനിലെ ഒരു ബോഗി പൂർണമായി കത്തിക്കാനായിരുന്നു പദ്ധതി. മൂന്നുകുപ്പി പെട്രോൾ ഉൾപ്പെടെ എല്ലാജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാൽ ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഇത്തരം കൃത്യം നടത്താനുള്ള പരിശീലനക്കുറവാണ് പദ്ധതി പാളിപ്പോകാൻ കാരണമായതെന്നും കേന്ദ്ര ഏജൻസികൾക്ക് വ്യക്തമായിട്ടുണ്ട്.
കൃത്യത്തിന് പിന്നിൽ ആസൂത്രിതമായപ്രവർത്തനങ്ങളുണ്ട്. വൻസംഘം തന്നെ ഇതിനുപിന്നിൽ പ്രവർത്തിച്ചു. ഷാരൂഖ് സെയ്ഫിക്ക് ആശയപരമായ പ്രചോദനങ്ങൾ നൽകിയതിന് പിന്നിലും വൻസംഘമുണ്ട്. ഇത്തരത്തിൽ പ്രചോദനം നൽകിയാണ് ഇയാളെ കൃത്യം നടത്താൻ പ്രേരിപ്പിച്ചത്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിന് പിന്നിലും ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് തിരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയെന്നാണ് വിവരം.
പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തിൽ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.ഷാരൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിക്കാൻ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഇതിന് വലിയ സഹായം ലഭിച്ചെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കോഴിക്കോട് എലത്തൂരിലുണ്ടായ ട്രെയിൻ തീവെപ്പിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തി കൂടുതൽവിവരങ്ങൾ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ.യും പ്രാഥമിക അന്വേഷണംനടത്തിയിരുന്നു. രണ്ട് ഏജൻസികളും നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.
കൃത്യം നടത്താനായി വലിയസംഘം ഷാരൂഖിനെ മാസങ്ങളോളം പ്രചോദിപ്പിച്ചെന്നാണ് വിവരം. എന്നാൽ ആക്രമണം നടത്താനുള്ള പരിശീലനമൊന്നും ഇയാൾക്ക് നൽകിയിരുന്നില്ല. പദ്ധതി പുറത്തറിയുമെന്ന് കരുതിയതിനാലാണ് ഇയാൾക്ക് പരിശീലനം നൽകാതിരിക്കാൻ കാരണമായത്. ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണം നടന്നാതായാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഇതിന് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കരുതുന്നു.
അതേ സമയം ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്ന് വ്യക്തമായി. റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറച്ചുമാറിയുള്ള പമ്പിൽ നിന്നാണ് ഇന്ധനം വാങ്ങിയത്. പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
മൊഴിയുടെ അടിസ്ഥാനത്തിലാണ് പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു പോലെ പ്രാവീണ്യമുള്ള ആളാണ് ഷാറൂഖെന്ന് അന്വേഷണസംഘം പറയുന്നു. ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മാതാപിതാക്കൾ പറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസം മാത്രമേയുള്ളൂ എന്നാണ്.
രണ്ടു കാനുകളിലായി നാല് ലീറ്റർ പെട്രോളാണ് ഷാറുഖ് വാങ്ങിയത്. പെട്രോൾ നൽകിയപ്പോൾ സംശയം തോന്നിയില്ലെന്ന് പമ്പ് ജീവനക്കാർ മൊഴി നൽകി. ഇന്ധനം വാങ്ങിയ ശേഷം ഷാറുഖ് തീവയ്പ് നടത്തിയ ആലപ്പുഴ - കണ്ണൂർ എക്‌സിക്യുട്ടീവ് എക്സ്‌പ്രസിൽ കയറുകയായിരുന്നു.
ഷാറുഖ് കേരളത്തിലെത്തിയത് സമ്പർക് ക്രാന്തി എക്സ്‌പ്രസിലാണ്. മാർച്ച് 31ന് ഡൽഹിയിൽ നിന്ന് കയറി ഷൊർണൂരിൽ ഇറങ്ങിയെന്നാണ് വിവരം. ആക്രമണത്തിനുശേഷം ട്രെയിനിൽനിന്ന് ചാടിയത് ഇരുന്നാണെന്നും പരുക്കേൽക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നുവെന്നും പ്രതി മൊഴി നൽകി.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യംചെയ്യൽ തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിൽ ആണ് ചോദ്യം ചെയ്യൽ. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങൾ ആദ്യഘട്ടത്തിൽതന്നെ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള തെളിവെടുപ്പും വിവിധ ഇടങ്ങളിൽ നടക്കും.
അതേസമയം, കേസിൽ കേരള പൊലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. കേസ് എൻ.ഐ.എയ്ക്ക് വിടാൻ ഇതുവരെ കേരള പൊലീസോ സംസ്ഥാന സർക്കാരോ തീരുമാനമെടുത്തിട്ടില്ല. പ്രതിയെ കൂടുതൽചോദ്യംചെയ്ത ശേഷം തീവ്രവാദബന്ധം സ്ഥിരീകരിച്ചാൽ കേസ് വിടാമെന്നാണ് കേരള പൊലീസിന്റെ തീരുമാനമെന്നാണ് സൂചന.
എന്നാൽ കേസ് വിടാൻ വൈകുകയാണെങ്കിൽ തങ്ങൾക്ക് ലഭിച്ച വിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. ഇതുവഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ അന്വേഷണം എൻ.ഐ.എ.യെ ഏൽപ്പിച്ചുള്ള ഉത്തരവിറക്കാനും സാധ്യതയുണ്ട്.
ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ച് അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. യാത്രയിൽ ഷാറൂഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ