- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം ബഷീറിന്റെ മൊബൈൽ ഫോൺ എന്തുകൊണ്ട് നഷ്ടമായി എന്ന ചോദ്യത്തിനു ഇതേവരെ ഉത്തരമില്ല; വാഹനാപകടം ഉണ്ടാവാനുള്ള യഥാർത്ഥ കാരണം ഈ ഫോണിലെന്നും സംശയം; പൊലീസ് സഹായിക്കുന്നത് പ്രതി ശ്രീറാം വെങ്കിട്ടരാമനെ; സിബിഐ അന്വേഷണം തേടി ബഷീറിന്റെ സഹോദരൻ ഹൈക്കോടതിയിൽ
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. ബഷീറിന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രതിയെ സഹായിക്കുകയാണ് പ്രോസിക്യൂഷൻ ചെയ്തതെന്നാണ് ഹർജിയിൽ പറയുന്നത്. ബഷീറിന്റെ കയ്യിൽ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ട്. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സഹോദരൻ ഹർജിയിൽ പറയുന്നു.
ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദമായിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടർ പദവിയിൽ നിയമിച്ചതിന് എതിരെയായിരുന്നു വിവാദം. പ്രതിഷേധം കനത്തതോടെ സർക്കാർ ഉത്തരവ് പിൻവലിച്ചു. നിലവിൽ ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ ജനറൽ മാനേജരാണ് ശ്രീറാം വെങ്കിട്ടരാമൻ.
ദുരൂഹത അതു പോലെ നിലനിൽക്കുന്നു: ബഷീറിന്റെ സഹോദരൻ മുമ്പ് മറുനാടനോട് പറഞ്ഞത്
ബഷീറിന്റെ മരണത്തിലുള്ള ദുരൂഹത അതേപോലെ നിലനിൽക്കുകയാണ്. മൊബൈൽ ഫോൺ എന്തുകൊണ്ട് നഷ്ടമായി എന്ന ചോദ്യത്തിനു ഞങ്ങൾക്ക് ഇതേവരെ ഉത്തരം ലഭിച്ചിട്ടില്ല- ബഷീറിന്റെ സഹോദരൻ കെ. അബ്ദുൾറഹ്മാൻ മറുനാടനോട് പറഞ്ഞിരുന്നു. വാഹനാപകടം ഉണ്ടാവാനുള്ള യഥാർത്ഥ കാരണം ഈ ഫോണിലുണ്ടെന്ന് അപ്പോൾ തന്നെ സംശയം ഞങ്ങൾക്ക് ഉയർന്നിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച കാര്യം മറച്ചു വയ്ക്കാൻ കേരള പൊലീസ് ശ്രീറാമിനെ സഹായിക്കുകയാണ് ചെയ്തത്. ബഷീർ മദ്യപിച്ചു എന്ന് തെളിയിക്കാൻ പരിശോധന റിപ്പോർട്ട് പ്രകാരം കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞു നടത്തിയ മദ്യപരിശോധന റിപ്പോർട്ടിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു എന്ന് തെളിയിക്കാൻ കഴിയില്ല. ബഷീറിന്റെ ഫോൺ എന്തായാലും ലഭിക്കണം എന്നാണ് ഞങ്ങളുടെ ഏറ്റവും വലിയ ആവശ്യം. ഫോൺ എങ്ങനെ പോയി എന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഫോൺ ലഭിക്കാത്തിടത്തോളം കാലം സംശയം നിലനിൽക്കും. എന്തോ ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകടം നടന്ന സമയം പൊലീസ് സ്ഥലത്ത് എത്തി.
എന്നിട്ടും ഫോൺ എങ്ങനെ പോയി. ബഷീറിനെ ആരൊക്കെയോ ആ സമയത്ത് വിളിച്ചിട്ടുണ്ട്. ശ്രീറാം ആരെയൊക്കെ വിളിച്ചു, ശ്രീറാമിനെ ആരൊക്കെ വിളിച്ചു, സ്ഥലത്ത് വന്ന മ്യൂസിയം എസ്ഐ ആരെയൊക്കെ വിളിച്ചു സിഐയെ ആരെയൊക്കെ വിളിച്ചു എന്നൊക്കെയുള്ള വിവരങ്ങളും രഹസ്യമായി നിലനിൽക്കുകയാണ്.
ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഓടിച്ച കാർ ഇടിച്ചാണ് 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ കെ.എം. ബഷീർ മരിക്കുന്നത്. ആ വാഹനാപകടം പിന്നീട് വലിയ വിവാദമായി മാറി. മരിച്ചത് മാധ്യമ പ്രവർത്തകനും കൊന്നതും ഐഎഎസ് ഉദ്യോഗസ്ഥനും ആയതുകൊണ്ടാണ് വാഹനാപകടം വിവാദമായത്. ഒപ്പം ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നു. ഫൊറൻസിക് വിദഗ്ധരും പൊലീസ് ഫൊട്ടോഗ്രഫറും എത്തും മുൻപേ ഇടിച്ച കാർ റിക്കവറി വാഹനം ഉപയോഗിച്ചു പൊലീസ് മാറ്റി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ യുവാവിന് മദ്യത്തിന്റെ മണമുണ്ടെന്നു പറഞ്ഞിട്ടും ശ്രീറാം വെങ്കിട്ടരാമനാണെന്നറിയാവുന്ന പൊലീസ് രക്തസാംപിളെടുക്കാതെ പോകാൻ അനുവദിച്ചു. എംബിബിഎസ് ബിരുദധാരികൂടിയായ ശ്രീറാമിന് തെളിവുനശിപ്പിക്കാൻ പൊലീസ് ധാരാളം സമയവും സൗകര്യവും ഒരുക്കി നൽകി. ഈ കേസിലെ ആദ്യ വീഴ്ചക്ക് അവിടെ തുടക്കം. തുടർന്ന് തെളിവ് നശിപ്പിക്കലിന്റെ കാഴ്ചകളാണ് ദൃശ്യമായത്. അത് വൻ വിവാദത്തിനും തിരികൊളുത്തി.
മണിക്കൂറുകൾ കഴിഞ്ഞുള്ള രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. വാഹനം ആരോടിച്ചു എന്നതും വിവാദമായി. വാഹനമോടിച്ചത് വഫയാണെന്നും താനല്ലെന്നുമുള്ള വാദങ്ങൾക്കൊടുവിൽ ശ്രീറാമിനെതിരേ വഫയും രംഗത്തുവന്നു. കോടതിയിൽ വഫ നൽകിയ മൊഴിയിൽ ശ്രീറാം മദ്യപിച്ചിരുന്നുവെന്നും അപകട സമയത്ത് അദ്ദേഹമാണ് വാഹനമോടിച്ചിരുന്നതെന്നും പറയുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന അപകടത്തിൽ പൊലീസ് ഒളിച്ചുകളി നടത്തുകയായിരുന്നു. അപകടശേഷം ജനറൽ ആശുപത്രിയിലേക്കു പോയ ശ്രീറാം അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറി. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് സാക്ഷിമൊഴികൾ ഉണ്ടായിരുന്നു. എന്നാൽ, ശ്രീറാമിന്റെ രക്തപരിശോധന നടത്താനായത് ഒമ്പത് മണിക്കൂറുകൾക്കു ശേഷമാണ്. അതും മാധ്യമ സമ്മർദത്തെ തുടർന്ന്.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ശ്രീറാമിൽ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് കുറിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കു ശേഷം ശേഖരിച്ച രക്തത്തിന്റെ സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. കാറിന്റെ അതിവേഗവും അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ളത് ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ