കൊച്ചി: കൊച്ചിയിൽ ഡാർക്ക്‌നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ജർമനിയിൽ നിന്നെത്തിയ പാഴ്സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വൻ ലഹരിവേട്ടയ്ക്ക് വഴിയൊരുക്കിയത്. ലഹരിയിടപാടുകളുടെ സൂത്രധാരനായ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ, എബിൻ ബാബു, ഷാരുൺ ഷാജി, കെ പി അമ്പാടി, സി ആർ അക്ഷയ്, അനന്തകൃഷ്ണൻ ടെബി, ആന്റണി സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്.

ജർമനിയിൽ നിന്ന് പാഴ്സൽ വഴി എത്തിയത് പത്ത് എൽ എസ് ഡി സ്റ്റാമ്പുകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.കൊച്ചിയിലെ ആറിടങ്ങളിൽ നടത്തിയ പരിശോധനയിൽ 326 എൽ എസ് ഡി സ്റ്റാമ്പുകൾ, എട്ട് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തു. പിടിയിലായത് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് നാർകോട്ടിക്സ് ബ്യൂറോ വ്യക്തമാക്കി. അന്വേഷണം കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൊച്ചി കേന്ദ്രീകരിച്ചു വലിയ ലഹരി ഇടപാടുകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഡാർക്ക് വെബിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നവർ കൂടുതലാണ്. അടുത്തിടെ കേരളത്തിലെ എം.ഡി.എം.എ ഹബ്ബായി കൊച്ചി മാറിയിരുന്നു. മറ്റു ജില്ലകളിൽ നിന്നും എത്തി എം.ഡി.എം.എ ഉപയോഗത്തിലൂടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ഈ വർഷം മാത്രം 50ലധികം പേരാണ് ഇത്തരത്തിൽ അറസ്റ്റിലായത്. സ്ത്രീകൾ പ്രതികളാകുന്ന കേസുകളും വർധിക്കുകയാണ്.

ലഹരി മരുന്നുകൾ സുലഭമായി കിട്ടുന്ന റേവ് പാർട്ടികൾ അടക്കം ഉന്മാദത്തിന് എല്ലാ അവസരവും കൊച്ചിയിലുണ്ട്. കൊച്ചി പണ്ടേ യുവാക്കൾക്കും വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണെങ്കിലും രണ്ടു വർഷത്തിനിടെയാണ് എം.ഡി.എം.എ ഹബ്ബായി മാറിയത്. കോവിഡിന് ശേഷമാണ് കൊച്ചിയിലേക്ക് എം.ഡി.എം.എ എത്തിക്കുന്നത് വർധിച്ചത്. ഇതോടെ എം.ഡി.എം.എ ഉപയോഗിക്കാൻ എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി.

കൊച്ചി പുറംകടലിൽ കപ്പലിൽനിന്ന് 15,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവവും കേരളത്തെ നടക്കുന്നതായിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. അന്ന് പാക്കിസ്ഥാൻ സ്വദേശി പിടിയിലായിരുന്നു. 2500 കിലോ മെത്താംഫെറ്റമിൻ മയക്കുമരുന്ന് എൻ.സി.ബി.യും നാവികസേനയും ചേർന്ന് പിടിച്ചെടുത്തത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയായിരുന്നു ഇത്.

അതേസമയം, നാവികസേനയും എൻ.സി.ബി.യും പിന്തുടരുന്നവിവരം മനസിലാക്കിയ ലഹരിക്കടത്തുകാർ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന കപ്പൽ മുക്കാൻശ്രമിച്ചിരുന്നു. കപ്പൽ മുക്കിയശേഷം ഇതിലുണ്ടായിരുന്നവർ ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് പാക്കിസ്ഥാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. മുങ്ങിത്തുടങ്ങിയ കപ്പലിൽനിന്ന് ചാക്കുകളിൽ സൂക്ഷിച്ചനിലയിലാണ് കിലോക്കണക്കിന് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പലിൽനിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സൂക്ഷിച്ച ചാക്കുകളിൽ പാക്കിസ്ഥാൻ മുദ്രകളാണുള്ളത്. പാക്കിസ്ഥാനിൽ ഉത്പാദിപ്പിക്കുന്ന വിവിധ ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളാണിവ.

പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര റാക്കറ്റായ ഹാജി സലീം ഗ്രൂപ്പാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നും സംശയിക്കുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്ന് ഇറാനിലെത്തിച്ച് അവിടെനിന്ന് കടൽമാർഗം വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നതാണ് ഹാജി സലീം ഗ്രൂപ്പിന്റെ രീതി.