- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിച്ചു വിവാഹം കഴിച്ചവർ വാടക വീട്ടിൽ ജീവിതം തുടങ്ങി; സജീവ് സംശയ രോഗിയായത് രമ്യയുടെ മൊബൈൽ ഫോൺ വില്ലനായപ്പോൾ; ഫോൺ വിളിയെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ; രമ്യയെ കൊന്ന് കുഴിച്ചിട്ട വീട്ടിൽ സജീവ് കഴിഞ്ഞത് ഒന്നരവർഷം; ചുരുളഴിച്ചത് നരബലി കേസിലെ തുടർന്നുണ്ടായ മിസ്സിങ് കേസുകളിലെ അന്വേഷണത്തിൽ
വൈപ്പിൻ: കൊച്ചിയിൽ ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ട ശേഷം അതേവീട്ടിൽ യാതൊരു കൂസലുമില്ലാതെ ഒന്നരവർഷമായി താമസിച്ചു വരികയാിയരുന്നു സജീവൻ എന്ന ഭർത്താവ്. ഭാര്യ ബംഗളുവിൽ പഠനത്തിന പോയെന്നും അവിടെ വെച്ച് മറ്റൊരാളുമായി ഒളിച്ചോടി പോയെന്നും മക്കളെ അടക്കം വിശ്വസിപ്പിച്ചു ഇയാൾ. പൊലീസ് അന്വേഷണത്തിൽ കള്ളം തെളിയുമ്പോൾ അതും കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകം ആകുകയാണ്.
കാണ്മാനില്ലെന്ന് കാട്ടി പരാതി അടക്കം നൽകി പൊലീസിനെ തെറ്റിദ്ധതിപ്പിച്ച സജീവ് ചില്ലറക്കാരല്ലെന്നാണ് വിലയിരുത്തൽ. തീർത്തും അവിശ്വസനീയമായ കാര്യങ്ങൾക്കാണ് ഇന്നലെ ഞാറക്കലിൽ തുമ്പുണ്ടായത്. ഭാര്യ രമ്യ(36)യെ കാണാനില്ലെന്ന് ഒരു വർഷം മുമ്പ് പരാതി നൽകിയ എറണാകുളം എടവനക്കാട് വാച്ചാക്കൽ പഞ്ചായത്തിന് പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന അറക്കപ്പറമ്പിൽ സജീവാണ് (44) താൻ തന്നെ കൊന്ന് കുഴിച്ച് മൂടിയതാണെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പൊലീസിനുമുന്നിൽ നടത്തിയത്.
കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നശേഷം താമസിച്ചിരുന്ന വീടിന്റെ സിറ്റൗട്ടിന് സമീപം കുഴിച്ചുമൂടുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. അറസ്റ്റിലായ സജീവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ്ച വൈകീട്ടോടെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി യുവതിയുടേതെന്ന് കരുതുന്ന അസ്ഥികൂടഭാഗങ്ങൾ കണ്ടെത്തി. പോസ്റ്റ്മോർട്ടവും നടത്തി.
വാച്ചാക്കലിൽ വർഷങ്ങളായി വാടകക്ക് താമസിച്ച് വരുകയായിരുന്നു വൈപ്പിൻ സ്വദേശികളായ രമ്യയും സജീവനും. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഈ പ്രണയത്തിന്റെ പേരിൽ ബന്ധുക്കളുടെ എതിർപ്പും നേരിടേണ്ടി വന്നിരുന്നു. ഇതോടെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവരുടേത്. വിവാഹിതരായി രണ്ട് മകളും ഉണ്ടായ ശേഷമാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. അവിടെ വില്ലനായി മാറിയത് മൊബൈൽ ഫോണായിരുന്നു. ഭാര്യയുടെ ഫോൺവിളികളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2021 ആഗസ്റ്റിലാണ് രമ്യയെ കാണാതാകുന്നത്. ഭാര്യ ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയിരിക്കുകയാണെന്നും അവിടെനിന്ന് വിദേശത്തേക്ക് പോകുമെന്നുമാണ് ഇതേപ്പറ്റി സജീവൻ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ, രമ്യയെപ്പറ്റി ഒരു വിവരവും ലഭിക്കാതായതോടെ ബന്ധുക്കളും അന്വേഷിക്കാൻ തുടങ്ങി. ഇതിനിടെ, സജീവൻ ഫെബ്രുവരിയിൽ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഞാറക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ, രമ്യയെപ്പറ്റി സജീവൻ പലരോടും പലരീതിയിൽ പറഞ്ഞത് സംശയത്തിനിടയാക്കി. പൊലീസും മൊഴിയിലെ വൈരുധ്യം ശ്രദ്ധിച്ചു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.
തെളിവുകൾ സമാഹരിച്ച ശേഷം വ്യാഴാഴ്ച രാവിലെ സജീവനെ സ്റ്റേഷനിൽ വിളിപ്പിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. രമ്യയുടെ മൊബൈൽ ഫോൺ വിളികളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. പകൽസമയത്ത് വാക്തർക്കത്തെ തുടർന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി മൃതദേഹം കുഴിച്ചുമൂടി. ആ വീട്ടിൽത്തന്നെ ഒന്നരവർഷമായി താമസിക്കുകയും ചെയ്തു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. സംഭവ സമയത്ത് അവർ വീട്ടിലുണ്ടായിരുന്നില്ല.
പെയിന്റിങ് തൊഴിലാളിയായ സജീവ് നാട്ടിലെ സൗഹൃദക്കൂട്ടായ്മകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്നു. അതേസമയം, എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന രമ്യയാകട്ടെ അയൽവാസികളുമായിപോലും കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ലെന്നും പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്കാണ് അറസ്റ്റ്.
വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബർ 16 നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് സജീവൻ പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളിൽ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. ഇതോടെ സജീവൻ ഭാര്യയെ കാണ്മാനില്ലെന്ന് പൊലീസിൽ ഒരു പരാതി നൽകി. പത്തനംതിട്ടയിലെ നരബലി കേസുകൾ പുറത്ത് വന്ന സമയത്ത് പൊലീസ് മിസിങ് കേസുകളിൽ കാര്യമായ അന്വേഷണം നടത്തി. ഈ അന്വേഷണമാണ് കേസിൽ നിർണായകമായി വന്നത്. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നുവെന്നും അയാൾക്കൊപ്പം അവൾ ഒളിച്ചോടിയെന്നും സ്വന്തം മക്കളെപ്പോലും വിശ്വസിപ്പിക്കാൻ സജീവന് കഴിഞ്ഞു. എന്നാൽ ഒരു കാര്യത്തിൽ മാത്രം സജീവന് പിഴച്ചു. ആ ഒരു പിഴവിൽ പൊലീസ് പിടിച്ചുകയറുകയും ചെയ്തു. അമ്മ കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് മക്കളെയുൾപ്പെടെ സജീവൻ വിശ്വസിപ്പിച്ചത്. അമ്മ ചീത്തയാണെന്ന് മക്കളെ വിശ്വസിപ്പിച്ചതും പാളി. ഇവിടെയാണ് സജീവനെ സംശയിച്ചത്.
രമ്യയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് അധികൃതർക്ക് പൊലീസ് അറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ പഞ്ചായത്ത് അംഗമെത്തുകയും ചെയ്തിരുന്നു. ആ സമയം സജീവൻ പട്ടിയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നു. പിന്നീട് സജീവനെക്കണ്ട് വിവരം തിരക്കിയപ്പോൾ രമ്യ വിദേശത്ത് പോയെന്ന മറുപടിയാണ് നൽകിയതും. പ്ളസ് വൺ വിദ്യാർത്ഥി സഞ്ജന, എട്ടാം ക്ളാസുകാരൻ സിദ്ധാർത്ഥ് എന്നിവരാണ് സജീവന്റേയും രമ്യയുടേയും മക്കൾ.
എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ അഡീഷനൽ പൊലീസ് സൂപ്രണ്ട് ടി.ബിജി ജോർജ്, മുനമ്പം ഡിവൈ.എസ്പി എം.കെ. മുരളി, ഞാറക്കൽ ഇൻസ്പെക്ടർ രാജൻ കെ. അരമന, മുനമ്പം ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, സബ് ഇൻസ്പെക്ടർമാരായ മാഹീൻ സലിം, വന്ദന കൃഷ്ണൻ, വി എം. ഡോളി, എഎസ്ഐമാരായ ദേവരാജ്, ഷാഹിർ, സി.പി.ഒമാരായ ഗിരിജാവല്ലഭൻ, സ്വരാഭ്, സിമിൽ, പ്രീജൻ, ലിബിഷ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ