തൃശൂർ: അതിസുരക്ഷാ ജയിലിലെ കാലപത്തിൽ ഇനി അന്വേഷണം ഉണ്ടാകില്ല. കൊടി സുനിയെ രക്ഷിച്ചെടുക്കാനാണ് ഇത്. വ്യക്തമായ ഗൂഢാലോചന ഈ സംഭവത്തിലുണ്ടായിട്ടുണ്ട്. കലാപത്തിനായി തടവുകാർ 'തിരഞ്ഞെടുത്തത്' മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം ആണെന്നത് ഉൾപ്പെടെ പല സംശയങ്ങൾക്കും ഇട നൽകുന്നു. പല ഉന്നതരും അറിഞ്ഞാണ് ആക്രമണ നാടകം നടന്നതെന്നാണ് സൂചന.

കലാപം നടന്ന 5 ന് അതിസുരക്ഷാ ജയിലിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സമീപത്തെ സെൻട്രൽ ജയിലിലെ സൂപ്രണ്ട്, ഇതേ വളപ്പിലെ ഓഫിസിൽ ജോലി ചെയ്യുന്ന മധ്യമേഖലാ ഡിഐജി എന്നിവരും അവധിയിലായിരുന്നു. ഈ വിവരങ്ങളെല്ലാം തടവുകാർക്കു കൃത്യമായി ലഭിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് കൊടി സുനി പദ്ധതികൾ തയ്യാറാക്കിയത്. അതിസുരക്ഷാ ജയിലിൽ നിന്നു തന്നെ മാറ്റണമെന്ന വർഷങ്ങളായുള്ള ആവശ്യം നിരസിക്കപ്പെട്ടതു കൊടി സുനിയെ അസ്വസ്ഥനാക്കിയിരുന്നു. സുനിയുടെ രോഷം ശമിപ്പിക്കാനും ജയിൽമാറ്റാനുമായി ആസൂത്രണം ചെയ്യപ്പെട്ട നാടകമായിരുന്നു കലാപം എന്നാണു സൂചന.

സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാതിരിക്കാൻ ജയിൽ വകുപ്പിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്. കണ്ണൂരിലെ ലോബിയാണ് ഇതിന് കാരണം. കണ്ണൂരിൽ കൊടി സുനിയ്‌ക്കൊപ്പം നിൽക്കുന്ന സഖാക്കളാണ് സമർദ്ദവുമായി ഉള്ളത്. ഇതോടെ ഡിഐജിയുടെ പ്രാഥമിക അന്വേഷണം നടന്നെന്നും ഇതു മതിയാകുമെന്നുമാണു ജയിൽ വകുപ്പു നേതൃത്വത്തിനു ലഭിക്കുന്ന നിർദ്ദേശം. ഇത് അംഗീകരിക്കാനാണ് സാധ്യത. കൊടി സുനിയെ ജയിൽ മാറ്റുകയും ചെയ്തു. ഇതോടെ ലക്ഷ്യവും നടന്നു.

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ ജയിൽ സ്വന്തം വീടുപോലെയായിരുന്നു തുടക്കത്തിൽ കൊടി സുനിക്ക്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ടവനായതിനാൽ ജയിലിനുള്ളിൽ കിരീടമില്ലാത്ത രാജാവാണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാം പ്രതിയായ എൻ.കെ സുനിൽ കുമാർ എന്ന സുനി. സെല്ലിൽ മൊബൈൽ ഉപയോഗിക്കാം. ഇഷ്ടമുള്ള ആഹാരവും മദ്യവും ജയിലിനുള്ളിലെത്തും. പുറത്തെ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിച്ച് മാസംതോറും ലക്ഷങ്ങൾ സമ്പാദിച്ചു. എന്നാൽ ഇതെല്ലാം പെട്ടെന്ന് നിലയ്ക്കുന്ന സ്ഥിതി വന്നു. കേന്ദ്ര ഏജൻസികളുടെ നിരീക്ഷണമായിരുന്നു ഇതിന് കാരണം. ഇതോടെയാണ് ജയിൽ മാറ്റം കൊടി സുനി ആഗ്രഹിച്ചത്.

കണ്ണൂരിലെ ജയിലിലാണെങ്കിൽ സ്വാതന്ത്ര്യം കൂടും. ടിപി കേസിലെ പ്രതികളെല്ലാം അടുത്തടുത്ത സെല്ലുകളിലെത്തും. അതുകൊണ്ട് തന്നെ കണ്ണൂരിലേക്ക് മാറുകയായിരുന്നു കൊടി സുനിയുടെ ലക്ഷ്യം. ഇതിന് കോടതിയുടെ നിലപാട് എതിരായി. സഹ തടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെ സുനിയെ തവനൂരിലെ ജയിലിലേക്കു മാറ്റി. വിയ്യൂരിൽനിന്നു മാറ്റണമെന്ന് സുനി ഏറെക്കാലമായി ആവശ്യപ്പെടുകയായിരുന്നു. ഇനി താമസിയാതെ കണ്ണൂരിലേക്കും മാറും. അതീവ സുരക്ഷാ ജയിലാണ് വിയ്യൂരിലേത്. ഇവിടെ തീവ്രവാദ കേസുകളിലെ പ്രതികളുമുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികൾ നിരന്തര നിരീക്ഷണത്തിലാക്കി. ഇതോടെയാണ് ജയിൽ മാറണമെന്ന മോഹം കൊടിസുനിക്ക് വരുന്നത്.

സുനിക്കും സംഘത്തിനും ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാൽ പരോളിൽ ഇളവ് ലഭിക്കാറുണ്ട്. പരോളിനിടയിലാണ് ടിപി കേസിലെ രണ്ടാം പ്രതി കിർമാണി മനോജിനെ ലഹരിപാർട്ടി നടത്തിയതിനു പിടികൂടിയത്. ടിപി കേസിലെ പ്രതികൾ പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഢാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ ആവർത്തിച്ചിട്ടും പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകിയെന്നതാണ് വസ്തുത.