- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ പൊലീസുകാരനെ കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യാനൊരുങ്ങിയതാ...'; സൈനികന്റെ വാക്കുകളിൽ സത്യം കണ്ടത് കമ്മീഷണർ; സിസിടിവി പരിശോധനയിൽ തെളിഞ്ഞത് പൊലീസ് ക്രൂരത; ഏഴു കൊല്ലം പ്രണയിച്ച കാമുകിയെ സ്വന്തമാക്കാനെത്തിയ സൈനികന് കിട്ടിയത് ക്രൂര മർദ്ദനം; കല്യാണവും മുടക്കി; കൊല്ലം കിളികൊല്ലൂരിലേത് കേരളാ പൊലീസിന് തീരാ കളങ്കം; ആ കുറ്റവാളികളെ വെറുതെ വിടുമ്പോൾ
കൊല്ലം: 'ആ പൊലീസുകാരനെ കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യാനൊരുങ്ങിയതാ...'-കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്ന മൂന്നാം മുറ പ്രയോഗത്തിൽ ജീവിതം ഇരുട്ടിലായ സൈനികനായ വിഷ്ണുവിന്റെയും, സഹോദരൻ വിഘ്‌നേഷിന്റെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നിലെ വേദന കൊച്ചി കമ്മീഷണർ തിരിച്ചറിഞ്ഞു. പിന്നാലെ നടന്ന അന്വേഷണം പൊളിച്ചത് പൊലീസ് തിരക്കഥയാണ്. ഈ നാട്ടിൽ എന്തും നടക്കുമെന്നതിന് തെളിവ്. മാങ്ങ മോഷ്ടിച്ച് പൊലീസിനെ നാറ്റിക്കുന്നതിനേക്കൾ വലിയ കുറ്റകൃത്യമാണ് കൊല്ലം കിളികൊല്ലൂരിലെ സ്‌റ്റേഷനിൽ സംഭവിച്ചത്.
കഞ്ചാവ് കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എഎസ്ഐയെ കസേരയിൽ നിന്ന് വലിച്ച് നിലത്തിട്ട് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചെന്ന കേസ് പൊലീസിന്റെ നാടകമായിരുന്നു. യഥാർത്ഥത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ജാമ്യത്തിലിറങ്ങിയ യുവാക്കൾ കമ്മിഷണർക്ക് നൽകിയ പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണാ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് പൊലീസ് സംഘം ചേർന്ന് നടത്തിയത്. പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എഎസ്ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരിക്കേറ്റത്. സംഭവത്തിന്റെ ചുരുൾ നിവർന്നതോടെ കിളികൊല്ലൂർ എസ്‌ഐ എ.പി.അനീഷ്, സീനിയർ സി.പി.ഒമാരായ ആർ. പ്രകാശ് ചന്ദ്രൻ, വി.ആർ.ദിലീപ് എന്നിവരെ കമ്മിഷണർ സ്ഥലം മാറ്റി. സിഐക്കെതിരെയും വൈകാതെ നടപടിക്ക് സാദ്ധ്യതയുണ്ട്. കഞ്ചാവ് കേസിൽ പിടിയിലായ യുവാവിനെ ജാമ്യത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 25നായിരുന്നു അക്രമ സംഭവങ്ങൾ. സൈനികന്റെ കല്യാണവും ഇതുമൂലം മുടങ്ങി.
സംഭവം ദിവസം കിളികൊല്ലൂർ സ്റ്റേഷനിലെ തന്റെ നാട്ടുകാരനായ പൊലീസുകാരൻ വിഘ്‌നേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പ്രതിക്ക് ജാമ്യം എടുക്കാനായി വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയപ്പോഴാണ് എം.ഡി.എ കേസിലെ പ്രതിയാണെന്ന് അറിയുന്നത്. പൊലീസ് ലിസ്റ്റിൽ ഉണ്ടായിരുന്നതിനാൽ ജാമ്യം നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി. സ്റ്റേഷന് മുന്നിൽ മടങ്ങാൻ ഒരുങ്ങവെ സഹോദരനായ വിഷ്ണു സ്ഥലത്തെത്തി. ഈസമയം സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുനിറുത്തി ബോധപൂർവം പ്രശ്‌നം സൃഷ്ടിച്ചു.
ബൈക്കിലെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചതോടെ തർക്കമായി. പൊലീസുകാരൻ മദ്യപിച്ച് പ്രശ്‌നം സൃഷ്ടിച്ചുവെന്ന് പരാതിപ്പെടാനായി വിഷ്ണുവും വിഘ്‌നേഷും സ്റ്റേഷനിൽ എത്തിയതോടെ ബാക്കി പൊലീസുകാർ ഓരോരുത്തരായെത്തി പല ഭാഗത്തുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. വസ്തുത മറച്ചുവച്ച് പൊലീസുകാർ ഏറെ നാടകീയമായ തിരക്കഥ ചമച്ചാണ് സംഭവം മാധ്യമപ്രവർത്തകരോടടക്കം വിശദീകരിച്ചത്. നരബലിയെ വെല്ലുന്നതായിരുന്നു ആ കഥ. പക്ഷേ ഇവിടെ ജയിലിലായത് കുറ്റം ചെയ്യാത്ത സാധാരണക്കാരായിരുന്നു. അവരുടെ മോഹങ്ങളെയാണ് ചവിട്ടി മെതിച്ചത്.
സൈനികന്റെ വിവാഹം മുടങ്ങുകയും ചെയ്തു. സൈനികനായ വിഷ്ണു വിവാഹത്തിനായാണ് അവധിയെടുത്ത് നാട്ടിലേക്ക് എത്തിയത്. വിവാഹത്തിന് മുന്നോടിയായി വീട് മിനുക്കാൻ പെയിന്റ് വാങ്ങാൻ പോയി തിരികെ വരുമ്പോഴാണ് അനുജൻ സ്റ്റേഷന് മുന്നിൽ നിൽക്കുന്നതറിഞ്ഞ് അവിടേക്ക് എത്തിയത്. പൊലീസുകാരന്റെ തലയ്ക്കടിച്ചെന്ന പൊലീസിന്റെ തിരക്കഥ മാധ്യമങ്ങളിൽ പരന്നതോടെ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. ക്രൂരമായ മർദ്ദനത്തിൽ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിന് പൊലീസിലേക്കുള്ള ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. അങ്ങനെ ആ ജോലിയും പോകും.
ഈ സംഭവം കൊണ്ട് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വർഷത്തെ പ്രണയത്തിനൊടുവിലാണ് ചേട്ടന്റെ വിവാഹം ഉറപ്പിച്ചത്. അതാണ് മുടങ്ങിപ്പോയത്. തന്റെ കാൽ അടിച്ചുപൊട്ടിച്ചു, കൈയ്ക്ക് ശക്തമായ അടിയേറ്റതിനാൽ ഒരു സ്പൂൺ പോലും പിടിക്കാനാവാത്ത അവസ്ഥയാണിപ്പോൾ. ജയിലിൽ നിന്ന് ഇറങ്ങിയത് എസ്‌ഐ എ.പി. അനീഷിനെ കൊല്ലണമെന്ന മാനസികാവസ്ഥയിലാണ്. അത്രത്തോളമാണ് ശാരീരികമായി തന്നെ ഉപദ്രവിച്ചത്. ലാത്തിയെടുത്ത് സ്റ്റേഷനുള്ളിൽ ഓടിച്ചിട്ടാണ് തന്നെ മൃഗീയമായി മർദിച്ചത്-വിഘ്‌നേശ് പറയുന്നു. ചോര വന്നിട്ടും അടി നിർത്താൻ എസ്‌ഐ തയ്യാറായില്ലെന്നും സൈനികനും വെളിപ്പെടുത്തുന്നു.
എം.ഡി.എം.എ കേസ് പ്രതിയെ ജാമ്യത്തിലിറക്കാൻ വിഘ്‌നേഷിനെ വിളിച്ചുവരുത്തിയ പൊലീസുകാരനെതിരെ മതിയായ നടപടിയെടുത്തിട്ടില്ലെന്നതാണ് വസ്തുത. എസ്‌ഐക്ക് പാരിപ്പള്ളി സ്റ്റേഷനിലേക്കും സീനിയർ സി.പി.ഒമാർക്ക് ഇരവിപുരം, അഞ്ചാലുംമൂട് സ്റ്റേഷനുകളിലേക്കുമാണ് മാറ്റം. ഇതിനു പിന്നിലും രാഷ്ട്രീയ സ്വാധീനമുണ്ട്. കഴിഞ്ഞ മാസം 25നായിരുന്നു കേസിനാസ്പദമായ സംഭവം. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന വിഘ്നേഷും വിഷ്ണുവും പൊലീസിനോട് കയർത്ത് സംസാരിക്കുകയും തുടർന്ന് റൈറ്ററെ മർദിച്ചെന്നുമായിരുന്നു പൊലീസ് ആരോപണം.
ഇരുവരുടെയും മർദനത്തിൽ പ്രകാശ് എന്ന പൊലീസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്‌ഐആർ. റിമാൻഡ് ചെയ്ത ഇരുവർക്കും 12 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ എട്ടോളം വകുപ്പുകളാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയത്. ഇതെല്ലാം പ്രതികാരമാണെന്നാണ് തെളിയുന്നത്. മർദിച്ച് അവശനാക്കിയ ശേഷം കുടിക്കാൻ പോലും വെള്ളം തന്നില്ലെന്ന് സൈനികൻ വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ