കൊല്ലം: ഓയൂരിൽ നിന്നു ഇന്ന് വൈകിട്ട് തട്ടിക്കൊണ്ടുപോയ 6 വയസ്സുകാരിയുടെ മോചനത്തിനായി പണം ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ചാണ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണിൽ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.

കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോൺ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. എംസി റോഡിലടക്കം പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഭികേൽ സാറ. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാർ നേരത്തെ തന്നെ ഈ പരിസരത്തു കണ്ടിരുന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച് നേരത്തെ മക്കൾ പറഞ്ഞിരുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടി സുരക്ഷിതയാണെന്നും പണം നൽകണമെന്നുമാണ് ഫോൺ ചെയ്ത സ്ത്രീ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത് യുഎൻഎ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് റെജി ജോണിന്റെ മകൾ അഭിഗേൽ സാറ റെജിയെയാണ്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം. തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിച്ചു

സംഭവത്തെ കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ ജോനാഥൻ പറയുന്നത് ഇങ്ങനെ:

ഒരുപേപ്പറ് തന്ന് അത് അമ്മച്ചിക്ക് കൊടുക്കാവെന്ന് പറഞ്ഞ്, ഞാൻ മേടിച്ചില്ല, അപ്പോഴത്തേക്കും അവളെ പിടിച്ചുവലിച്ച് എന്റെ കയ്യും പിടിച്ച്, എന്റെ കയ്യിൽ ഒരു കമ്പുണ്ടായിരുന്നു, അതുകൊണ്ട് അടിച്ചിട്ടും അവര് വിട്ടില്ല, വലിച്ചിഴച്ചോണ്ട് പോയി.

മോന് അറിയാവുന്ന ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ തനിക്കറിഞ്ഞുകൂടാ എന്നാണ് കുട്ടിയുടെ മറുപടി. നാല് പേരുണ്ടായിരുന്നു. മൂന്ന് ആണുങ്ങളും ഒരുപെണ്ണും

പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു. ദൃശ്യങ്ങളിൽ കാറ് കണ്ടെത്തി. എന്നാൽ കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല.

അതേസമയം, തിരുവനന്തപുരം രജിസ്‌ട്രേഷനാണെന്ന് പൊലീസ് പറയുന്നു. അതേസമയം, കാറിന്റെ നമ്പർ വ്യാജമാകാനും സാധ്യതയുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്‌പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വിവരം കിട്ടുന്നവർ ഈ നമ്പറുകളിൽ അറിയിക്കുക: 9946923282, 9495578999