- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓയൂരിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ സ്ത്രീ ആശ്രാമം മൈതാനത്ത് എത്തിച്ചത് തന്റെ ഒക്കത്തിരുത്തി; ആറുവയസുകാരിയെ ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്; 2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങളും തേടുന്നു; കിഡ്നാപ്പിങ്ങിന്റെ നാലാം നാളും പ്രതികൾ കാണാമറയത്ത് തന്നെ
കൊല്ലം: കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനിയിൽ കുട്ടിയെ പട്ടാപ്പകൽ ഉപേക്ഷിച്ച് പോയത് പൊലീസിന്റെ മൂക്കിനു താഴെക്കൂടിയാണ്. പൊലീസ് പ്രതികളേയും അവർ സഞ്ചരിച്ചിരുന്ന കാറും അന്വേഷിച്ച് കൊല്ലം റൂറൽ ഏരിയയിൽ വല വിരിച്ചപ്പോൾ പ്രതികൾ കൊല്ലം നഗരത്തിലെത്തി കുട്ടിയെ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. അതിനിടെ, ആറു വയസുകാരിയെ ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. ആശ്രാമം മൈതാനത്ത് എത്തിച്ചത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കേസിലെ പൊലീസ് അന്വേഷണത്തിലാണ് നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്.
പട്ടാപ്പകൽ ചിന്നക്കടയിൽ നിന്ന് കാൽനടയായി കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി ലിങ്ക് റോഡ് വഴി ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീയെയും കുട്ടിയേയും ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറുന്നതുവരെ ആരും തിരിച്ചറിഞ്ഞില്ല. ഓട്ടോയിൽ മൈതാനത്തേക്ക് സഞ്ചരിച്ചത് അര കിലോമീറ്റർ ദൂരമാണ്. ഓട്ടോയിൽ കയറിയ സ്ഥലത്തിന് തൊട്ടടുത്താണ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസ്. മൈതാനത്ത് എത്തിയ സമയം ഒരു പൊലീസ് ജീപ്പ് അതുവഴി കടന്നു പോയതായും വിവരമുണ്ട്. ആരാണ് ആ സ്ത്രീയെന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സംഘം പാരിപ്പള്ളിയിൽ കറങ്ങിയ ഓട്ടോ കണ്ടെത്തിയാൽ പ്രതികളിലേക്കും എത്താൻ കഴിയും. എന്നാൽ ഇക്കാര്യത്തിലും പൊലീസ് അന്വേഷണം മുമ്പോട്ട് പോകുന്നില്ല.
അതിനിടെ കൊല്ലം ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ കേരളം വിടാൻ സാധ്യതയില്ലെന്നും പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
2014 ന് ശേഷം രജിസ്റ്റർ ചെയ്ത സ്വഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് മോട്ടോർ വാഹന വകുപ്പിനോടും കാർ കമ്പനിയോടും തേടിയിട്ടുണ്ട്. റേഞ്ച് ഡിഎജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ തുടർച്ചയായ ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഓട്ടോയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.
അതിനിടെ തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുമ്പ് ഇതേ കാർ, ഇതേ റൂട്ടിൽ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കൊല്ലം പള്ളിക്കൽ മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് കിട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31ന് പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്ക് കാർ പോകുന്നതാണ് ദൃശ്യങ്ങളിൽ. സംഭവം നടന്ന പരിസരത്തെ ടവർ ലൊക്കേഷനുകൾക്ക് കീഴിലെ ഫോൺ വിളികൾ പൊലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്. കൊല്ലം ഗവ.ആശുപത്രിയിൽ ഉള്ള കുഞ്ഞിനെ വീട്ടിലേക്ക് മാറ്റുന്നതിൽ തീരുമാനമായിട്ടില്ല. കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പൂർണമായും തൃപ്തമാണ്.
തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്ന് സംശയം. എന്നാൽ, ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ സ്ത്രീകളുടെ മൂന്നിലധികം ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും ആരെയും തിരിച്ചറിയാൻ കുട്ടിക്കു സാധിച്ചില്ല. ഭയമാകുന്നു എന്നു പറഞ്ഞതിനാൽ കൂടുതൽ ചിത്രങ്ങൾ കാണിക്കുന്നത് ഒഴിവാക്കി. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. സംഭവം നടന്ന് നാലാംദിവസവും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ