തൃശൂർ: കൊരട്ടിയിൽ കുടുംബവഴക്കിനെത്തുടർന്നു ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുകയും രണ്ടു മക്കളെ ഗുരുതരമായി വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത ശേഷം ഗൃഹനാഥൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിന് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങൾ.

സാൻജോ നഗറിൽ വാടകയ്ക്കു താമസിക്കുന്ന കുഴുപ്പിള്ളി ബിനു (38) ആണു ഭാര്യ ഷീജയെ (38) കൊലപ്പെടുത്തിയത്. മക്കളായ അഭിനവ് (11), അനുഗ്രഹ (5) എന്നിവരെയും ബിനു വെട്ടിയെങ്കിലും നിലവിളിച്ചു പുറത്തേക്കോടിയ ഇരുവരും ചോരയൊലിക്കുന്ന നിലയിൽ സമീപത്തെ ഉത്സവപ്പറമ്പിൽ ഓടിയെത്തി നാട്ടുകാരോടു വിവരം പറയുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്നു കുട്ടികളെ ആശുപത്രിയിലെത്തിച്ചു. പക്ഷേ ഷീജയെ രക്ഷിക്കാനായില്ല.

നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഷീജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാരെ കണ്ട ബിനു ഇറങ്ങിയോടി. മീൻ കച്ചവടക്കാരനായ ബിനു കടമുണ്ടായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. പലരോടായി ബിനു വീണ്ടും പണം കടം വാങ്ങുന്നതിനെ ഷീജ ചോദ്യം ചെയ്തതിനെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കുടുംബ പ്രശ്‌നമായി മാറിയത്. ഇതിന്റെ പ്രതികാരത്തിലായിരുന്നു കുടുംബത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം.

വീട്ടിൽ അച്ഛൻ അമ്മയെ വെട്ടിയെന്നു പറഞ്ഞ് അഭിനവ് എത്തുകയായിരുന്നു. കുട്ടികളുടെ ദേഹത്തെ പരിക്ക് കണ്ടതോടെ ആദ്യം ചാലക്കുടി ആശുപത്രിയിലേക്കും പിന്നിട് അപ്പോളോയിലേക്കും മാറ്റി. അഭിനവ് നൽകിയ സൂചനപ്രകാരം ഇവർ താമസിക്കുന്ന വീട്ടിലേക്ക് നാട്ടുകാരും ബന്ധുക്കളുമെത്തുമ്പോൾ ഷീജ ചോരവാർന്നൊലിച്ച് മരിച്ചനിലയിലായിരുന്നു. അരികിൽ കുത്താനുപയോഗിച്ച കത്തിയും കണ്ടെത്തി. മത്സ്യക്കച്ചവടം നടത്തിയിരുന്ന ബിനു സ്ഥിരവരുമാനമില്ലാതായതോടെ പലരിൽനിന്നായി പണം കടംവാങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. പണം തിരികെനൽകാതായതോടെ കടം നൽകിയ പലരും വീട്ടിലെത്തി പരാതിപറയുന്നത് കുടുംബകലഹത്തിലേക്ക് നയിച്ചുവെന്നാണ് സൂചന.

ഭാര്യ മരിച്ചെന്ന് ഉറപ്പാക്കും വരെ ഇയാൾ ആക്രമിച്ചു. അതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് ഓടുമ്പോൾ ഭാര്യ മരിച്ചുവെന്ന് ഉറപ്പായിരുന്നു. പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ബിനുവിനു വേണ്ടി തിരച്ചിൽ നടത്തിയപ്പോഴാണു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും സംസ്‌കാരം ഇന്നു 10നു ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ. അഭിനവിന്റെയും അനുഗ്രഹയുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ പറഞ്ഞു.

മരിച്ച ഷീജയുടെ കഴുത്തിൽ അഞ്ച് മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ മക്കൾ അഭിനവ് , അനുഗ്രഹ എന്നിവർ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾക്ക് കഴുത്തിലും മറ്റൊരാൾക്ക് കൈയ്ക്കുമാണ് കുത്തേറ്റിട്ടുള്ളത്. ഇരുവരുടെയും ശസ്ത്രക്രിയകൾ പൂർത്തിയാക്കി അതിതീവ്രപരിചണവിഭാഗത്തിൽ ചികിത്സയിലാണെന്ന് അപ്പോളോ ആശുപത്രിയധികൃതർ അറിയിച്ചു.