മലപ്പുറം: ബംഗളൂരുവിൽനിന്നും കടത്തിക്കൊണ്ടുവന്ന അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം കോട്ടക്കൽ പൊലീസിന്റെ പിടിയിൽ.

പിടികൂടിയത് അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എ. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്നും വിൽപ്പന നടത്താനായി മലപ്പുറത്തെത്തിച്ച സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) , സ്റ്റാംപുകൾ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകൾ അവിടെയുള്ള തദ്ദേശീയരായ ഏജന്റുമാർ മുഖേന വ്യാപകമായി മലപ്പുറം ജില്ലയിൽ എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തിൽ വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചു മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി. അബ്ദുൽ ബഷീർ , കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ എം.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീ ക്ഷണത്തിനൊടുവിലാണ് വിൽപനയ്ക്കായെത്തിച്ച 50 ഗ്രാം എംഡിഎംഎ യുമായി പ്രതികളെ പിടികൂടിയത്. ബാംഗ്ലൂർ പോയി രഹസ്യ കേന്ദ്രങ്ങളിൽ ദിവസങ്ങളോളം തങ്ങി അവിടെയുള്ള ഏജന്റുമാർ മുഖേനയാണ് മൊത്തവിൽപ്പനക്കാരിൽ നിന്ന് വിലപറഞ്ഞുറപ്പിച്ച് വാങ്ങുന്ന ഇത്തരം മയക്കുമരുന്ന് പ്രത്യേക കാരിയർമാർ മുഖേന കേരളത്തിലെത്തിക്കുന്നത്.

പാർസലുകളിലും വെഹിക്കിൾ പാർട്സ്,കളിപ്പാട്ടങ്ങൾ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കിയ ഗ്രാമിന് പതിനായിരം രൂപ മുതൽ വിലയിട്ടാണ് ചെറുകിട വിൽപ്പനക്കാർ വിൽപ്പനനടത്തുന്നത്. ഒരു തവണ ഉപയോഗിച്ചാൽ പോലും അഡിക്ടാവുന്ന അതിമാരകമായ മയക്കുമരുന്നായ എംഡിഎംഎ. മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളേയാണ്. ആറുമാസത്തോളം തുടർച്ചയായി ഉപയോഗിച്ചാൽ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങൾ പറയുന്നു.

യുവാക്കളെ ലക്ഷ്യം വച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കടത്തുന്ന ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് പറഞ്ഞു. എസ്‌ഐ.മാരായ എസ.കെ.പ്രിയൻ ഗിരീഷ്, എസ്.സി.പി.ഒ: വിശ്വനാഥൻ, സി.പി.ഒമാരായ പി.രതീഷ് , വി.പി. രതീഷ് എന്നിവരും ജില്ലാ ആന്റിനർക്കോട്ടിക് സ്‌കോഡ് അംഗങ്ങളായ ഐ.കെ. ദിനേഷ്, ആർ. ഷഹേഷ്, കെ.കെ. ജസീർ,പി. സലീം, സിറാജ്ജുദ്ധീൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തിരൂർ താലൂക്ക് തഹസിൽദാർ ഷീജ യുടെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കും