- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുമ്പിൽ കൊണ്ടിട്ടത് താലിബാൻ സ്റ്റൈലിൽ; പൊലീസ് 75-ാം നാൾ കുറ്റപത്രം കൊടുത്തതോടെ ജാമ്യം ലഭിക്കൽ അസാധ്യമായി; ഭാര്യയെ കണ്ടപ്പോൾ ഭർത്താവ് പറഞ്ഞതും പുറത്തിറങ്ങണമെന്ന ആഗ്രഹം; ജയിൽ അധികാരികളുടെ വീഴ്ചയിൽ പുലർച്ചെ ജയിൽചാട്ടം; ഇത് ഉദ്യോഗസ്ഥ വീഴ്ച; കോട്ടയത്ത് ചാടിപ്പോയതുകൊലക്കേസ് പ്രതി
കോട്ടയം: കോട്ടയത്തുകൊലക്കേസ് പ്രതി ജയിൽചാടി. യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോനാണ് കോട്ടയം സബ് ജയിലിൽനിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇയാൾക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. അതീവ സുരക്ഷ മേഖലയിലാണ് ജയിലുള്ളത്. അതുകൊണ്ട് തന്നെ വലിയ വീഴ്ചയാണ് ജയിൽ അധികൃതർക്കുണ്ടായതെന്നാണ് വിലയിരുത്തൽ.
കോട്ടയത്ത് ഷാൻബാബു എന്നയാളെ കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്റ്റേഷൻ വളപ്പിൽ കൊണ്ടിട്ട കേസിലാണ് മീനടം സ്വദേശിയായ ബിനുമോൻ റിമാൻഡിലായത്. കൊല്ലപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവറായിരുന്നു ഇയാൾ. അതിന് അപ്പുറത്തേക്ക് കുറ്റാരോപണമൊന്നും ബിനുമോനെതിരെ ഉണ്ടായിരുന്നില്ല. ജയിലിലും നല്ല പുള്ളിയായിരുന്നു ഇയാൾ. അതുകൊണ്ട് തന്നെ ആവശ്യത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇതാണ് ദുരുപയോഗം ചെയ്തത്. മറ്റു കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്തതിനാലും ജയിലിൽ ശാന്തസ്വഭാവക്കാരനായതിനാലും ഇയാൾക്ക് ജയിലിലെ അടുക്കളയിലാണ് ജോലി നൽകിയിരുന്നത്. ശനിയാഴ്ച പുലർച്ചെ അടുക്കളയിൽ ജോലിക്കെത്തിയ ബിനുമോൻ, അടുക്കളയുടെ പിറകുവശത്ത് മതിലിനോട് ചാരിവെച്ചിരുന്ന പലക ഉപയോഗിച്ച് മതിൽ ചാടിയെന്നാണ് കരുതുന്നത്. പുലർച്ചെ അഞ്ചരയോടെയാണ് ജയിൽ ചാട്ടം. സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ അധികൃതർ 5.45-ഓടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
ജയിലിൽനിന്ന് രക്ഷപ്പെട്ട പ്രതി നഗരംവിട്ട് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ബിനുമോനെ സന്ദർശിക്കാനായി ഭാര്യ ജയിലിൽ എത്തിയിരുന്നു. എത്രയുംപെട്ടെന്ന് തനിക്ക് ജയിലിൽനിന്ന് പുറത്തിറങ്ങണമെന്ന് ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് ബിനുമോന്റെ നാടായ മീനടം കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. യുവാവ് ജയിൽ ചാടിയത് ജില്ലാ ജയിൽ അധികൃതരുടെ വീഴ്ചയാണെന്നാണ് സൂചന. മുട്ടമ്പലം ഉറുമ്പനത്ത് ഷാനിനെ(19) കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ജയിൽ ചാടിയത്. കേസിൽ കൃത്യമായ അന്വേഷണം നടത്തിയ പൊലീസ് സംഘം 180 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതി ജയിലിൽ തന്നെ കഴിയുകയായിരുന്നു.
2022 ജനുവരി 17 നായിരുന്നു കേസിനാസപ്ദമായ സംഭവം. മുട്ടമ്പലം സ്വദേശിയായ ഷാനെ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലിടുകയായിരുന്നു. ഈ കേസിൽ അഞ്ചാം പ്രതിയായിരുന്നു മീനടം പി.ഒ കോട്ടയം മോളയിൽ ബിനുമോൻ ജെ. ബിനുമോന്റെ ഓട്ടോറിക്ഷയിലാണ് ഷാനെ കൊലപ്പെടുത്തിയ ശേഷം റോഡരികിൽ കൊണ്ടു തള്ളിയതെന്നായിരുന്നു കേസ്. കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ച് 75 ആം ദിവസം തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് പ്രതി ജയിലിൽ കഴിയുകയായിരുന്നു. അഞ്ചാം പ്രതിയായ ബിനു മോൻ നിരവധി തവണ ജാമ്യാപേക്ഷ നൽകിയിരുന്നു. പ്രതികൾക്ക് എതിരെ കൃത്യമായ തെളിവ് ശേഖരിക്കുകയും കൃത്യസമയത്ത് തന്നെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാലാണ് പ്രതികൾക്കാർക്കും ജാമ്യം ലഭിക്കാതിരുന്നത്.
രാത്രി സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഷാൻ ബാബുവിനെ ഗുണ്ടാനേതാവ് തട്ടിക്കൊണ്ടുപോയതുകൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. ഷാനിന്റെ മൃതദേഹം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ തോളിൽ ചുമന്ന് കൊണ്ടിട്ട ജോമോൻ ജോസഫ്, ഓട്ടോറിക്ഷാ ഡ്രൈവർ മീനടം മലയിൽ ബിനു എന്നിവരുടെ അറസ്റ്റാണ് ആദ്യം രേഖപ്പെടുത്തിയത്. രണ്ടാം പ്രതി മണർകാട് ചിറയിൽ പുൽച്ചാടിയെന്ന ലുധീഷ്, മൂന്നാം പ്രതി അരീപ്പറമ്പ് കുന്നംപള്ളി സുധീഷ്, വെള്ളൂർ നെടുംകാലായിൽ കിരൺ എന്നിവര് പിന്നീടും.
23 കേസുകളിൽ പ്രതിയായ ലുധീഷിനെ ഷാനിന്റെ സുഹൃത്ത് സൂര്യനെന്ന ശരത് പി.രാജ് കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തൃശൂരിലേയ്ക്ക് വിളിച്ചുവരുത്തി നഗ്നനാക്കി മർദ്ദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. മർദ്ദന വീഡിയോ പിന്നീട് ഇൻസ്റ്റഗ്രാമിൽ സൂര്യൻ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് ജോമോന്റെ അടുത്ത പരിചയക്കാരനായിരുന്ന ഷാൻ ലൈക്ക് ചെയ്തു. പിന്നീട് ഷാനും സൂര്യനും കൊടൈയ്ക്കനാലിലേയ്ക്ക് ടൂറും പോയിരുന്നു. ഈ ചിത്രവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
ബിനുവിന്റെ ഓട്ടോറിക്ഷയിൽ സൂര്യനെ തിരഞ്ഞെത്തിയ സംഘം ഷാനിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സൂര്യന്റെ താവളമറിയാനായി ജോമോന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന മാങ്ങാനം ആനത്താനം ഭാഗത്തെ ചതുപ്പിലേയ്ക്ക് കൊണ്ടുപോയി മർദ്ദിച്ചു. ഷാനിനെ നഗ്നനാക്കിയ ശേഷം കാപ്പിവടി ഉപയോഗിച്ചും കൈകൊണ്ടും പ്രതികൾ മാറി മാറി മർദ്ദിച്ചു. കണ്ണ് കുത്തിപ്പൊട്ടിച്ചു. ഇവിടെ ഇരുന്ന് പ്രതികൾ മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തു. പുലർച്ചയോടെ ഓട്ടോറിക്ഷയിൽ പൊലീസ് ക്ളബിന് സമീപമെത്തിയ ശേഷം ജോമോൻ ഒറ്റയ്ക്ക് ഷാനിനെ തോളിലേറ്റി സ്റ്റേഷൻ മുറ്റത്ത് എത്തിക്കുകയായിരുന്നു. ഷാനിന്റെശരീരത്തിൽ 38 പരിക്കുകളുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ