- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കെഎസ് ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് കേന്ദ്ര സർക്കാർ
കൊച്ചി: മാസപ്പടി കേസിൽ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് കേന്ദ്രസർക്കാർ. എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലെ ഇടപാടിൽ വിശദീകരണം നൽകണമെന്ന ആർഒസി നോട്ടീസ് കെഎസ്ഐഡിസി അവഗണിച്ചു,
ഷോൺ ജോർജിന്റെ പരാതിയിൽ കെ എസ് ഐഡിസിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകിയില്ല. ഇക്കാര്യം കോർപറേറ്റ് കാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സമയ പരിധി കഴിഞ്ഞ ശേഷം കെഎസ്ഐഡിസിയുടെ ഇ മെയിൽ കിട്ടി. എന്നാൽ ആരോപണങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല. ആർഒസിയുടെ കത്ത് കിട്ടി എന്നതിന്റെ ഔദ്യോഗിക മറുപടി മാത്രമായിരുന്നു അത്. അതിന് അപ്പുറത്തേക്ക് ചോദ്യങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല.
ആരോപണങ്ങളിൽ സ്വയം പ്രതിരോധിക്കാൻ പോലും കെഎസ്ഐഡിസി ശ്രമിച്ചില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. കെഎസ്ഐഡിസിയുടെ നിശബ്ദത ഒരുപാട് ദുരൂഹതകൾ ഉണർത്തുന്നതെന്ന് ആർഒസിയും വിലയിരുത്തി. കെ എസ് ഐ ഡി സിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കെഎസ് ഐഡിസിയുടെ പ്രതിനിധി ഡയറക്ടർ ബോർഡിൽ ഉണ്ടെന്ന് സിഎംആർ എല്ലും അറിയിച്ചിരുന്നു.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാരിനായി ആർ ഒ സിയുടെ മറുപടി.
അന്വേഷണത്തിൽ പൊതുതാൽപര്യം ഇല്ലെന്ന കെ എസ് ഐ ഡി സി വാദം നിലനിൽക്കില്ല.സി എം ആർ എൽ കമ്പനിയിലെ രണ്ടാമത്തെ ഷെയർ ഹോൾഡറാണ് കെ എസ് ഐ ഡിസി. അതു പൊതുമേഖലാ സ്ഥാപനമായതുകൊണ്ടുതന്നെ പൊതുതാൽപര്യം ഉണ്ട് , ഇക്കാര്യം പരാതിക്കാരനായ ഷോൺ ജോർജ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു,
മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എസ്എഫ്ഐഒ അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് ഇന്ന് വീണ്ടും കോടതി ആരാഞ്ഞു. കെഎസ്ഐഡിസിക്ക് സിഎംആർഎല്ലിൽ നാമനിർദ്ദേശം ചെയ്ത ഡയറക്ടർ ഇല്ലേ എന്നും കോടതി ചോദിച്ചു. കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്നും കെഎസ്ഐഡിസി ഉദ്ദേശ ശുദ്ധി വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണം നടക്കുന്നത് കെഎസ്ഐഡിസിക്കും നല്ലതല്ലെയെന്ന് കോടതി ചോദിച്ചു.
സത്യം കമ്പ്യൂട്ടേഴ്സ് കേസിൽ സ്വതന്ത്ര ഡയറക്ടർമാരുൾപ്പെട്ട കമ്പനിയിലേക്കും അന്വേഷണം നീണ്ടു എന്നും കോടതി നിരീക്ഷിച്ചു. സിആർഎല്ലിനും മറ്റുള്ളവർക്കുമെതിരായ അന്വേഷണത്തെ എതിർക്കുന്നില്ലെന്ന് കെഎസ്ഐഡിസി കോടതിയെ അറിയിച്ചു. വിശദീകരണത്തിനായി കെഎസ്ഐഡിസി സാവകാശം തേടി. എക്സാലോജിക് സിഎംആർഎൽ ഇടപാടിൽ ആരോപണങ്ങൾ ഉയർന്ന സമയത്ത് തന്നെ സിഎംആർഎല്ലിനോട് തങ്ങൾ വീശദീകരണം തേടിയിരുന്നു. വിശദീകരണം നൽകാൻ സിഎംആർഎൽ തയ്യാറായില്ലെന്ന് കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണം സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സൽപ്പേരിന് കളങ്കം വരുത്തുമെന്നും സിഎംആർഎല്ലിന്റെ ദൈനംദിന ഇടപാടുകളിൽ ബന്ധമില്ലെന്നും കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയിൽ പൊതുപണമാണുള്ളതെന്നും സ്ഥാപനത്തിൽ എന്തെങ്കിലും രീതിയിലുള്ള കുറ്റകരമായ പ്രവൃത്തികൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷണത്തിലെ വ്യക്തമാകൂവെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കെഎസ്ഐഡിസി നടപടി നേരിടണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ജനങ്ങൾക്ക് മുന്നിലുള്ള വിശ്വാസ്യത നഷ്ടപ്പെടില്ല. മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട യഥാർഥ രേഖകൾ സി.എം.ആർ.എൽ സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി 26 ലേക്ക് മാറ്റി.