- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അരുൺ പ്രസാദും സംഘവും പൊതുമേഖലാ സ്ഥാപനത്തിൽ; വീണാ വിജയനെ ലക്ഷ്യമിട്ട് നീക്കം
തിരുവനന്തപുരം: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റീഗേഷൻ ടീം കെ എസ് ഐ ഡി സിയുടെ ഓഫീസിൽ. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദാണ് റെയ്ഡിന് എത്തിയത് സിഎംആർഎല്ലിലെ റെയ്ഡ് പൂർത്തിയാക്കിയാണ് കെ എസ് ഐ ഡി സിയിൽ എത്തുന്നത്. താമസിയാതെ തന്നെ എക്‌സാലോജികിലേക്കും അന്വേഷണം എത്തും. വീണാ വിജയനെ ചോദ്യം ചെയ്യും. അറസ്റ്റിലേക്ക് കടക്കേണ്ട സാഹചര്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കെ എസ് ഐ ഡി സി നൽകുന്ന മറുപടി അതിനിർണ്ണായകമാകും. നാല് ഉദ്യോഗസ്ഥരാണ് കെ എസ് ഐ ഡി സിയിൽ എത്തുന്നത്. ഇതോടെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം സംസ്ഥാന സർക്കാർ സ്ഥാപനത്തിലേക്ക് എത്തുകയാണ്. പൊതുമേഖലാ സ്ഥാപനത്തിലെ പരിശോധനകൾ അതിനിർണ്ണായകമാകും.
കെ എസ് ഐ ഡി സിയും സി എം ആർ എല്ലും തമ്മിലെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. സിഎംആർഎല്ലിൽ കെ എസ് ഐ ഡി സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. മുഴുവൻ സമയ ഡയറക്ടറുമുണ്ട്. അതുകൊണ്ട് തന്നെ വീണാ വിജയന്റെ കമ്പനിക്ക് നൽകിയ പണം സർക്കാർ സംവിധാനത്തെ സ്വാധീനിക്കാനാണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് കെ എസ് ഐ ഡി സിയിൽ സംഘമെത്തുന്നത്. സ്വകാര്യ കാറിലാണ് സംഘം കെ എസ് ഐ ഡി സിയിൽ എത്തിയത്. പതിയെ കാറിൽ നിന്നിറങ്ങി ഉദ്യോഗസ്ഥർ കെ എസ് ഐ ഡി സിയിലേക്ക് നടന്നു കയറി. ഇതോടെ മാസപ്പടിയിലെ അന്വേഷണം പുതിയ തലത്തിലെത്തി. കരിമണൽ കർത്തയുടെ നിയന്ത്രണത്തിലുള്ള സിഎംആർഎല്ലിൽ രണ്ടു ദിവസം റെയ്ഡ് നടത്തി. ജീവനക്കാരുടെ മൊഴിയും എടുത്തു. ഈ സാഹചര്യത്തിലാണ് കെ എസ് ഐ ഡി സിയിലെ അന്വേഷണം. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്.
മാസപ്പടി ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തുടങ്ങിയത് തിങ്കളാഴ്ചയാണ്. ആദ്യ രണ്ടുദിവസം എക്സാലോജിക് കമ്പനിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ ആലുവയിലുള്ള കോർപറേറ്റ് ഓഫിസിലെ റെയ്ഡ് നടന്നത്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന റെയ്ഡിൽ ഇ ഡി സംഘവും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സംഘം പരിശോധിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് എസ്എഫ്ഐഒ അന്വേഷണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എട്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
സി.എം.ആർ.എൽ. ഓഫീസിൽ നടത്തിയ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം കണ്ടെത്തിയത് നിർണ്ണായക തെളിവുകളാണ്. കരിമണൽ സംസ്‌കരണ കമ്പനിയായ സിഎംആർഎലിന്റെ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) അറ്റാദായവും കമ്പനിയുടെ ആസ്തിയും തമ്മിൽ വലിയ അന്തരം കണ്ടെത്തി. പ്രാഥമിക തെളിവെടുപ്പിലാണിതു വ്യക്തമായത്. കരിമണൽ ഖനനത്തിനും സിന്തറ്റിക് റൂട്ടൈൽ നിർമ്മാണത്തിനും ഒത്താശ ലഭിക്കാൻ രാഷ്ട്രീയട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടിരൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണം.
ആദായനികുതി വകുപ്പിനു സിഎംആർഎൽ സമർപ്പിച്ച കണക്കു പ്രകാരം 2016 മുതൽ 2023 വരെ കമ്പനി നേടിയ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പും പരിശോധനയുമാണു നടത്തുന്നത്. 2023 മാർച്ച് 31നു കമ്പനിയുടെ പ്രഖ്യാപിത അറ്റാദായം 73 കോടി രൂപ മാത്രമാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കമ്പനിയുടെ യഥാർഥ ലാഭം ഇതിലുമേറെയാണ്. യഥാർഥ ലാഭത്തിന്റെ നാലിലൊന്നു പോലും കമ്പനിയുടെ ആസ്തിയായി മാറിയില്ലെന്നും കണ്ടെത്തി. ഈ പണം എന്തു ചെയ്തു, ആർക്കു നൽകി എന്നാണ് എസ്എഫ്ഐഒ കണ്ടെത്താൻ ശ്രമിക്കുന്നത്. വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്. 73 കോടി രൂപ അറ്റാദായമുള്ള കമ്പനിക്കു 135 കോടി രൂപ പലർക്കായി നൽകാൻ കഴിയില്ലെന്ന പ്രാഥമിക നിഗമനത്തിലാണു അന്വേഷണ സംഘം. കമ്പനിയുടെ യഥാർഥ വരുമാനം എത്രയെന്നു കണ്ടെത്തിയാൽ മാത്രമേ ഏതെല്ലാം ഷെൽകമ്പനികളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നു കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതിനുള്ള ഫൊറൻസിക് ഓഡിറ്റിങ് എസ്എഫ്ഐഒ ഉടൻ ആരംഭിക്കും. ഇത് അതിനിർണ്ണായകമായി മാറും. വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം വഴിതുറക്കുക ഇ.ഡി. അന്വേഷണ സാധ്യതകളിലേക്ക് എത്തിക്കയാണ് ലക്ഷ്യം.
വലിയരീതിയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തിയാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഫയൽചെയ്യുന്ന പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാകും ഇ.ഡി. കേസെടുക്കുക. ഇതിനൊപ്പം സിബിഐയും വരും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ഉദ്യോഗസ്ഥർ ഇന്നലെ എറണാകുളത്തെ ആദായനികുതി വകുപ്പ് ആസ്ഥാനം സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചിരുന്നു സിഎംആർഎൽ കമ്പനി കാലാകാലങ്ങളായി സമർപ്പിക്കുന്ന ആദായനികുതി രേഖകളാണ് പരിശോധിച്ചത്. ഇന്ത്യൻ കോർപറേറ്റ് ലോ സർവീസിലെ ഉദ്യോഗസ്ഥരാണ് എസ്എഫ്ഐഒ സംഘത്തിലുള്ളത്. എക്സാലോജിക് മാത്രമല്ല, സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്ഐഒ അന്വേഷണത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മകൾ കമ്പനി തുടങ്ങിയത് അമ്മ നൽകിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ നിയമസഭയിൽ പ്രസ്താവിച്ചിരുന്നു.